ന്യൂഡൽഹി:അംബേദ്കറിനെതിരെയുള്ള പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തെ 150 നഗരങ്ങളിൽ വാർത്താ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ്. ലോക്സഭയിലെയും രാജ്യസഭയിലെയും കോൺഗ്രസ് എംപിമാരും സിഡബ്ല്യുസി അംഗങ്ങളും ചേര്‍ന്ന് വാര്‍ത്താ സമ്മേളനം വിളിക്കുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര അറിയിച്ചു. ഇന്നും നാളെയുമായി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
‘ഡിസംബർ 22, 23 തീയതികളിൽ 150ല്‍ അധികം നഗരങ്ങളിൽ നമ്മുടെ ലോക്സഭ, രാജ്യസഭ എംപിമാരും സിഡബ്ല്യുസി അംഗങ്ങളും ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് വാർത്താ സമ്മേളനം നടത്തും. അമിത് ഷാ ബാബാ സാഹെബ് അംബേദ്കറോട് അനാദരവ് കാണിച്ചതിനെ അപലപിക്കും.’- പവൻ ഖേര പറഞ്ഞു.
ഡിസംബർ 24 ന് കോണ്‍ഗ്രസ് ബാബാസാഹെബ് അംബേദ്കർ സമ്മാൻ മാർച്ചുകൾ നടത്തുമെന്നും ജില്ലാ കലക്ടർമാർ മുഖേന രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമർപ്പിക്കുമെന്നും പവന് ഖേര വ്യക്തമാക്കി. അതിലും അമിത് ഷായുടെ രാജി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലെ പ്രസംഗത്തിനിടെയാണ് കേന്ദ്ര മന്ത്രി അമിത് ഷാ അംബേദ്കറെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്.
‘അംബേദ്കർ, അംബേദ്കർ, എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ദൈവത്തിന്റെ പേരാണ് ഇങ്ങനെ ഉരുവിട്ടിരുന്നത് എങ്കില്‍ അവർക്ക് സ്വർഗത്തിൽ ഒരിടമെങ്കിലും ലഭിച്ചേനേ’- എന്നാണ് അമിത് ഷാ സഭയില്‍ പറഞ്ഞത്.