കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ (91) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 10 മണിക്കാണ് അന്ത്യം. ഹൃദയത്തിൻ്റെയും വൃക്കയുടെയും പ്രവർത്തനം മന്ദഗതിയിലായതോടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നാലു മണിവരെ കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ ‘സിതാര’യിൽ പൊതുദർശനം നടക്കും. വൈകിട്ട് അഞ്ചു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കാരം നടക്കും. സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവച്ചു.
കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് ഈ മാസം 16ന് പുലർച്ചെയാണ് 91കാരനായ എംടി വാസുദേവൻ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. 20ന് ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിലായി.