കോഴിക്കോട് : മുനമ്പം കുടിയിറക്ക് പ്രശ്നത്തിൽ സമരം ശക്തമാകവേ മുസ്ലിം ലീഗ് രണ്ട് തട്ടിൽ. മുനമ്പത്തെ വിവാദ സ്ഥലം വഖ്ഫ് ഭൂമിയാണോ അല്ലയോ എന്ന കാര്യത്തിലാണ് നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നത. മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീറും കെ എം ഷാജിയും മുനമ്പം വഖ്ഫ് ഭൂമി തന്നെയെന്ന് ഉറപ്പിച്ചു പറയുമ്പോൾ സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഈ കാര്യത്തിൽ വ്യക്തത നൽകാതെ ഒഴിഞ്ഞുമാറുകയാണ്.
മുനമ്പം വഖ്ഫ് ഭൂമിയാണോ അല്ലേ എന്ന ചർച്ചയിലേക്ക് പോകേണ്ടതില്ലെന്നാണ് സ്വാദിഖലി തങ്ങൾ ഇന്നലെയും പറഞ്ഞത്
മുനമ്പം വഖ്ഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമായി പറഞ്ഞതോടെയാണ് ലീഗ് പ്രതിസന്ധിയിലായത്. പെരുവള്ളൂരിൽ നടന്ന മുസ്ലിം ലീഗ് പൊതു യോഗത്തിൽ കെ എം ഷാജിയാണ് ലീഗിലെ വിവാദത്തിന്റെ കെട്ടഴിച്ചത്. വി ഡി സതീശനെ പരസ്യമായി കടന്നാക്രമിച്ചുകൊണ്ടായിരുന്നു ഷാജിയുടെ പ്രസംഗം.
സതീശന്റെ അഭിപ്രായം ലീഗിനില്ലെന്നും മുനമ്പം വഖ്ഫ് തന്നെയെന്നും ഈ വഖ്ഫ് ഭൂമി പാവപ്പെട്ട താമസക്കാർക്ക് വിൽപ്പന നടത്തിയവരെയും അതിന് രേഖയുണ്ടാക്കിയവരെയും കണ്ടു പിടിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. എന്നാൽ, ആരും പാർട്ടിയാകാൻ നോക്കേണ്ടതില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോടെ വിഷയം രൂക്ഷമായി.
ഷാജിയെ തള്ളാതെ എം കെ മുനീറും രംഗത്ത് വന്നു. ഇന്നലെ ഷാജിയെ പൂർണമായും പിന്തുണച്ചുകൊണ്ട് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ കൂടി രംഗത്ത് വന്നതോടെ മുസ്ലിം ലീഗിലെ ഈ കാര്യത്തിലെ ഭിന്നത കൂടുതൽ പ്രകടമാവുകയും ചെയ്തു.