ഗസ്സ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനംതന്നെയെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ് -എം.എസ്.എഫ്) റിപ്പോർട്ട്. സംഘടനക്ക് വേണ്ടി ഗസ്സയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ ജീവനക്കാരിൽനിന്ന് വിവരം ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ഇസ്രായേൽ സൈന്യം കൂട്ടനശീകരണവും മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയതിന് ആരോഗ്യ ജീവനക്കാർ സാക്ഷിയാണ്. വടക്കൻ ഗസ്സയിൽനിന്ന് ബോധപൂർവം ആളുകളെ പുറന്തള്ളി. തിരിച്ചുവരാൻ കഴിയാത്തവിധം അവിടെ നശിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം ഇന്ന് അവസാനിച്ചാലും തലമുറകളോളം അവിടെ ജീവിക്കാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങളും പ്രകൃതിയും നശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.