രതീഷ് ഭജനമഠം
കേരള ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍ നിന്നും കലാ-സാഹിത്യ-സാംസ്കാകരിക പ്രവര്‍ത്തനരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്ന പി.ജെ. ആന്റണിയുടെ ജന്മശതാബ്ദിയാണ്. പകരക്കാരനില്ലാത്ത അനുഗ്രഹീത നടന്, നാടകകൃത്ത്, സംവിധായകന്, ഗാനരചയിതാവ്, സംഗീതം – തുടങ്ങിയ ബഹുമുഖമേഖലകളില്‍ കഴിവും പ്രാഗല്ഭ്യവും തെളിയിച്ച അദ്ദേഹം എറണാകുളം ആലുവയില്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി 1925 ജനുവരി ഒന്നിന് ജനിച്ചു. ആന്റണി, ആലുവ ലത്തീന്‍ പള്ളിയില്‍ അള്‍ത്താര ശുശ്രൂഷകനായിരുന്നു. ദേവാലയത്തിലെ ക്വയറും വിവിധ സംഘടനകളുമായി ബന്ധപ്പെട്ട നാടകവും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും ആന്റണിയിലെ കലാകാരനെ ഉണര്‍ത്തി. ആന്റണിയുടെ കുടുംബം പിന്നീട് എറണാകുളത്തെ പച്ചാളത്തിലേക്ക് മാറി താമസിച്ചു.
എറണാകുളത്തെ ഒരു വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം പൊതുനാടകപ്രവര്ത്തനങ്ങളുമായി അടുക്കുന്നത്. കലാ-സാഹിത്യമേഖലകളില്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള അദ്ദേഹം ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. കെ.പി.എ.സി. നാടകസമിതിയിലൂടെയും മറ്റും ശ്രദ്ധേയനായ അദ്ദേഹം ഞാറയ്ക്കല്‍ നാടകസമിതിക്കുവേണ്ടി സെന്റ് സേവ്യര്‍ തുടങ്ങിയ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രതിഭ തിയേറ്റേഴ്സ്, പി.ജെ. തിയേറ്റേഴ്സ് എന്നീ നാടകസമിതികള്‍ അദ്ദേഹം ആരംഭിച്ചു. കര്‍ക്കശനായ നാടക സംവിധായകനായിരുന്ന അദ്ദേഹം നടീനടന്മാര് തെറ്റുകാണിച്ചാല്‍ ശാസിക്കാന്‍ മടിച്ചിരുന്നില്ല.
തകഴി ശിവശങ്കരപ്പിള്ളയുടെ പ്രസിദ്ധ കൃതിയായ ‘രണ്ടിടങ്ങഴി’ യുടെ ചലച്ചിത്ര ആവിഷ്കരണത്തോടെ 1958-ലാണ് ആന്റണി സിനിമാ ലോകത്ത് എത്തിയത്. നാടകത്തില്‍ എന്നപോലെ സിനിമയിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. തന്റെ അസാമാന്യമായ അഭിനയ കഴിവുകൊണ്ട് കഥാപാത്രങ്ങള്‍ക്ക് ശക്തമായ ജീവനും ഓജസ്സും നല്കിയ അദ്ദേഹം നിരവധി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘നിര്‍മ്മാല്യം’ എന്ന ചലചിത്രത്തിലെ വെളിച്ചപ്പാട് എന്ന കഥാപാത്രമാണ് ആന്റണി എന്ന അതുല്യപ്രതിഭയെ വിഖ്യാതനാക്കിയതും അനശ്വരനാക്കിയതും. നിര്‍മ്മാല്യത്തിലെ ഏറെ പ്രാധാന്യമുള്ള അഭിനയത്തിന് ആന്റണിക്ക് 1973-ലെ ദേശീയ ബഹുമതിയായ ഭരത് പുരസ്കാരം ലഭിച്ചു.
ആന്റണിയിലൂടെയാണ് ഭരത് അവാര്‍ഡ് കേരളത്തിന് ഉപരി ദക്ഷിണ ഭാരതത്തിനുതന്നെ ആദ്യമായി ലഭിക്കുന്നത് എന്നത് ഏറെ സ്മരണീയമാണ്.
വരാപ്പുഴ അതിരൂപതാ ശതാബ്ദി സ്മരണികയില്‍ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത് (പേജ് 292): ‘എം.ടി. തീക്ഷണഭാവന ചെയ്ത വെളിച്ചപ്പാടിനെ പി.ജെ. ആന്റണി മനസ്സില്‍ സമര്‍ത്ഥമായി ആവാഹിച്ചതിനുമേലാണ് ആവിഷ്കരിച്ചത്. വെളിച്ചപ്പാടന്മാരെക്കണ്ടു; അവരുടെ കൂടെ തുള്ളി; ചലനങ്ങള്‍ പോലും ഹൃദിസ്ഥമാക്കി. ശരിക്കും ഒരു കൂടുവിട്ടു കൂടുമാറ്റം! പ്രതീക്ഷകള്‍ അസ്തമിച്ച്, എല്ലാം തകര്‍ന്ന് വാളുകൊണ്ടു നെറ്റി പിളര്‍ന്ന് വായിലേക്കൊഴുക്കിയ ചൂടുചോര സര്‍വശക്തിയോടും കൂടെ ദേവിവിഗ്രഹത്തിലേക്ക് തുപ്പിത്തെറിപ്പിക്കുന്ന വെളിച്ചപ്പാട് ഒരു ചിരി ചിരിക്കുന്നുണ്ട്. ശബ്ദമില്ലാത്ത ഒരു ചിരി! അതുമാത്രം മതിയായിരുന്നു ജൂറിക്ക് ഭരത് അവാര്‍ഡ് നിശ്ചയിക്കാന്‍.
റോസി, തച്ചോളി ഒതേനന്, ഭാര്‍ഗവീനിലയം, ക്രോസ്ബെല്‍റ്റ്, അതിഥി, നഗരമേ നന്ദി, മുറപ്പെണ്ണ്, അസുരവിത്ത്, നദി, മുടിയനായ പുത്രന്, കാല്പാടുകള്, അമ്മയെ കാണാന്‍, നിണമണിഞ്ഞ കാല്പാടുകള്, ഇരുട്ടിന്റെ ആത്മാവ്, പുന്നപ്ര വയലാര്‍, ഓടക്കുഴല്‍ – തുടങ്ങിയ 50-ലേറെ ചിത്രങ്ങളില്‍ തന്റെ അഭിനയ കഴിവ് അദ്ദേഹം കാഴ്ചവച്ചു. നദി എന്ന ഈടുറ്റ സിനിമയ്ക്ക് തിരക്കഥ എഴുതിയ അദ്ദേഹം പെരിയാര്‍ എന്ന ചലച്ചിത്രത്തില്‍ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍, സംവിധാനം എന്നിവ നിര്‍വഹിച്ചു.
മലയാള മനോരമ ശതാബ്ദി പതിപ്പില്‍ ഇപ്രകാരമാണ് എഴുതിയത്. ഭരത് അവാര്‍ഡ് നേടിക്കൊടുത്ത നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാട് തെളിയിക്കുന്നഹറ മറ്റൊരു സത്യമാണ്. ലോകസിനിമയില്‍ ആന്റണി ക്വിന്നിനോടൊപ്പമോ ലോറന്‍സ് ഒലീവറോടൊപ്പമോ നില്ക്കാന് കഴിയുന്ന നടനായിരുന്നു കൊച്ചുകേരളത്തിലെ പി.ജെ. ആന്റണി.
സിനിമാ ജീവിതത്തോട് അകല്‍ച്ച പാലിച്ചിരുന്ന നാടകാചാര്യനായ പി.ജെ. ആന്റണിയുടെ ജീവാത്മാവ് നാടകരംഗമായിരുന്നു. ദേശീയ അംഗീകാരം ലഭിച്ചതിനുശേഷം അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു: എന്നെ സിനിമാ നടനെന്നു വിളിക്കരുത്. എന്റെ ആത്മാവും ചൈതന്യവും നാടകവേദിയിലാണ്.
നിരവധി ഈടുറ്റ നാടകങ്ങളുടെ രചന, സംവിധാനം, അഭിനയം, ഗാനരചന, സംഗീതം തുടങ്ങിയവ ആ ബഹുമുഖപ്രതിഭ നിര്‍വഹിച്ചു. ഇന്ക്വിലാബിന്റെ മക്കള്‍, പൊതുശത്രുക്കള്‍, സോക്രട്ടീസ്, പ്രളയം, ചക്രായുധം, മൂഷികസ്ത്രീ, മൂന്നു പെണ്ണുങ്ങളും കുറെ നാട്ടുകാരും, ഉണ്ണിയാര്‍ച്ച, രാഗം, ജ്വാല, ദീപ്തി, തീരം, മണ്ണ്, ഇത് പൊളിറ്റിക്സാണ്, വേഴാമ്പല്‍ തുടങ്ങിയവ അദ്ദേഹം രചിച്ച പ്രധാന നാടകങ്ങില്‍ ചിലതാണ്. എമിനന്റ് പീപ്പിള്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ട്: മലയാള സാഹിത്യരംഗത്തും നാടകവേദിയിലും നിലവിലിരുന്ന മാമൂല് ധാരണകളെ വെല്ലുവിളിച്ചുകൊണ്ട് നാടകകലയ്ക്ക് അദ്ദേഹം പുതിയ ശൈലിയും രൂപവും നല്കി.
നാടകങ്ങള്‍ കൂടാതെ നിരവധി വിപ്ലവഗാനങ്ങളും ആ വിപ്ലവകാരി രചിച്ചിട്ടുണ്ട്. നാടക സ്മരണകള്‍, നാടകമേ ഉലകം എന്നീ അദ്ദേഹത്തിന്റെ കൃതികള്‍ ആത്മകഥാപരവും നാടകാനുഭവങ്ങളുമാണ്. പ്രഭാതഗീതം, പ്രേമസംഗീതം, ഓണപ്പാട്ടുകള്‍, തകര്‍ന്ന വീണ, കേരളം ഉണരുന്നു എന്നീ ഗാനസമാഹാരങ്ങളും ഇതാ മനുഷ്യന്, ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്നീ നോവലുകളും അദ്ദേഹത്തിന്റെ രചനകളാണ്. എഴുത്ത് മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്ന അദ്ദേഹം പ്രതിഭ, വാനമ്പാടി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആരുടെയും മുന്നില്‍ മുട്ടുമുടക്കാതെ ആന്റണി ജീവിതാവസാനം വരെ തന്റെ നിലപാടുകളില്‍ അടിയുറച്ചുനിന്നിരുന്നു. കേരളസഭാ രത്നങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ട് (പേജ്-667): മരിക്കുന്നതിന് ഏതാനും നാള്‍മുമ്പ് ആന്റണി തന്റെ മകനോട് പറഞ്ഞു. എന്റെ മരണശേഷം സഹായനിധിയെന്നുമൊക്കെ പറഞ്ഞു പലരും വരും. നീ അവരില്‍ നിന്നും പണം വാങ്ങരുത്. ആരുടെയെങ്കിലും ചില്ലിക്കാശ് നീ വാങ്ങിയാല്‍ അപ്പച്ചന് ശവക്കല്ലറയില്‍ നിന്ന് നിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പും. ഇതായിരുന്നു പകരക്കാരനില്ലാത്ത പി.ജെ. ആന്റണി.
മണ്ണിന്റെ മാറില്‍ എന്ന ചലച്ചിത്രത്തിന്റെ ഡബിംഗിന്റെ അവസരത്തില്‍ 1979 മാര്‍ച്ച് 14-നായിരുന്നു ആ മഹാകലാപ്രതിഭയുടെ മരണം. കലാപ്രവര്‍ത്തനങ്ങളെ അത്രയധികം സ്നേഹിച്ച ഒരു വലിയ കലാകാരന് ഏറ്റവും അനുയോജ്യമായ വിടവാങ്ങല്‍. പി.ജെ. ആന്റണിയുടെ മൃതദേഹം പോണേല് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക ദേവാലയ സെമിത്തേരിയില്‍ സംസ്കരിച്ചു. കൊച്ചി കോര്പ്പറേഷന് നഗരഹൃദയത്തെ ഒരു റോഡിന് ആ വലിയ കലാകാരന്റെ പേര് നല്കി ആദരിച്ചു. പകരക്കാരനില്ലാത്ത ആ അതുല്യപ്രതിഭയ്ക്ക് പ്രണാമം.