ന്യൂഡല്‍ഹി: വിളകള്‍ക്ക് നിയമപരമായ താങ്ങുവില എന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള കര്‍ഷകരുടെ മാര്‍ച്ച് വീണ്ടും തുടങ്ങി. മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയിലെ സിഘു അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി. സംയുക്ത കര്‍ഷക മോര്‍ച്ചയടക്കമുള്ള സംഘടനകളിലെ 101 കര്‍ഷകരാണ് കാല്‍നടയായി തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
മാര്‍ച്ചിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇതിനിടെ ഡല്‍ഹി മാര്‍ച്ചില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സുരക്ഷ കണക്കിലെടുത്താണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് പഞ്ചാബ് പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ തവണ മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം മാര്‍ച്ചിന് നേരെ കണ്ണീര്‍വാതകമടക്കം പ്രയോഗിച്ചിരുന്നു. ഇന്ന് ഇതിനെ നേരിടാന്‍ കണ്ണടകളും മാസ്കും അടക്കമുള്ളവയുമായാണ് ഇന്ന് മാര്‍ച്ച് നടത്തുന്നത്. സംഘര്‍ഷമുണ്ടായാല്‍ ആശുപത്രികളിലേക്ക് ഇവരെ എത്തിക്കാനടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് തടയുന്നത് വരെ പോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു സംഘര്‍ഷവും ഉണ്ടാകില്ലെന്നും സമാധാനപരമായ മാര്‍ച്ചിനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു.