ഹൈദരാബാദ്: സൂര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടുള്ള ഐഎസ്ആർഒയുടെ പ്രോബ-3 സോളാർ ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവെച്ചു. പേടകത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചാണ് വിക്ഷേപണം മാറ്റിവെച്ചത്.
പ്രോബ 3 ഉപഗ്രഹങ്ങളുമായി പോകുന്ന പിഎസ്എല്‍വി-C59ന്റെ വിക്ഷേപണം നാളേക്ക് (ഡിസംബർ 5) നീട്ടിയതായാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും നാളെ വൈകുന്നേരം 4.12ന് വിക്ഷേപിക്കുമെന്നാണ് ഐഎസ്ആർ അറിയിച്ചത്.
കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ട്ടിക്കാനും സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുമാണ് പ്രോബ-3 ദൗത്യം പദ്ധതിയിടുന്നത്. സൗരയൂഥത്തിലെ കൊറോണയെക്കുറിച്ച് പഠിക്കാൻ ഉചിതം സ്വാഭാവിക സൂര്യഗ്രഹണ സമയമാണ്. അതിനാലാണ് രണ്ട് പേടകങ്ങളെ ഉപയോഗിച്ച് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കാനൊരുങ്ങുന്നത്.
ഇതുവഴി സൂര്യന്റെ കൊറോണയെ കൃത്യമായി നിരീക്ഷിക്കാനാകുമെന്നാണ് കരുതുന്നത്. ഒരു പേടകത്തിന് മുന്നിൽ അടുത്ത പേടകം സ്ഥാപിച്ചായിരിക്കും പരീക്ഷണം. ഒരു ഉപഗ്രഹം മറ്റൊരു ഉപഗ്രഹത്തിൽ നിഴൽ വീഴ്ത്തുമ്പോൾ സൂര്യഗ്രഹണം ദൃശ്യമാകും.