ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ് തുളസി. രാമതുളസി, കർപ്പൂര തുളസി, അഗസ്ത്യ തുളസി, കാട്ടു തുളസി, മധുര തുളസി എന്നിങ്ങനെ തുളസി പലതരമുണ്ട് . വിറ്റാമിൻ എ, സി എന്നിവ തുളസിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി, ആൻ്റി മൈക്രോബയൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളും തുളസിയിലുണ്ട്.
തുളസിയിൽ ഫ്ളേവനോയിഡുകൾ, പോളിഫെനോൾസ് എന്നീ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഓക്സിഡേറ്റീവ് സ്ട്രെസ് ചെറുക്കാനും ഇത് സഹായിക്കും. കൂടാതെ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി ഫംഗൽ ഗുണങ്ങളും തുളസിയിലുണ്ട്. ഇത് ജലദോഷം, പനി ഉൾപ്പെടെയുള്ള അണുബാധകൾ തടയാൻ ഗുണം ചെയ്യുമെന്ന് ജേണൽ ഓഫ് എത്നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയാനും ശ്വസന പ്രശ്നങ്ങൾ പരിഹരിക്കാനും തുളസി സഹായിക്കും.
ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ ചികിത്സിക്കുന്നതിനായി പണ്ട് മുതലേ ഉപയോഗിച്ച് വരുന്ന ഔഷധ സസ്യമാണ് തുളസി. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.കൊളസ്ട്രോൾ , രക്തസമ്മർദ്ദം എന്നീ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ തുളസി സഹായിക്കുമെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ ഇത് സഹായിക്കും. രക്തചക്രമണം മെച്ചപ്പെടുത്താനും തുളസി ഫലം ചെയ്യും. ഇതിലൂടെ ഹൃദ്രോഗം, സ്ട്രോക്ക് എന്നീ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും തുളസിയുടെ ഉപയോഗം ഗുണം ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ തുളസി സഹായിക്കുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾ തുളസി ഇല കഴിക്കുന്നത് നല്ലതാണ്.
തുളസിയിൽ അഡാപ്റ്റോജെനിക് ഗുണങ്ങളുള്ളതിനാൽ സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കും. കോർട്ടിസോൾ ഉൾപ്പെടെയുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് സന്തുലിതമാക്കാനുള്ള കഴിവ് തുളസിയ്ക്കുണ്ട്. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കാനും ഫലം ചെയ്യും.
തുളസിയിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ , ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു പരിഹരിക്കാൻ വളരെയധികം സഹായിക്കും. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയ തടയാനും ചർമ്മത്തിലെ വീക്കം കുറയ്ക്കാനും തുളസി സഹായിക്കും. ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് വഴി അകാല വാർദ്ധക്യം തടയാനും തുളസി ഫലപ്രദമാണെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
NB.എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.