തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി സ്ഥാപിക്കാൻ സംഘടിത ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിനെ മതാചാര്യനെന്ന് വിശേഷിപ്പിക്കുന്നത് ഗുരുനിന്ദയാണ്.
സനാതന ധർമത്തിന്റെ വക്താവായിരുന്നില്ല ഗുരുവെന്നും എന്നാൽ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി ഗുരുവിനെ മാറ്റാൻ ചിലർ ശ്രമിക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞുതുടങ്ങിയത്. അത്തരമൊരു മനുഷ്യനെ സനാതനധർമത്തിന്റെ അടയാളമാക്കി മാറ്റാൻ ശ്രമിക്കുന്നതുതന്നെ ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ് എന്നും സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി വിമർശിച്ചു.
സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീനാരായണ ഗുരുവിനെ കേവലം ഒരു മതനേതാവായോ മത സന്യാസിയായോ കുറച്ചു കാണിക്കാനുള്ള സ്രമങ്ങളെ തിരിച്ചറിയണം. നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി ഗുരുവിനെ തളച്ചിടുന്ത് ശരിയാണോ എന്ന് ചിന്തിക്കണം. ഗുരു എന്തിനൊക്കെ വേണ്ടി നില കൊണ്ടോ, അതിനൊക്കെ എതിരായ പക്ഷത്തേക്ക് ഗുരുവിനെ തട്ടിയെടുത്ത് കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർത്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.