ഗസ്സ: ഉത്തര ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രി റെയ്ഡ് ചെയ്ത് രോഗികളെയും ഡോക്ടർമാരെയും ജീവനക്കാരെയും ഇസ്രായേൽ സേന ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. രോഗികളെ നിർബന്ധിച്ച് ആശുപത്രിയുടെ പുറത്തേക്ക് മാറ്റിയ ശേഷം വസ്ത്രങ്ങൾ അഴിപ്പിക്കുകയുംചെയ്തു. ആശുപത്രി പൂട്ടിയ ശേഷം ലാബ് അടക്കമുള്ള മുറികൾക്ക് സൈന്യം തീയിട്ടതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയിൽ അതിശൈത്യം നേരിടുന്നതിനിടയിലാണ് രോഗികളോടുള്ള അധിനിവേശ സേനയുടെ ക്രൂരത. ചില രോഗികളെ അജ്ഞാത കേന്ദ്രങ്ങളിലേക്കും മറ്റു ചിലരെ ആക്രമണത്തിൽ തകർന്ന ഇന്തോനേഷ്യൻ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. 75 രോഗികളിൽ 25 പേരും 180 ജീവനക്കാരിൽ 60 പേരും ആശുപത്രിയിൽതന്നെ തുടരുകയാണെന്ന് മന്ത്രാലയം പറഞ്ഞു.