എരമല്ലൂർ : കെഎൽസിഎ എരമല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പരമ്പരാഗത ലത്തീൻ ക്രൈസ്തവ വേഷങ്ങളും ആടകളും കലാരൂപങ്ങളും ധരിച്ചവരുടെ സംഗമം പൈതൃകം 2024 സംഘടിപ്പിച്ചു.
പരമ്പരാഗത ലത്തീൻ ക്രൈസ്തവ വേഷങ്ങളായ ചട്ടയും മുണ്ടും, മുണ്ടും കവായ, കോട്ടും സ്യൂട്ടും, കൊച്ചു കവാനി, വലിയ കവാനി, മുണ്ടും തോൾനാടൻ എന്നിവയും ആടകളായ മേക്കാമോതിരം, കാശിമാല, ബന്ദിഞ്ഞ, കാൽതട എന്നിവയും പരമ്പരാഗത കലാരൂപങ്ങളായ ചവിട്ടുനാടകം, പരിചമുട്ടുകളി,ബാൻഡ് മേളം, മാർഗംകളി, ദേവാസ്തുവിളി എന്നിവയും ധരിച്ചാണ് സംഗമം നടത്തിയത്.
സംഗമത്തിന് മുന്നോടിയായി യൂണിറ്റുകളുടെ നേതൃത്വത്തിൽ വേഷങ്ങളും ആടകളും കലാരൂപങ്ങളും അണിഞ്ഞവരുടെ മത്സര ഘോഷയാത്ര സംഘടിപ്പിച്ചു. എരമല്ലൂർ ഈവ് കൺവെൻഷൻ സെൻ്ററിൽ നിന്ന് സെൻ്റ് ജൂഡ് പള്ളി ഗ്രൗണ്ടിൽ സമാപിച്ചു. ആയിരത്തോളംപേർ ഘോഷയാത്രയിൽ അണിനിരന്നു.
തുടർന്ന് നടന്ന പൊതുസമ്മേളനവും പ്രതിഭകളെ ആദരിക്കലും ജർമ്മനിയിലുള്ള എരമല്ലൂർക്കാരുടെ പ്രവാസി കൂട്ടായ്മയും ഡെപ്യൂട്ടി കളക്ടർ ജോസഫ് സ്റ്റീഫൻ റോബി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ ഡോ. ഫ്രാൻസിസ് കുരിശിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
കെഎൽസിഎ യൂണിറ്റ് പ്രസിഡൻറ് ഷീജൻ ജോസഫ് അധ്യക്ഷത വഹിച്ചു. കാസ കോൺസലാത്ത മദർ സുപ്പീരിയർ സിസ്റ്റർ അനില, പ്രോഗ്രാം കൺവീനർ സോണി പവേലിൽ, സെക്രട്ടറി ജോയ് മാളിയേക്കൽ, ട്രഷറർ ബെന്നി മംഗലത്ത് എന്നിവർ പ്രസംഗിച്ചു.
മത്സര ഘോഷയാത്രയിൽ യൂണിറ്റ് നമ്പർ 17 ഒന്നാം സ്ഥാനവും യൂണിറ്റ് നമ്പർ 12 രണ്ടാം സ്ഥാനവും യൂണിറ്റ് നമ്പർ 19 മൂന്നാം സ്ഥാനവും നേടി.