പദ്മശ്രീ മമ്മൂട്ടിയുടെ ഹൃദയഹാരിയായ ഫേസ്ബുക്ക് കുറിപ്പ്
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.

ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് കുറിപ്പ്
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എം ടി അടയാളപ്പെടുത്തി.
ഇരുട്ടിന്റെ ആത്മാവും കുട്ട്യേടത്തിയും അടക്കമുള്ള കഥാലോകത്തിലൂടെ മലയാള കഥാഖ്യാനത്തെ ഭാവുകത്വപരമായി ഉയർത്തിയെടുത്തു എം ടി. നാലുകെട്ടും രണ്ടാമൂഴവും ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ നോവലുകൾ മലയാളത്തിന്റെ ക്ലാസിക് രചനകളാണ്. ദേശീയ – അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും പുരസ്ക്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ തിരക്കഥകളും ചലച്ചിത്രാവിഷ്ക്കാരങ്ങളും എം ടിയുടെ ബഹുമുഖ പ്രതിഭയുടെ ദൃഷ്ടാന്തമാണ്.
ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ സാധാരണക്കാർക്കും ബുദ്ധിജീവികൾക്കും ഒരുപോലെ കടന്നുചെല്ലാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടി സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷൻ തുടങ്ങിയ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.
എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്നു എം ടി. ഇതര മതസ്ഥരെ സ്വന്തം കുടുംബാംഗങ്ങളെ പോലെ കരുതുന്നവരും മതങ്ങളുടെ അതിർവരമ്പുകളെ മറികടന്നുകൊണ്ട് മനുഷ്യത്വത്തിന്റെ സ്നേഹത്തെ പ്രകടിപ്പിക്കുന്നവരും ഒക്കെയായിരുന്നു എം ടിയുടെ പല കഥാപാത്രങ്ങളും. ജനമനസ്സുകളെ ഒരുമിപ്പിക്കാൻ വേണ്ട കരുത്തുള്ള ഉപാധിയായി അദ്ദേഹം സാഹിത്യത്തെ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ഒരു സാംസ്കാരിക മാതൃകയായിരുന്നു എം ടി സ്വന്തം ജീവിതത്തിലൂടെ മുന്നോട്ടുവെച്ചത്.
എം ടിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും മലയാള സാഹിത്യലോകത്തിനാകെയും ഉള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സർക്കാരിന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ്ബുക് കുറിപ്പ്
അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ കൺമുന്നിൽ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്ക്കരിച്ച, ആത്മസംഘർഷങ്ങളും സങ്കടചുഴികളും നഷ്ട്ടപ്പെടലിന്റെ വേദനയും ആഹ്ളാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നു.

എം.ടിയുടെ കഥകളും നോവലുകളും ലേഖനങ്ങളും ആത്മാവ് തൊട്ട് വായിച്ചൊരാളാണ് ഞാൻ. മനുഷ്യനെയും പ്രകൃതിയെയും ഉൾപ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങൾക്ക് തന്നതിന് നന്ദി. അങ്ങയുടെ അസാന്നിധ്യത്തിലും വീണ്ടും വീണ്ടും കരുത്താർജ്ജിക്കാനുള്ള വിഭവങ്ങൾ അങ്ങ് തന്നെ തന്നിട്ടുണ്ടല്ലോയെന്ന് ആശ്വസിക്കാം.
ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യൻ. ചവിട്ടി നിൽക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ളാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീർത്തത് കേരളത്തിന്റെ തന്നെ സംസ്കാരിക ചരിത്രമാണ്. വാക്കുകൾ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങൾ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്.
ആ പേനയിൽ നിന്ന് ‘ഇത്തിരിത്തേൻ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങൾ’ ഉതിർന്ന് ഭാഷ ധന്യമായി. നിങ്ങൾക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എം.ടി ആ ഉത്തരവാദിത്തം അത്രമേൽ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടത് കാലാതിവർത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടി.