ദമാസ്ക്കസ്: സിറിയയിലെ മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചെടുത്ത് ഇസ്ലാമിസ്റ്റ് സംഘടനയായ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ (എച്ച്ടിഎസ്) നേതൃത്വത്തിലുള്ള വിമത സൈന്യം. തലസ്ഥാനമായ ദമാസ്കസ് ഉള്‍പ്പെടെ രാജ്യത്തിന്റെ സുപ്രധാന നഗരങ്ങള്‍ ഏറ്റെടുക്കാൻ വിമത ഗ്രൂപ്പ് നീങ്ങുകയാണ്. നിലവില്‍ ഹോംസ് എന്ന നഗരത്തിലേക്ക് വിമത ഗ്രൂപ്പ് പ്രവേശിച്ചെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭരണത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്നും തന്ത്രപ്രധാനമായ കോട്ടയായ ഹോംസ് നഗരത്തിൽ പ്രവേശിച്ചെന്നും സിറിയൻ വിമതർ അവകാശപ്പെട്ടു. സിഎൻഎൻ റിപ്പോര്‍ട്ട് പ്രകാരം “നിരന്തരമായ പരിശ്രമത്തിനൊടുവില്‍ ക്രിമിനൽ ഭരണകൂടത്തില്‍ നിന്നും ഹോംസ് നഗരത്തെ ഞങ്ങള്‍ മോചിപ്പിക്കുന്നു” എന്ന് വടക്കൻ വിമതരുടെ വക്താവ് പറഞ്ഞു.
സിറിയൻ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ ഏകാധിപത്യ ഭരണത്തില്‍ നിന്നും രാജ്യത്തിന് വേണ്ടിയുള്ള പ്രതിരോധം തുടരുമെന്നും വിമത സൈന്യം ജനങ്ങള്‍ക്ക് അയച്ച ഒരു സന്ദേശത്തില്‍ പറയുന്നു. “സിറിയൻ അറബ് സൈന്യം, സിറിയയെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ദേശീയവും ഭരണഘടനാപരവുമായ ചുമതലകൾ തുടരുന്നു, അത് നമ്മുടെ മാതൃരാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കും,” എന്ന് വിമത സൈന്യം അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, ദമാസ്കസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് സിറിയൻ സർക്കാർ സൈന്യം പിൻവാങ്ങിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വിമതസേനയുടെ ആക്രമണം ഭയന്നാണ് പിന്മാറ്റമെന്നും റിപ്പോര്‍ട്ടുണ്ടെന്നും. ദമാസ്കസിലെ മൊദാമിയ അൽ-ഷാം, ദരായ എന്നിവിടങ്ങളിൽ നിന്നാണ് സർക്കാർ സൈന്യം പിൻവാങ്ങിയത്. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടെന്നും അഭ്യൂഹം ഉണ്ട്, എന്നാല്‍ സിറിയൻ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചു.