കോട്ടപ്പുറം: കണ്ണൂർ രൂപത സഹായമെത്രനായി അഭിഷിക്തനായ ബിഷപ്പ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരിക്ക് കോട്ടപ്പുറം രൂപതയും മാത്യ ഇടവക പള്ളിപ്പുറം മഞ്ഞു മാത ബസിലിക്കയും ചേർന്ന് സ്വീകരണം നൽകുന്നു. നാളെ വൈകീട്ട് 3.30ന് പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക കവാടത്തിൽ ബിഷപ്പിനെ എതിരേൽക്കും.
തുടർന്ന് ബിഷപ്പ് ഡോ. ഡെന്നീസിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലി. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ വചനപ്രഘോഷണം നടത്തും . കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരിയും മുഖ്യസഹകാർമ്മികരും കോട്ടപ്പുറം രൂപതയിലെ വൈദീകർ സഹകാർമ്മികരുമാകും.
വൈകീട്ട് 5.30ന് ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന അനുമോദന സമ്മേളനം കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തും. ടി.ജെ വിനോദ് എംഎൽഎ മുഖ്യാതിഥി ആയിരിക്കും.
കോട്ടപ്പുറം രൂപത ചാൻസലർ ഫാ.ഷാബു കുന്നത്തൂർ, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക റെക്ടർ റവ.ഡോ. ആന്റണി കുരിശിങ്കൽ , പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി അജയൻ, കോട്ടപ്പുറം രൂപത പ്രീസ്റ്റ് സെനറ്റ് സെക്രട്ടറി ഫാ. ജോഷി കല്ലറക്കൽ,ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം , കോട്ടപ്പുറം രൂപത പാസ്റ്ററൽ കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ജെസി ജെയിംസ് , വാർഡ് മെമ്പർ അലക്സാണ്ടർ റാൽസൻ, പള്ളിപ്പുറം ഇടവക കേന്ദ്ര സമിതി പ്രസിഡൻറ് വി.എക്സ് റോയ് വലിയവീട്ടിൽ എന്നിവർ പ്രസംഗിക്കും.കണ്ണൂർ രൂപത സഹായമെത്രാൻ ബിഷപ്പ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരി മറുപടി പ്രസംഗം നടത്തും .