കോഴിക്കോട് :നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയിൽ തുടര്ന്നുവരുന്ന പാരമ്പര്യമനുസരിച്ച് 2025 ജൂബിലി വർഷമായി ആചരിക്കാനുള്ള പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനപ്രകാരം, കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 29ന് തുടക്കമായി.
രൂപതയിലെ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 29ന് തുടക്കം കുറിച്ചു. മദർ ഓഫ് ഗോഡ് കത്തീഡ്രൽ ദേവാലയത്തിൽ വൈകിട്ട് 4ന് നടന്ന ശുശ്രൂഷകളിൽ കോഴിക്കോട് രൂപതാ മെത്രാൻ വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷപൂർവമായ ദിവ്യബലി അർപ്പിച്ചു
ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്ന ഭദ്രാസന ദേവാലയത്തിന്റെ വാതിലിലൂടെ രൂപതാംഗങ്ങൾ ഒരുമിച്ച് ജൂബിലി കുരിശ് വഹിച്ച് പ്രദക്ഷിണമായി അകത്തു പ്രവേശിച്ചു. ഈ ദിവ്യബലിയിൽ ആശീർവദിക്കുന്ന ജൂബിലി കുരിശ് എല്ലാ ഇടവകയിലേക്കും കൊണ്ടുവരുന്നതായിരിക്കുമെന്നും അഭിവന്ദ്യ വർഗീസ് ചക്കാലയ്ക്കൽ പിതാവ് അറിയിച്ചു.
പ്രത്യാശയുടെ നവസന്ദേശം പേറി സിനഡാത്മക സഭയെ ഓർമിപ്പിച്ചുകൊണ്ട് രൂപതയിലെ എല്ലാവരും ദിവ്യബലിയിൽ പങ്കെടുത്തു. ഈ ജൂബിലി ആഘോഷം രൂപതയിലും ഇടവകകളിലും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വ്യാപ്തിയും വർധിപ്പിക്കുന്നതിന് സഹായിക്കട്ടെയെന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 25 വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ വാതിൽ ഫ്രാൻസിസ് മാർപാപ്പ ഡിസംബർ 24ന് തുറന്നതോടെയാണ് ലോകമെങ്ങും ജൂബിലി വർഷത്തിന് തുടക്കമായത്. ഈ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് എല്ലാ രൂപതകളും പ്രത്യേകമായി ആഘോഷം സംഘടിപ്പിച്ചത്. രൂപതയിലെ എല്ലാ ഇടവകകളിൽനിന്നും വികാരിയുടെ നേതൃത്വത്തിൽ എല്ലാവരും ദിവ്യബലിയിൽ പങ്കെടുത്തു.
രൂപതാ തല ഉദ്ഘാടനത്തിനു ശേഷം ഇനി ജനുവരി 5ന് വികാരിയച്ചന്റെയും പാരിഷ് പാസ്റ്ററൽ കൗൺസിലിന്റെയും അജപാലന ശുശ്രൂഷാ സമിതിയുടെയും നേതൃത്വത്തിൽ ഇടവകാതല ജൂബിലി ആഘോഷങ്ങൾ നടത്താൻ നിർദ്ദേശമുണ്ട്. ജനറൽ കൺവീനർ മോൺ ജെൻസൺ പുത്തൻവീട്ടിൽ
ഡോ. ജെറോം ചിങ്ങംതറ ,ഡോ. അലോഷ്യസ് കുളങ്ങര,മോൺ.വിൻസന്റ് അറയ്ക്കൽ കൺവീനഴ്സ് ,ഫാ. സജീവ് വർഗീസ്, ബിനു എഡ്വേർഡ്, ജോയ് TF, എന്നിവരുടെ നേതൃത്വത്തിൽ വൈദികരും സന്യസ്തരും അല്മായരും ഒരുമിച്ച് ചേർന്ന് ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.