ജെക്കോബി
വാസ്കോ ഡ ഗാമയ്ക്കു വേണ്ടി ഒരു റേക്വിയം പാടാന്‍, അദ്ദേഹത്തിന്റെ അഞ്ഞൂറാം ചരമവാര്‍ഷികത്തില്‍, ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ നഗരകേന്ദ്രമായ ഫോര്‍ട്ട്കൊച്ചിയില്‍ അദ്ദേഹത്തെ അടക്കം ചെയ്ത സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ ആരുമെത്തുന്നില്ലെങ്കില്‍ അത് നമ്മുടെ സംഘാത സ്മൃതിഭംഗത്തിന്റെ പ്രത്യക്ഷ ലക്ഷണമായല്ല, ചരിത്രനിഷേധവും സാംസ്കാരിക തമസ്കരണവും പ്രത്യയശാസ്ത്ര കാപട്യവും രാഷ്ട്രീയ ഭീരുത്വവുമായി വേണം അപഗ്രഥിക്കാന്‍.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ കൊച്ചി ഡയോസിസിന്റെ കീഴിലുള്ള സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്. ഇതിന് തൊട്ടടുത്തായി സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ബാസ്റ്റ്യന്‍ ബംഗ്ലാവുമുണ്ട്. 1524-ല്‍ ക്രിസ്മസിനു തലേന്ന് ഫോര്‍ട്ട്കൊച്ചിയില്‍ ദിയേഗോ പെരേര എന്ന പോര്‍ച്ചുഗീസ് കുടിയേറ്റക്കാരന്റെ വസതിയില്‍ വച്ച് സെന്റ് ആന്റണീസ് ആശ്രമത്തിലെ തന്റെ ഫ്രാന്‍സിസ്കന്‍ കുമ്പസാരക്കാരനില്‍ നിന്ന് അന്ത്യകൂദാശ സ്വീകരിച്ച് മരിച്ച് ആശ്രമത്തോടു ചേര്‍ന്നുള്ള ചാപ്പലില്‍ അടക്കം ചെയ്യപ്പെട്ട വാസ്കോ ഡ ഗാമയുടെ അഞ്ഞൂറാം ചരമവാര്‍ഷികമാണ് 2024 ഡിസംബര്‍ 24ന്. പുരാവസ്തു വകുപ്പിനോ സംസ്ഥാന ടൂറിസം വകുപ്പിനോ കൊച്ചി കോര്‍പറേഷനോ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കടപ്പുറത്ത് പപ്പാഞ്ഞിയെ കത്തിച്ച് കൊച്ചിന് കാര്‍ണിവല്‍ ആഘോഷിക്കുന്നവര്ക്കോ കൊച്ചി ബിനാലെ സംഘാടകര്‍ക്കോ ഏറ്റവും ചുരുങ്ങിയത് ഫോര്‍ട്ട്കൊച്ചിയിലെ വാസ്കോ ഡ ഗാമ സ്ക്വയറില്‍ ഒരു ബാനറെങ്കിലും കെട്ടി ഗാമയുടെ കേരളത്തിലേക്കുള്ള ആഗമനത്തിന്റെയും അന്ത്യത്തിന്റെയും കഥ പുനരവതരിപ്പിക്കാന്‍ കഴിയാതെ പോകുന്നത് ആരോ പറഞ്ഞതുപോലെ, ഓര്‍മകളുടെ അപകോളനീകരണം കൊണ്ടാണോ?
യൂറോപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റി അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു കടന്ന് ഇന്ത്യയിലേക്കുള്ള സമുദ്രപാത കണ്ടെത്തിയ പോര്‍ച്ചുഗീസ് നാവികനും പര്യവേക്ഷകനുമായ ഗാമ പോര്‍ച്ചുഗലിന്റെയും യൂറോപ്പിന്റെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെയും തെക്കുകിഴക്കന്‍ ഏഷ്യയുടെയും മാത്രമല്ല, ലോകത്തിന്റെതന്നെ ചരിത്രഭാഗധേയം മാറ്റിക്കുറിച്ച യുഗപുരുഷനായി വാഴ്ത്തപ്പെടുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് സിറിയ, അലക്സാന്‍ഡ്രിയ വഴി കിഴക്കന്‍ മധ്യധരണ്യാഴിയിലെ വെനീസില്‍ ചെന്നെത്തിയിരുന്ന സുഗന്ധവ്യഞ്ജനത്തിന്റെ വ്യാപാരകുത്തക അറബികളില്‍ നിന്നും മൂറുകളില്‍ നിന്നും പിടിച്ചെടുക്കുക എന്ന പ്രത്യയശാസ്ത്രമല്ലാതെ സാമ്രാജ്യത്വമോഹമൊന്നും ഗാമയ്ക്കുണ്ടായിരുന്നില്ലെന്നാണ് വിഖ്യാത ചരിത്രകാരനായ സഞ്ജയ് സുബ്രഹ്മണ്യം (‘ദ് കരിയര്‍ ആന്‍ഡ് ലെജന്‍ഡ് ഓഫ് വാസ്കോ ഡ ഗാമ’) സമര്‍ത്ഥിക്കുന്നത്. ഇന്ത്യയിലെ ‘പ്രെസ്റ്റര്‍ ജോണ്‍’ എന്ന ഐതിഹാസിക ക്രൈസ്തവ രാജാവിനെ കണ്ടെത്തി ഇസ് ലാമിക ശക്തികള്‍ക്കെതിരെ രാജ്യാന്തര സഖ്യമുണ്ടാക്കുക എന്ന സ്വപ്നമാണ് പോര്‍ച്ചുഗലിന്റെ ആദ്യകാല കപ്പലോട്ട ദൗത്യങ്ങളെ നയിച്ചിരുന്നത്. ”ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനവും തേടിയാണ് ഞങ്ങള്‍ വന്നിരിക്കുന്നത്” എന്നാണ് 1498 മേയ് 20ന് കോഴിക്കോടിനടുത്ത് പന്തലായിനി കൊല്ലം തീരത്ത് ഗാമയുടെ കപ്പലില്‍ നിന്ന് ആദ്യം കരയ്ക്കിറങ്ങിയ കൊടുംകുറ്റവാളി (ദെഗ്രദാദോ) ജൊവാവോ ന്യുനസ് കണ്ടുമുട്ടുന്ന ട്യുണീഷ്യക്കാരായ രണ്ട് മൂര്‍ കച്ചവടക്കാരോട് കസ്തീലിയന്-ജെനോവീസ് ഭാഷയില്‍ പറയുന്നത്.
ലിസ്ബണിലെ ബേലിമില് നിന്ന് 1497 ജൂലൈ എട്ടിന് നാലു കപ്പലുകളുമായി പുറപ്പെട്ട ഗാമ പത്തുമാസവും 20 ദിവസവുമെടുത്തു കോഴിക്കോട്ട് എത്തിച്ചേരാന്‍. ഗാമയുടെ സഹോദരന്മാരായ പാവുളോയും നിക്കൊളാവ് കൊയ്ലോയും കപ്പിത്താന്മാരായി നാവികവ്യൂഹത്തിലുണ്ടായിരുന്നു. രണ്ടുവര്‍ഷം കൊണ്ട് 38,600 കിലോമീറ്റര്‍ താണ്ടിയ അക്കാലത്തെ ഏറ്റവും നീണ്ട സമുദ്രയാത്രയില്‍ 170 നാവികരില്‍ 54 പേര് മാത്രമാണ് ജീവനോടെ പോര്‍ച്ചുഗലില്‍ തിരിച്ചെത്തിയത്. വൈറ്റമിന്‍ സിയുടെ അഭാവം മൂലമുണ്ടാകുന്ന സ്കര്‍വി എന്ന ‘അജ്ഞാതരോഗം’ ബാധിച്ചാണ് ഗാമയുടെ ജ്യേഷ്ഠന് പാവുളോ അടക്കമുള്ളവര്‍ മരിച്ചത്. മൊംബാസയിലെ അറബ് നാവികരില്‍ നിന്ന് ഗാമ ഈ രോഗത്തിനുള്ള പ്രതിവിധി കണ്ടെത്തി: ഓറഞ്ചും നാരങ്ങയും. രണ്ടു കപ്പലുകള്‍ യാത്രയില്‍ നഷ്ടപ്പെട്ടു. ആഫ്രിക്കക്കാരുമായുള്ള സംഘര്‍ഷത്തില്‍ ഗാമയുടെ കാലിന് അമ്പുകൊണ്ട് പരിക്കേറ്റു. ഗാമയുടെ ആദ്യ ദൗത്യം വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ പോര്‍ച്ചുഗലിലെ മനുവേല്‍ രാജാവ് പത്തു ക്രുസാഡോയുടെ പോര്ട്ടുഗസ് എന്ന സ്വര്‍ണ നാണയം ഇറക്കി. അറേബ്യ, പേര്‍ഷ്യ, ഇന്ത്യ, കിഴക്കിന്റെയൊക്കെയും അഡ്മിറല്‍ എന്ന ബഹുമതിയും, പേരിനൊപ്പം ഡോം എന്നു ചേര്‍ക്കാനുള്ള അവകാശവും, സീനെസ് ഗ്രാമത്തിന്റെമേല് അധികാരവും അവിടത്തെ നികുതി വരുമാനവും, റോയല്‍ കൗണ്‍സിലില്‍ അംഗത്വവും രാജാവ് ഗാമയ്ക്കു സമ്മാനിച്ചു. പില്ക്കാലത്ത് വീവിഗേരയുടെ കൗണ്ട് ആയി ഗാമ. ഗാമഇന്ത്യയെ കണ്ടെത്തിയതിനെക്കുറിച്ച് പോര്‍ച്ചുഗീസ് കവി ലൂയിസ് ദെ കാമൊയിസ് ‘ലൂസിയാദ്’ എന്ന മഹാകാവ്യം രചിച്ചതോടെ ഗാമ രാജ്യത്തിന്റെ വീരനായകനായി.
പത്തു കപ്പലുകളുമായി 1502-ല്‍ രണ്ടാംവട്ടം ഇന്ത്യയിലേക്കു പുറപ്പെട്ട ഗാമ, കോഴിക്കോട്ട് പോര്‍ച്ചുഗീസുകാര്‍ വധിക്കപ്പെട്ടതിന് പ്രതികാരം തീര്‍ക്കാന്‍ അറബി ചരക്കുകപ്പലുകള്‍ ആക്രമിച്ചു. മെക്കയില്‍ നിന്നു മടങ്ങിയെത്തിയ തീര്ഥാടകക്കപ്പലിനു തീവയ്ക്കുകയും, വെനീസുകാരുടെ പീരങ്കിയുമായി ഈജിപ്തിലെ സുല്‍ത്താന്‍ സാമൂതിരിക്കുവേണ്ടി അയച്ച രണ്ടായിരത്തിലേറെ അറബി നാവികരെ കൊന്നൊടുക്കുകയും ചെയ്തത് അടക്കം ഗാമയുടെ കൊടുംക്രൂരതയുടെ നിരവധി ആഖ്യാനങ്ങള്‍ പിന്നീട് പ്രചരിക്കുകയുണ്ടായി. ഈ യാത്രയിലാണ് ഗാമ കൊച്ചിയിലെത്തി കൊച്ചി രാജാവിനെ പോര്‍ച്ചുഗല്‍ രാജാവിന്റെ ‘സഹോദര യോദ്ധാവ്’ ആയി പ്രഖ്യാപിക്കുന്നത്. കൊടുങ്ങല്ലൂരില്‍ നിന്ന് മാര്‍തോമാ ക്രിസ്ത്യാനികള്‍ ഗാമയെ കാണാനെത്തി പോര്‍ച്ചുഗല്‍ രാജാവിന്റെ സംരക്ഷണം തേടുന്നതും ഈ സന്ദര്‍ഭത്തിലാണ്.
അറുപത്തിനാലാം വയസിലാണ് ഇന്ത്യയിലെ പോര്‍ച്ചുഗീസ് വൈസ്രോയിയായി 1524 ഏപ്രിലില്‍ ഗാമ 14 കപ്പലുകളുമായി മൂന്നാംവട്ടം ഇന്ത്യയിലേക്കു യാത്രതിരിക്കുന്നത്. സാന്താ കാത്തറീന ദൊ മോന്തെ സിനെയോ എന്ന കറാക് കപ്പലിലായിരുന്നു മലബാര്‍ തീരത്തേക്ക് 26 വര്‍ഷത്തിനുശേഷം ഗാമയുടെ തിരിച്ചുവരവ്. ദുവാര്‍ത്തെ ദെ മെനേസിസ് എന്ന അഴിമതിക്കാരനായ കൊച്ചിയിലെ പോര്‍ച്ചുഗീസ് ഗവര്‍ണറെ മാറ്റാനായിരുന്നു ആദ്യ പ്ലാന്‍. ഗാമയുടെ രണ്ട് ആണ്മക്കള് – ഇസ്തേവോയും പാവുളോയും – സംഘത്തിലുണ്ടായിരുന്നു. ഗോവയിലെത്തി എട്ട് ആഴ്ച കഴിഞ്ഞ് ഗാമ കൊച്ചിയിലേക്കു തിരിക്കുമ്പോള്‍ തന്നെ രോഗബാധിതനായിരുന്നു. മെനേസിസിനെ അറസ്റ്റു ചെയ്യാനായിരുന്നു തീരുമാനം. താന്‍ സമ്പാദിച്ചതെല്ലാം കൊണ്ട് മെനേസിസ് ലിസ്ബണിലേക്കു കപ്പല്‍ കയറിയെങ്കിലും ഫറോ തീരത്ത് എല്ലാം നഷ്ടപ്പെട്ടുവെന്നാണ് കഥ.
മലേറിയയ്ക്കു പുറമെ തല അനക്കാന്‍ പറ്റാത്തവണ്ണം കഴുത്തില്‍ വലിയ പരുക്കള്‍ ഉണ്ടായി സംസാരിക്കാനാവാത്ത നിലയിലായിരുന്നു ഗാമ.
സാന്‍ അന്തോണിയോ ആശ്രമശ്രേഷ്ഠനെ രാത്രി വിളിച്ചുവരുത്തി ഗാമ അന്ത്യകുമ്പസാരം നടത്തി. വിലക്കു ലംഘിച്ച് ലിസ്ബണില്‍ നിന്ന് കപ്പലില്‍ കയറി ഒളിച്ച മൂന്നു സ്ത്രീകളെ മൊസാംബിക്കില്‍ വച്ച് കണ്ടെത്തി തടവിലാക്കി ഗോവയിലെത്തിയപ്പോള്‍ 200 തവണ വീതം ചമ്മട്ടികൊണ്ട് കഠിനമായി പ്രഹരിക്കാന്‍ ഗാമ കല്പിച്ചിരുന്നു. അവരോടു കാണിച്ച ക്രൂരതയ്ക്കു പ്രായശ്ചിത്തമായി മൂന്നുപേര്‍ക്കും ഒരു ലക്ഷം റീസ് വീതം സ്ത്രീധനമായി നല്കാന് മരണക്കിടക്കയില്‍ നിന്ന് ഗാമ എഴുതി.
തന്റെ അസ്ഥികള്‍ ലിസ്ബണില്‍ സംസ്കരിക്കണമെന്നായിരുന്നു ഗാമയുടെ അന്ത്യാഭിലാഷം. ക്രിസ്മസിന്റെ തലേന്ന്, ഏറെ വേദന സഹിച്ചാണ് ഗാമ മരിച്ചത്. ഫ്രാന്‍സിസ്കന്‍ ആശ്രമ ചാപ്പലിലാണ് മൃതദേഹം സംസ്കരിച്ചത്. പതിനാലു വര്‍ഷത്തിനുശേഷം, ഗാമയുടെ മകന് പെദ്രോ സില്‍വ ഡ ഗാമ ഭൗതികാവശിഷ്ടങ്ങള്‍ ലിസ്ബണിലേക്കു കൊണ്ടുപോയി.
വിവിഗേരയില് സ്വര്‍ണവും രത്നങ്ങളും പതിച്ച പേടകത്തിലാണ് ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തത്. 1838-ല്‍ ഹൊസെ സില്‍വെസ്റ്റര്‍ റിബേരോ ആ പെട്ടി തുറന്നുനോക്കിയപ്പോള്‍ അതില്‍ ഒരു അസ്ഥികൂടവും രണ്ടു തലയോട്ടികളും കണ്ടുവത്രെ. ഫ്രഞ്ചുകാര്‍ പല ശവക്കല്ലറകളും സ്വര്‍ണത്തിനും മറ്റുമായി കൊള്ളയടിച്ചതായി പറയുന്നു. 1880-ല്‍ ഗാമയുടെ ഭൗതികാവശിഷ്ടങ്ങള്‍ ബെലിമിലെ ജെറോനിമോസ് ആശ്രമത്തിലേക്കു മാറ്റി. ‘കരേരാ ദ ഇന്ത്യ’ എന്ന പേരില്‍ പോര്‍ച്ചുഗീസ് ഇന്ത്യയില്‍ നിന്നുള്ള ചരക്കിന്റെ ചുങ്കംകൊണ്ട് നിര്‍മിച്ച രാജകീയ സ്മൃതിമന്ദിരത്തില്‍, മനുവേല്‍ രാജാവിന്റെയും ജോണ്‍ മൂന്നാമന് രാജാവിന്റെയും കബറിടങ്ങള്ക്കടുത്തായാണ് ഗാമയുടെ കല്ലറ. എന്നാല്‍ അവിടേക്കു കൊണ്ടുപോയത് ഗാമയുടെ ഭൗതികാവശിഷ്ടമല്ല എന്ന വെളിപ്പെടുത്തലുണ്ടായി. ഒടുവില്‍ 1898-ല്‍ ഗാമയുടേതെന്നു സ്ഥിരീകരിച്ച ഭൗതികാവശിഷ്ടങ്ങള്‍ ബെലിമിലേക്കു മാറ്റി.
ഗാമയുടെ അവസാനത്തെ യാത്രയില്‍ കെനിയയിലെ മലീന്ഡി തീരത്തിനടുത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിപ്പോയ സാവൊ ഹോര്‍ഹെ പടക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ 2013-ല്‍ കണ്ടെത്തുകയുണ്ടായി. തീരത്തു നിന്ന് 1,640 അടി അകലെ ആറു മീറ്റര്‍ മാത്രം ആഴമുള്ള ഭാഗത്തായാണ് ഗാലിയന്റെ പള്ളയിലും ചട്ടക്കൂടിലുമുണ്ടായിരുന്ന തടിയുടെ ഭാഗങ്ങള്‍ പുരാവസ്തുഗവേഷകര്‍ കിടങ്ങു കുഴിച്ച് പുറത്തെടുത്തത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആദ്യത്തെ കപ്പല്ച്ചേതങ്ങളിലൊന്നാണിത്.
1998 മേയ് 20ന്, വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിലെത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികം ഇന്ത്യയും പോര്‍ച്ചുഗലും ചേര്‍ന്ന് ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാനുള്ള നിര്‍ദേശവുമായി അന്നത്തെ പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി ജാമി ഗാമ ഡല്‍ഹിയിലെത്തിയപ്പോള്‍, ഇന്ത്യന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാള്‍ ആദ്യം അനുകൂലമായി പ്രതികരിച്ചെങ്കിലും, ഗോവയില്‍ സ്വര്‍ണജയന്തി രഥയാത്ര നടത്തിയ ബിജെപി നേതാവ് എല്‍.കെ അദ്വാനിയും ഗോവയിലെ സ്വാതന്ത്ര്യസമര നായകന്മാരും ദേശപ്രേമി നാഗരിക് സമിതിയും ശക്തമായ എതിര്‍പ്പുമായി രംഗത്തിറങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ ആ പരിപാടി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സമുദ്രപാത കണ്ടെത്തിയ ചരിത്രസംഭവം അനുസ്മരിക്കാനാണ് ഉദ്ദേശിച്ചതെന്ന് പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി ഇന്ദ്രജിത് ഗുപ്ത വിശദീകരിച്ചു.
ഗാമയുടെ ആദ്യയാത്രയുടെ പാതയില്‍ യൂറോപ്പില്‍ നിന്ന് കോഴിക്കോട്ടേക്ക് ഗാമയുടെ സാവോ ഗബ്രിയേല്‍ കപ്പലിന്റെ മാതൃക അടങ്ങുന്ന സമുദ്രയാത്രയ്ക്ക് സന്നദ്ധരായ ടൂറിസ്റ്റുകളെ കൊണ്ടുവരാന്‍ പദ്ധതി തയാറാക്കിയ ഹസോങ് എന്ന ജര്‍മന്‍ ടൂര്‍ ഓപ്പറേറ്ററുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ ട്രാവല്‍ സര്‍ക്യൂട്ടില്‍ ആ ചരിത്രസംഭവം പ്രമോട്ടു ചെയ്യാന്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരും ടൂറിസം വകുപ്പും താല്പര്യം കാണിച്ചെങ്കിലും, ഇന്ത്യയില്‍ യൂറോപ്യന്‍ കോളനിവാഴ്ചയ്ക്ക് തുടക്കം കുറിച്ച പോര്‍ച്ചുഗീസുകാരുടെ സാമ്രാജ്യത്വത്തെയും ഗോവയില്‍ 450 വര്‍ഷം നീണ്ട അധീശത്വത്തെയും കൊണ്ടാടുന്ന ഒരു പരിപാടിയും കേരളത്തില്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ചരിത്രകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ദേശീയ പ്രസ്ഥാനക്കാരും കാപ്പാട്ട് കരിങ്കൊടി ഉയര്‍ത്തിയതോടെ രാജ്യാന്തര ടൂറിസത്തിന്റെ വായ്ത്താരി നിലച്ചു.
ഫോര്‍ട്ട്കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ ഗാമയെ അടക്കം ചെയ്ത ഭാഗം അടയാളപ്പെടുത്തി ബ്രാസ് ഫലകത്തില്‍, ഭൗതികാവശിഷ്ടങ്ങള്‍ ലിസ്ബണിലേക്കു കൊണ്ടുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിയുടെ പിന്‍ഭാഗത്തായി, റോസ് സ്ട്രീറ്റും ബാസ്റ്റിയന്‍ സ്ട്രീറ്റും റിഡ്സ്ഡെയില് സ്ട്രീറ്റും സന്ധിക്കുന്നിടത്ത് ഗാമ താമസിച്ചിരുന്നതായി കരുതപ്പെടുന്ന വാസ്കോ ഹൗസ് ഇപ്പോള്‍ സ്വകാര്യ ഹോംസ്റ്റേയാണ്. പ്രഷ്യന്‍ ബ്ലൂ ഗ്ലാസ് പെയ്ന് ജനാലകളും ബാല്‍ക്കണിയും വരാന്തയുമൊക്കെയായി ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ സ്റ്റൈല്‍ വീടുകളിലൊന്നായ ഈ ചരിത്രസ്മാരകം ഇപ്പോള്‍ അറിയപ്പെടുന്നത് 2007-ലെ മമ്മൂട്ടിയുടെ ബിഗ് ബി സിനിമ ലൊക്കേഷന്റെ പേരിലാണ്.
ഫോര്‍ട്ട്കൊച്ചിയിലെ ചീനവലകള്‍ക്ക് അഭിമുഖമായി വാസ്കോ ഡ ഗാമ സ്ക്വയര്‍ എന്ന പേരില്‍ കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് 2021 ഫെബ്രുവരിയില്‍ കമ്മിഷന് ചെയ്ത സൗന്ദര്യവത്കരണ പ്രോജക്റ്റിന്റെ ദുരവസ്ഥ വാട്ടര്‍മെട്രോ ജെട്ടിക്കടുത്തുള്ള അവരുടെ ശിലാഫലകത്തില്‍ തന്നെ മുഴച്ചുകാണാം.
ഗാമയെ ഇങ്ങനെ പൂര്‍ണമായി തമസ്കരിക്കുന്ന നവോത്ഥാന, പുരോഗമന മുന്നേറ്റം കേരളത്തിന്റെ ചരിത്രത്തോടുള്ള മഹാനിന്ദയാണ്. പോര്‍ച്ചുഗീസുകാരും മിഷനറിമാരും ഇല്ലാത്ത കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു? സ്വന്തമായി നാണ്യം ഇറക്കാനോ കോവിലകം ഓടുമേയാനോ അവകാശമില്ലാതെ കോഴിക്കോട് സാമൂതിരിക്കു കപ്പം കൊടുത്തു കഴിയേണ്ടിവന്നിരുന്ന കൊച്ചിത്തമ്പുരാന്റെയും കൊച്ചി രാജ്യത്തിന്റെയും കഥ എന്താകുമായിരുന്നു? ബോംബെ മുതല്‍ കന്യാകുമാരി വരെ പശ്ചിമതീരത്തെ കത്തോലിക്കാ സഭയുടെ ചരിത്രം പോര്ച്ചുഗീസുകാരില്ലായിരുന്നെങ്കില് എന്താകുമായിരുന്നുവെന്ന് മറ്റാരും നമ്മെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ!