ന്യൂഡൽഹി: ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക ചര്‍ച്ച ഇന്ന് രാജ്യസഭയില്‍ തുടങ്ങും. നിർമ്മല സീതാരാമൻ ചർച്ച തുടങ്ങിവയ്ക്കും. ചര്‍ച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസംഗവും ഇന്നുണ്ടാകും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കളും സംസാരിക്കും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ നാളെ ലോക്സഭ അജണ്ടയിൽ ഉൾപ്പെടുത്തും. ഇന്ന് അവതരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. ബില്ലിന് എതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത. ശനിയാഴ്ച ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രധാമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും പരസ്പരം രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.
2034 മുതല്‍ ലോക് സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ബില്‍ പാസാകാന്‍ കടമ്പകള്‍ ഏറെയാണ്. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും. സംസ്ഥാനങ്ങളുടെ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബില്ലവതരണം നീട്ടുന്നതെന്നാണ് സൂചന.