ഡോ. മാര്ട്ടിന് എന്‍. ആന്റണി ഒ. ഡി എം ഒ
‘ജര്‍മന്‍ തിരഞ്ഞെടുപ്പില്‍ എഎഫ്ഡിയ്ക്ക് ഇലോണ്‍ മസ്കിന്റെ പിന്തുണ’. ഡിസംബര്‍ 30ലെ വാര്‍ത്തയാണിത്. അപ്പോള്‍ ചോദിക്കാം എന്താണ് എഎഫ്ഡി എന്ന്. 2013 ല്‍ ജര്‍മ്മനിയില്‍ ഉദയംകൊണ്ട ഒരു തീവ്രവലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയാണത്. Alternative Fur Deutschland. ഒരു നിയോ-നാസി പാര്‍ട്ടി. ജര്‍മ്മനിയില്‍ കൃത്യമായ ഒരു ‘കസ്റ്റംസ് ക്ലിയര്സിന്റെ’ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുന്ന പാര്‍ട്ടി. ഇസ്ലാമിക മാട്രിക്സിനെ മാത്രമല്ല സകല പ്രവാസികളെ പോലും പുറത്താക്കണമെന്ന് കരുതുന്ന പാര്‍ട്ടി. കാരണം, അവര്‍ ജര്മ്മനികളല്ല, ജര്മന്കാരെപോലെ ചിന്തിക്കുന്നുമില്ല എന്നാണ് എഎഫ്ഡി യുടെ വാദം (എങ്കിലും പാടത്തെ പണിക്കും അടുക്കളഭാഗത്തെ അഴുക്കിലും പ്രായമായവരുടെ കക്കൂസുകളിലും പ്രവാസികളെ അവര്‍ക്ക് വേണം. പൗരന്മാരായിട്ടല്ല, അടിമകളായിട്ടാണ് അവരെ അവര്‍ക്ക് വേണ്ടത്)
നവ-നാസി പാര്‍ട്ടിക്ക് മാത്രമേ ജര്‍മ്മനിയെ രക്ഷിക്കാന്‍ കഴിയൂ എന്നാണ് എലോണ്‍ മസ്ക് പ്രസ്താവിക്കുന്നത്. ജര്‍മനിയിലെ മാഗ്ഡെബര്‍ഗിലെ ക്രിസ്തുമസ് ചന്തയിലേക്ക് ഒരു ഭ്രാന്തന് കാര്‍ ഓടിച്ചു കയറ്റി അഞ്ചുപേരെ കൊല്ലുകയും ഇരുന്നൂറിലധികം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മസ്ക് പ്രസ്തുത പ്രസ്താവന ഇറക്കിയത്. അല്‍ അബ്ദുല്‍ മൊഹ്സന്‍ എന്നാണ് ആ ഭ്രാന്തന്റെ പേര്. ഒരു സൗദി പൗരന്. നിരീശ്വരവാദി. എന്തിന് ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്തു എന്ന ചോദ്യത്തിന് അയാള്‍ പറഞ്ഞത് ജര്‍മ്മനി തങ്ങളുടെ ശത്രുക്കളായ മുസ്ലിങ്ങളെ വേണ്ടത്ര വെറുക്കാത്തതിനാല് ജര്മ്മന്ക്കാരെ കൊന്നതാണത്രേ! എന്തു വൈരുദ്ധ്യമാണിത്. അര്‍ത്ഥശൂന്യവും ദാരുണവും യുക്തിരഹിതവുമാണ് ഈ ക്രൂരത. ആഴത്തില്‍ വിചിന്തനം ചെയ്യേണ്ട ഒരു സംഭവമാണത്. പക്ഷേ മസ്കിനെ പോലെയുള്ള കോര്‍പ്പറേറ്റുകള്‍ അതിനുള്ളിലും രാഷ്ട്രീയവും കച്ചവടസാധ്യതയും തേടുകയാണ്.
തീവ്ര വലതുപക്ഷത്തിലേക്ക് തിരിയുന്ന ആഗോള രാഷ്ട്രീയത്തിന്റെ കോര്‍പ്പറേറ്റ് മുഖമാണ് എലോണ്‍ മസ്ക് എന്ന കോടീശ്വരന്. അദാനി പോലുള്ള കോടീശ്വരന്മാരാല് നിയന്ത്രിക്കപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയവും ഇതില്‍ നിന്നു വ്യത്യസ്തമാണെന്ന് ഈയുള്ളവന് കരുതുന്നില്ല.
അല്‍ അബ്ദുല്‍ മൊഹ്സന്‍ എന്ന ആ സൗദി പൗരന് വെറുപ്പ് ഭക്ഷിച്ച ഒരു ഭ്രാന്തന് മാത്രമല്ല, രോഗബാധിതമായ ഒരു സമൂഹത്തിന്റെ അടയാളം കൂടിയാണ്.
വ്യക്തികളെ മാത്രമല്ല, സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന ചില രോഗങ്ങളുണ്ട്. പടര്‍ന്നുപിടിക്കുന്ന സഹജ വിദ്വേഷമാണ് ആ മാരകരോഗം.
വൈരുദ്ധ്യാത്മകവും യുക്തിരഹിതവുമായ നിലപാടുകള്‍ മാത്രമേ അത് സൃഷ്ടിക്കു. അങ്ങനെയുള്ള നിലപാടുകള്‍ വ്യക്തിപരമാണെന്ന് ചിന്തിക്കരുത്. അതിന് സ്വകാര്യമേഖലയില്‍ നിന്നും പൊതുമേഖലയിലേക്ക് പടര്‍ന്നു കയറാന്‍ അധികം നാളുകള്‍ വേണ്ട. വെറുപ്പിന്റെ പ്രത്യയശാസ്ത്രം രാഷ്ട്രീയമായാല്‍ അത് സൃഷ്ടിക്കാന്‍ പോകുന്നത് മറ്റൊരു ഓഷ്വിറ്റ്സും ദക്കാവും ആയിരിക്കും. എലോണ്‍ മസ്കും എഎഫ്ഡി യും ഒറ്റപ്പെട്ട കേസുകളല്ല. ഭാരതമണ്ണിലും നിറയുന്നത് അതേ മനോഭാവങ്ങള്‍ തന്നെയാണ്. സഹാനുഭൂതിയില്ലാത്ത നയത്താല്‍ ന്യൂനപക്ഷത്തെയും ദരിദ്രവര്ഗ്ഗത്തെയും അദൃശ്യമായ ഓഷ്വിറ്റ്സിലേക്കും ദക്കാവിലേക്കും തള്ളിവിടുകയാണ് ചിലര്‍.
കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിച്ചുകൊണ്ട് കര്‍ഷകരുടെ മേല്‍ പോലീസ് ലാത്തിയും നിഷ്കളങ്കരുടെ ഉള്ളില്‍ വെറുപ്പിന്റെ വിത്തുകള്‍ വിതയ്ക്കുകയും മാത്രമാണ് അവര്‍ ചെയ്യുന്നത്. വയനാട്ടിലെ ദുരന്തത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും വെറുക്കപ്പെടേണ്ടവരായിരുന്നുവെന്ന ഏക കാരണത്താലായിരിക്കണം കേന്ദ്രത്തില്‍ നിന്നും വരേണ്ട കൈത്താങ്ങിന് നീളം ഇല്ലാത്തത്. ഞങ്ങളുടെതല്ലാതെ ഒരു മതവും ആഘോഷിക്കപ്പെടരുതെന്ന ചിന്തയുണ്ടായതുകൊണ്ടായിരിക്കണം ആരൊക്കെയോ സ്കൂളിലെ കുട്ടികളുടെയും പാലയൂര്‍ പള്ളിയിലെയും ക്രിസ്തുമസ് ആഘോഷം അലങ്കോലമാക്കാന്‍ ശ്രമിച്ചത്. കേരളാസ്റ്റോറിയിലൂടെയും മതസംരക്ഷണ കൂട്ടായ്മയെന്ന പ്രതീതി പകരുന്ന രീതിയില്‍ ചില സംഘങ്ങളെ വളര്ത്തിയതിലൂടെയും പല രാഷ്ട്രീയ പാര്‍ട്ടികളും മലയാളമണ്ണില്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കുന്നത് വെറുപ്പിന്റെ കള്ളിമുള്ചെടികള് മാത്രമാണ്. നീതിക്കുവേണ്ടിയുള്ള സമരമായി മുനമ്പം വിഷയത്തെ കാണേണ്ടതിനുപകരം വെറുപ്പിന്റെ കരുക്കള്‍ കൊണ്ട് കളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതും നമ്മുടെയിടയിലേക്കും പടര്‍ന്നുപിടിക്കുന്ന ആ മാരകരോഗത്തിന്റെ ലക്ഷണം തന്നെയാണ്.
വെറുപ്പിനെ പുണരുന്ന രാഷ്ട്രീയം അതിന്റെതന്നെ നാശത്തെ ആഗിരണം ചെയ്യുന്നതിനു തുല്യമാണ്. യുക്തിരാഹിത്യത്തിലേക്കാണ് അത് വളരുന്നത്. പുറമേ മാത്രമേ അങ്ങനെയുള്ള രാഷ്ട്രീയം ഒരു പരിഹാരമാകൂ. യഥാര്‍ത്ഥത്തില്‍ ആ രാഷ്ട്രീയം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ. വെറുപ്പിന് നിയമസാധുത പകര്‍ന്നുകൊടുത്ത്, അതിനെ ജനാധിപത്യ നടപടിക്രമങ്ങള്‍ക്ക് പിന്നില്‍ ഒളിപ്പിച്ചിട്ട്, ‘ഇതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്’ എന്നു പറഞ്ഞുകൊണ്ട് അസഹിഷ്ണുതയെ ആഘോഷമാക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയത്തില്‍ നിന്നും ഭരണപരമായ ക്രൂരതയല്ലാതെ മറ്റൊന്നും വരികയില്ല എന്നും നമ്മള് തിരിച്ചറിയണം.
നുണകള്‍ക്ക് സത്യത്തേക്കാള്‍ വേഗമുണ്ട്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയുടെ ഈ കാലഘട്ടത്തില്‍. സത്യത്തിനായി കാത്തിരിക്കാന്‍ നമുക്ക് സാധിക്കണം. സംശയങ്ങള്‍ക്കും ചിന്തകള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ആര്‍ജ്ജവുമുള്ള ഒരു സമൂഹത്തെയാണ് ഇനി നമുക്ക് വേണ്ടത്. വെറുപ്പിന്റെ കെണിയില്‍ വീഴരുത് നമ്മള്. നീതിക്കു വേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങളിലും നിലനില്‍പ്പിന്റെ ധര്‍മ്മസങ്കടത്തിനു മുന്നിലും മനസ്സാക്ഷിയുടെ ചാഞ്ചല്യത്തിനു മുന്നിലും വെറുപ്പിന് ഒരവസരം കൊടുക്കരുത്. വിദ്വേഷവുമായി കൂട്ടുകൂടുന്ന ചില ആശയങ്ങളെ, മുദ്രാവാക്യങ്ങളെ, പ്രവര്‍ത്തനങ്ങളെ, സംഘടനകളെ പരസ്യമായി എതിര്‍ക്കാനുള്ള ആര്‍ജ്ജവവും ധൈര്യവും നമുക്കുണ്ടാകണം. വെറുപ്പിനെ അപലപിക്കുന്നത് കാലഹരണപ്പെട്ടതും പരിഹാസ്യവും ഉപയോഗശൂന്യവുമാണെന്നും കരുതരുത്. ‘പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’. പറയുന്നത് പൗലോസപ്പോസ്തലനാണ്. സ്നേഹത്തെക്കുറിച്ച് ഏറ്റവും മനോഹരമായ ഗീതം രചിച്ചയാള്‍. സന്ദേശം ഇതാണ്; ചുറ്റിനും വളര്‍ന്നു വരുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളാണെങ്കില് പോലും അവയെ അംഗീകരിക്കാതെയും നീതിക്കുവേണ്ടി പോരാടാവുന്നതാണ്. ‘കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു’ (റോമാ 5:5).