ജെക്കോബി
പതിമൂന്നു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍, കേവലം 12 ദിവസത്തെ പടനീക്കത്തില്‍ ഒറ്റരാത്രികൊണ്ടാണ് ഒരു ചെറുത്തുനില്പും നേരിടാനില്ലാതെ ഹയാത്ത് തഹ് രീര് അല്‍ ശാം (ലെവാന്തിന്റെ മോചനത്തിനായുള്ള സംഘടന) എന്ന വിമത സഖ്യസേന ഡമാസ്കസ് പിടിച്ചടക്കിയത്. സ്വന്തം ജനതയ്ക്കുനേരെ രാസായുധവും ബാരല്‍ ബോംബുകളും വിക്ഷേപിക്കുകയും ഇറാന്റെയും റഷ്യയുടെയും ലെബനനിലെ ഹിസ്ബുല്ല തീവ്രവാദികളുടെയും സൈനിക ഒത്താശയോടെ ഭീകരവാഴ്ചയുടെ ഉദ്ദണ്ഡതയില് ആറാടുകയും ചെയ്ത സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് ബ്രിട്ടീഷുകാരിയായ ഭാര്യ അസ്മയെയും കുടുംബത്തെയും കൂട്ടി ഒരു മുന്നൊരുക്കവുമില്ലാതെ പുലരും മുന്‍പേ മോസ്കോയിലേക്കു പലായനം ചെയ്യേണ്ടിവന്നു.
അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടിയുടെ പേരില്‍ സിറിയയില്‍ 54 വര്‍ഷം നീണ്ട അസദ് കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിച്ച നാല്പത്തിരണ്ടുകാരനായ അബൂ മുഹമ്മദ് അല്‍ ജൂലാനി എന്ന അഹ്മദ് അല്‍ ശരായുടെ അത്യന്തം നാടകീയമായ രംഗപ്രവേശം സിറിയയുടെയും പശ്ചിമേഷ്യയുടെയും സംഘര്‍ഷഭരിതമായ രാഷ്ട്രീയ ചരിത്രഗതിയെ കൂടുതല്‍ സങ്കീര്‍ണമായ തലങ്ങളിലേക്ക് വഴിതിരിക്കുകയാണ്. ഇറാഖിലും സിറിയയിലും അല്‍ഖായിദ, ഇസ് ലാമിക സ്റ്റേറ്റ് ഭീകരസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും, ബാഗ്ദാദില്‍ അമേരിക്കന്‍ അധിനിവേശ സേനയ്ക്കെതിരെ ജിഹാദികള്‍ക്കൊപ്പം ഒളിപ്പോരിനിറങ്ങിയതിന്റെ പേരില്‍ അഞ്ചു വര്‍ഷം ഇറാഖില്‍ അമേരിക്കയുടെ ക്യാംപ് ബുക്കാ തടങ്കല്‍പാളയത്തില്‍ കഴിയുകയും ചെയ്ത ജൂലാനിയുടെ തലയ്ക്ക് അമേരിക്ക 10 മില്യണ്‍ ഡോളര്‍ വിലയിട്ടിരുന്നു. യൂറോപ്യന്‍ യൂണിയനും യുകെയും യുഎസും രാജ്യാന്തര ഭീകരപ്രവര്‍ത്തകരുടെ പട്ടികയില്‍ ജൂലാനിയുടെ പേരുചേര്‍ത്തിട്ടുണ്ട്. ജൂലാനി നയിക്കുന്ന ഹയാത്ത് തഹ് രീര് അല്‍ ശാം (എച്ച്ടിഎസ്) നിരോധിക്കപ്പെട്ട ഭീകരസംഘടനകളുടെ യുഎന്‍ പട്ടികയിലുമുണ്ട്. എന്നാല്‍, സിറിയയിലെ മഹാഭൂരിപക്ഷം ജനങ്ങളും ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും ജൂലാനിയെ സിറിയയുടെ രക്ഷകനായി വാഴ്ത്തുകയാണിന്ന്.
ഏകാധിപതിയായ അസദിന്റെ ഭരണകൂട ഭീകരതയ്ക്ക് ഇരകളായവര്‍ ജീവിതത്തില്‍ ആദ്യമായി സ്വാതന്ത്ര്യം അനുഭവിച്ച ദിനത്തില്‍, ഡമാസ്കസിലെ അതിപുരാതന ഉമയ്യദ് മോസ്ക്കില്‍ – വിശുദ്ധ സ്നാപക യോഹന്നാന്റെ ഛേദിക്കപ്പെട്ട ശിരസ് അടക്കം ചെയ്തിട്ടുള്ള പുണ്യസങ്കേതം ഈ പ്രാര്ഥനാലയത്തിനുള്ളിലുണ്ട്: ഇസ് ലാമിക പാരമ്പര്യത്തില്‍ യഹ് യ ഇബ്ന് സക്കരിയ്യ എന്ന സ്നാപക യോഹന്നാന് ഒരു പ്രവാചകനാണ് – പ്രത്യക്ഷപ്പെട്ട വീരനായകന്, എച്ച്ടിഎസ് സൈനിക മേധാവി അബൂ മുഹമ്മദ് അല്‍ ജൂലാനി തന്റെ യഥാര്‍ഥ നാമം അഹ്മദ് അല്‍ ശരാ എന്നാണെന്ന് ആദ്യം വെളിപ്പെടുത്തി. ”സഹോദരരേ, ഞാന്‍ 20 കൊല്ലം മുന്‍പ് ഈ നാടുവിട്ടുപോയതു മുതല്‍ എന്റെ ഹൃദയം കൊതിച്ചിരുന്നത് ഈ ദിനത്തിനുവേണ്ടിയായിരുന്നു. ഇത് ഇസ് ലാമിക രാഷ് ട്രത്തിന്റെ വിജയമാണ്,” അസദിനെയും ഹിസ്ബുല്ലയെയും രാജ്യത്തുനിന്നു പുറത്താക്കി ഇസ് ലാമിക ഭരണസംവിധാനം ഏര്പ്പെടുത്തകയാണ് തന്റെ ലക്ഷ്യമെന്ന് അല്‍ ശരാ വിശദീകരിച്ചു.
ജബാത്ത് അല്‍ നുസ് റ എന്ന പേരില്‍ 2011-ല്‍ അല്‍ഖായിദ സഖ്യസംഘടനയായി തുടങ്ങിയതാണ് അല്‍ ശരായുടെ സായുധമുന്നണി. ഇറാഖിലെയും ലെവാന്തിലെയും ഇസ് ലാമിക സ്റ്റേറ്റിന്റെ അമീറും ദൗലത്തുല്‍ ഇസ് ലാമിയ്യ ഖലീഫയുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയോടൊപ്പവും പ്രവര്‍ത്തിച്ച അല്‍ ശരാ 2016-ല്‍ അല്‍ഖായിദ ബന്ധം ഉപേക്ഷിച്ച് മറ്റുചില സായുധ സംഘങ്ങളുമായി ചേര്‍ന്നാണ് ഹയാത്ത് തഹ് രീര് അല്‍ ശാം എന്ന പേരില്‍ തന്റെ സംഘടനയെ റീബ്രാന്‍ഡ് ചെയ്തത്. റഷ്യന്‍ സ്പെഷല്‍ ഫോഴ്സസിന്റെയും വ്യോമസേനയുടെയും സഹായത്തോടെ അസദും, വടക്കന്‍ മേഖലയിലെ കുര്‍ദ് സേനയെയും ഡെമോക്രാറ്റിക് യൂണിയന് പാര്‍ട്ടിയെയും പിന്തുണച്ച് അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് സിറിയയിലെ ഐഎസ് ഖിലാഫത്ത് ഭീകരരെ കീഴടക്കിയപ്പോള്‍, തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ നാഷണല്‍ ആര്‍മി 2017-ല്‍ നിരവധി സായുധ ഗ്രൂപ്പുകളെ ഒരുമിച്ചുകൂട്ടി വടക്കുപടിഞ്ഞാറന്‍ പ്രവിശ്യ പിടിച്ചെടുത്തു. തുര്‍ക്കി അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഇദ്ലിബ് ഗവര്‍ണറേറ്റില്‍ സിറിയന്‍ നാഷണല്‍ ആര്‍മിയുമായി ചേര്‍ന്ന് എച്ച്ടിഎസ് സായുധസഖ്യം അധികാരമുറപ്പിച്ചു. അബൂ മുഹമ്മദ് അല്‍ ജൂലാനി എന്ന അഹ്മദ് അല്‍ ശരാ ഇദ്ലിബിലെ അമീര്‍ ആയി. ഇദ്ലിബ് പ്രവിശ്യയില്‍ എച്ച്ടിഎസിന്റെ ഇസ് ലാമിക ഭരണകൂടത്തിന്റെ മുഖ്യമന്ത്രി പദവി വഹിച്ചിരുന്ന മുഹമ്മദ് അല്‍ ബഷീറിനെയാണ് ഇപ്പോള്‍ ഡമാസ്കസിലേക്കു കൊണ്ടുവന്ന് എച്ച്ടിഎസ് ഇടക്കാല പ്രധാനമന്ത്രിയായി വാഴിച്ചിരിക്കുന്നത്.
ഇസ്രയേല്‍ ലെബനനിലെ ഹിസ്ബുല്ലയുമായി വെടിനിര്‍ത്തല്‍ ധാരണയുണ്ടാക്കിയ അതേരാത്രിയിലാണ്, ഇത്രയുംകാലം ഇദ്ലിബില് ഒതുങ്ങിക്കഴിഞ്ഞിരുന്ന എച്ച്ടിഎസ് മുപ്പതിനായിരം വരുന്ന സൈനികരുമായി ഇദ്ലിബിനോടു ചേര്‍ന്നുകിടക്കുന്ന സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോയിലേക്കു മുന്നേറിയത്. റഷ്യന്‍ വ്യോമസേന വിമതസൈന്യത്തെ തുരത്താന്‍ ബോംബാക്രമണം നടത്തിയതില്‍ തകര്‍ന്നത് അലെപ്പോയിലെ ഫ്രാന്‍സിസ്കന്‍ തെറാ സാന്താ കോളജ് സമുച്ചയമാണ്. ക്രൈസ്തവ മേഖലയായ അലെപ്പോയും അടുത്തുള്ള 13 ഗ്രാമപ്രദേശങ്ങളും കീഴടക്കി ജൂലാനിയും കൂട്ടരും അസദിന്റെ സൈനിക വിമാനത്താവളവും പിടിച്ചെടുത്ത് ഹമാ നഗരത്തിലേക്കു നീങ്ങി. അവിടെ നിന്ന് വ്യവസായ നഗരമായ ഹുംസിലേക്കു മാര്‍ച്ച് ചെയ്തു. പിന്നെ, റഖാ പ്രവിശ്യ പിടിച്ചു. ദൈറു സൂര്, ഖുനായത്ര, അല്‍ സുവൈദ എന്നീ പ്രവിശ്യകളും താണ്ടിയാണ് ഡമാസ്കസിലെത്തിയത്. അസദിന്റെ സൈന്യം അപ്പാടെ അപ്രത്യക്ഷമായിരുന്നു. സൈനികര്‍ കൂട്ടത്തോടെ ഇറാഖിലേക്കു രക്ഷപ്പെട്ടുവത്രെ.
2011-ല്‍ ഈജിപ്തിലും ടൂണീഷ്യയിലും യെമനിലും ലിബിയയിലും ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ ഉത്തരാഫ്രിക്കയിലും പശ്ചിമേഷ്യയിലും അധികാരമാറ്റത്തിന്റെ വിപ്ലവ കൊടുങ്കാറ്റായി ആഞ്ഞടിച്ച ‘അറബ് വസന്തം’ സിറിയയിലെ യുവജനങ്ങളും ഏറ്റെടുത്തപ്പോള്‍, ബഷാര്‍ അല്‍ അസദ് ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഇറക്കി. രാജ്യവ്യാപകമായി പ്രക്ഷോഭം ആളിപ്പടര്‍ന്നപ്പോള്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു. കലാപം ഏറെ വൈകാതെ ആഭ്യന്തരയുദ്ധമായി പരിണമിക്കുകയായിരുന്നു. കലാപത്തിലും ആഭ്യന്തര യുദ്ധത്തിലുമായി 620,000 പേര് കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
ഇസ് ലാമിക സ്റ്റേറ്റിന്റെ ഭീകരവാഴ്ചയില്‍ നിന്നും സിറിയന്‍ സൈന്യത്തിന്റെ അതിക്രമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പലായനം ചെയ്തവരില്‍ 37 ലക്ഷം പേര് തുര്‍ക്കിയില്‍ അഭയാര്‍ഥികളായി. ലെബനനില്‍ 2016-ല്‍ 10 ലക്ഷം സിറിയക്കാര്‍ അഭയാര്‍ഥികളായി രജിസ്റ്റര്‍ ചെയ്തിരുന്നു. യൂറോപ്പില്‍ 2015, 2016 വര്‍ഷങ്ങളില്‍ 330,000 വീതം അഭയാര്‍ഥികളായി അപേക്ഷ സമര്‍പ്പിച്ചു. തന്റെ രാജ്യത്തെ ‘കബന്ധങ്ങളുടെ ജയഘോഷത്തെക്കുറിച്ച്’ സിറിയന്‍ എഴുത്തുകാരി സമര് യസ്ബക് എഴുതി: ”മരണമാണിപ്പോള്‍ ശാമിലെ ഒരേയൊരു വിജയി.”
രാഷ്ട്രീയ എതിരാളികളെയും ജനാധിപത്യവാദികളെയും അസദിന്റെ സൈന്യവും പൊലീസും നരനായാട്ടിനു വിധേയമാക്കിയിരുന്ന ഡമാസ്കസിന്റെ വടക്കുഭാഗത്തായുള്ള ‘അറവുശാല’ എന്നറിയപ്പെടുന്ന സെയ്ദ്നായ തടവറകളില്‍ നിന്ന് വിമതസേന മോചിപ്പിച്ച കുട്ടികളുടെയും സ്ത്രീകളുടെയും ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. റെഡ് പ്രിസണ്‍ എന്ന പേരില്‍ ഭൂമിക്കടിയില്‍ മൂന്നു നില താഴെയുള്ള തടവുമുറികളില്‍ അടയ്ക്കപ്പെട്ട് സൂര്യപ്രകാശം കാണാതെ കഴിയാന്‍ വിധിക്കപ്പെട്ട മനുഷ്യരെ ജീവനോടെ കണ്ടെത്താന്‍ ബന്ധുക്കള്‍ ഇരച്ചെത്തുകയായിരുന്നു.
ഇസ് ലാമിക തീവ്രവാദികളും മറ്റു സായുധ സംഘങ്ങളും പിടിച്ചെടുത്ത മേഖലകളെല്ലാം തന്നെ എട്ടുവര്‍ഷം മുന്‍പ് റഷ്യയുടെയും ഇറാന്റെയും ഹിസ്ബുല്ലയുടെയും സഹായത്തോടെ അസദ് തിരിച്ചുപിടിച്ചതാണ്. എന്നാല്‍ 2023 ഒക്ടോബറില്‍ ഗാസയിലെ ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇസ്രയേല്‍ ആരംഭിച്ച സൈനിക നടപടികള്‍ സിറിയയെയും വല്ലാതെ ബാധിച്ചു. ഇസ്രയേല്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ സിറിയന്‍ സേനയെ കൂടുതല്‍ ദുര്‍ബലമാക്കി. ഇറാന്റെ നിരവധി മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ സിറിയയില്‍ കൊല്ലപ്പെട്ടു. ലെബനനില്‍ ഹിസ്ബുല്ലയുടെ സൈനികശേഷി ഇസ്രയേല്‍ നിര്‍വീര്യമാക്കിയതോടെ അവിടെ നിന്നുള്ള സഹായവും നിലച്ചു. റഷ്യ യുക്രെയ്ന് യുദ്ധത്തില്‍ കുടുങ്ങി. എച്ച്ടിഎസ് വിമതസേന അലെപ്പോ വഴി ഡമാസ്കസിലേക്ക് ഇരച്ചെത്തിയപ്പോള്‍ അസദിനെ രക്ഷിക്കാന്‍ ആരുമുണ്ടായില്ല. പുടിന് അസദിന് റഷ്യയില്‍ രാഷ്ട്രീയ അഭയം നല്കിയതുതന്നെ ഏറെ വിഷമിച്ചാണ്.
റഷ്യയ്ക്ക് 45 വര്‍ഷത്തേക്ക് അസദ് ലീസിനു നല്കിയ മെഡിറ്ററേനിയന്‍ തീരത്തെ ടാര്‍ടസ് നേവല്‍ ബേസും ലാടകിയ തുറമുഖ നഗരത്തിനടുത്തുള്ള ഖെമെയ്മിം വ്യോമസേനാതാവളവും ഡമാസ്കസിലെ ഭരണമാറ്റത്തില്‍ പുടിനു നഷ്ടപ്പെടാനിടയുണ്ട്. അസദ് രാജ്യം വിട്ടതോടെ റഷ്യയുടെ യുദ്ധക്കപ്പലുകളും ആണവ അന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും റഡാറുകളും മിസൈലുകളും മറ്റും അവിടെ നിന്ന് പിന്‍വലിക്കാന്‍ തുടങ്ങി. ആഫ്രിക്കയിലേക്ക് മിലിട്ടറി കോണ്‍ട്രാക്റ്റര്‍മാരെയും കൂലിപ്പട്ടാളത്തെയും മറ്റും വിന്യസിക്കാനുള്ള റഷ്യയുടെ പ്രധാന ഹബ് ആയിരുന്നു ലാടകിയയിലെ തുറമുഖവും വിമാനത്താവളവും. കരിങ്കടലിനു വെളിയില്‍, ഉഷ്ണമേഖലയിലെ റഷ്യയുടെ ഏക നേവല്‍ ബേസാണിത്. മെഡിറ്ററേനിയനിലെ തന്ത്രപ്രധാനമായ താവളത്തില്‍ നിന്നു പിന്മാറേണ്ടിവരുന്നത് റഷ്യന്‍ പ്രസിഡന്റിന് വലിയ ക്ഷീണമാണ്.
ഇറാന് മെഡിറ്ററേനിയനിലേക്കുള്ള കരപ്പാലമാണ് സിറിയ. ഇസ്രയേലിനെതിരായുള്ള ‘ചെറുത്തുനില്പിന്റെ അച്ചുതണ്ടിന്റെ’ പ്രധാന കണ്ണി. തെക്കന്‍ ലെബനനിലെ ഹിസ്ബുല്ലയുടെ മുഖ്യ സപ്ലൈ ചെയിന്‍ സിറിയയില്‍ ഇല്ലാതാകും. ഇറാനുമായുള്ള ആയുധ ഇടപാടുകള്‍ തുടരരുതെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സിറിയയിലെ പുതിയ ഭരണകൂടത്തിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അസദ് വീണെങ്കിലും ഇസ്രയേല്‍ സിറിയയില്‍ സൈനിക നടപടികള്‍ തുടരുകയാണ്. സിറിയയില്‍ നിന്ന് 1967-ല്‍ പിടിച്ചെടുത്ത ഗോലാന്‍ ഹൈറ്റ്സിനോടു ചേര്‍ന്നുള്ള സിറിയ അതിര്‍ത്തിയിലെ 400 ചതുരശ്ര കിലോമീറ്റര്‍ സൈനികമുക്ത ബഫര്‍ സോണ്‍ തത്കാലത്തേക്ക് ഇസ്രയേലി സേനയുടെ നിയന്ത്രണത്തിലാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരത്ത് 2,814 മീറ്റര്‍ ഉയരമുള്ള മൗണ്ട് ഹെര്‍മന്‍ ഇതില്‍ ഉള്‍പ്പെടും. ഇസ്രയേലി ടാങ്കുകള്‍ സിറിയന്‍ അതിര്‍ത്തി കടന്ന് ഡമാസ്കസിന്റെ 18 കിലോമീറ്റര്‍ അടുത്തുവരെ ചെന്നു. ഇസ്രയേലി അതിര്‍ത്തി സുരക്ഷിതമാക്കാനുള്ള മുന്‍കരുതലാണിതെന്നാണ് വിശദീകരണം. രണ്ടുദിവസത്തിനിടെ ഇസ്രയേല്‍ സിറിയന്‍ സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ 480 വ്യോമാക്രമണങ്ങള്‍ നടത്തി. സിറിയയിലെ നാവികസേനയെ തുടച്ചുനീക്കിയതായി ഇസ്രയേല്‍ പറയുന്നു. 15 നാവികസേനാ കപ്പലുകളും സൈനികവിമാനത്താവളങ്ങളും പോര്‍വിമാനങ്ങളും രാസായുധശേഖരവും മറ്റും നശിപ്പിച്ചു.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് സിറിയയിലെ ഭരണമാറ്റത്തില്‍ ഏറ്റവും വലിയ നേട്ടം പ്രതീക്ഷിക്കുന്നത്. സിറിയയിലെ വടക്കന്‍ മേഖലയില്‍ അമേരിക്കയുടെ പിന്തുണയോടെ ഭരണം നടത്തുകയും മരുഭൂമിയിലെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുള്ള കുര്‍ദ് സേനയെയും ഡെമോക്രാറ്റിക് യൂണിയന് പാര്‍ട്ടിയെയും തുര്‍ക്കി ശത്രുപക്ഷത്താണ് കാണുന്നത്. കുര്‍ദുകളെ ഭീകരവാദികളായി കണ്ട് വേട്ടയാടുന്ന തുര്‍ക്കി ഇക്കാര്യത്തില്‍ അമേരിക്കയുമായി ഏറ്റുമുട്ടാനും സന്നദ്ധമാണ്.
അല്‍ ശരായുടെയും എച്ച്ടിഎസിന്റെയും വിജയം ലോകം ആഘോഷിക്കുമ്പോഴും സിറിയയിലെ പുരാതന ക്രൈസ്തവ സമൂഹങ്ങള്‍ കടുത്ത ആശങ്കയിലാണ്. സുന്നികളും അലവികളും ക്രൈസ്തവരും ഷിയാകളും ദുറൂസികളും ഇസ്മായിലികളും ഉള്‍പ്പെടെ വിവിധ ജനസമൂഹങ്ങളുടെ ബഹുസ്വരത നിലനിന്നിരുന്ന രാജ്യമാണ് സിറിയ. അസദിന്റെ സ്വേച്ഛാധിപത്യ സെക്യുലറിസം അല്‍ ശരായുടെ ഇസ് ലാമിക സമഗ്രാധിപത്യത്തിലേക്ക് വഴിമാറുമോ എന്നാണ് ഉള്‍ഭയം. ഇദ്ലിബില് എച്ചിടിഎസിന്റേത് ശരിഅത്ത് ഭരണമാണ്. അവിടെ ക്രൈസ്തവരെ ‘മുസ്താമിന്’ (താത്കാലിക താമസക്കാര്‍) എന്നാണ് വിളിക്കുന്നത്. ക്രൈസ്തവ പുരോഹിതര്‍ക്ക് പുറത്തിറങ്ങുമ്പോള്‍ വൈദികവേഷം ധരിക്കാന്‍ അനുവാദമില്ല. ദേവാലയങ്ങളില്‍ നിന്ന് കുരിശ് നീക്കം ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും മതസ്വാതന്ത്ര്യം അനുവദിക്കുമെന്നും സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും മറ്റും അല്‍ ശാരാ ഉറപ്പുനല്‍കുന്നുണ്ട്. ജനാധിപത്യ അവകാശങ്ങളുടെ കാര്യത്തില്‍ ഉണരുന്ന പ്രത്യാശ ഇസ് ലാമിക ഭരണത്തില്‍ ക്ഷണഭംഗുരമാകുമോ എന്നാണ് കണ്ടറിയേണ്ടത്.