വയനാട്: ചൂരല്‍മല-മുണ്ടക്കെെ ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ. 2,219 കോടിയുടെ പാക്കേജ് വേണമെന്ന കേരളത്തിൻ്റെ ആവശ്യം അന്തർ സംസ്ഥാന സമിതി പരിഗണിക്കുന്നു. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നെങ്കിൽ ഈ തുക വയനാടിന് അനുവദിക്കും. രാജ്യസഭയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. സംസ്ഥാനത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ 783 കോടി ഉണ്ടെന്നും കേന്ദ്രം ചൂണ്ടികാട്ടി.
പാക്കേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ പ്രിയങ്കാ ഗാന്ധി എംപി അമിത ഷായുമായി കൂടികാഴ്ച നടത്തിയിരുന്നു. നാല് മാസമായിട്ടും വയനാട്ടിൽ സഹായം ലഭിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടികാട്ടി. പ്രിയങ്കക്കൊപ്പം യുഡിഎഫ്, എൽഡിഎഫ് എംപിമാരും സന്ദർശനത്തിന് എത്തിയിരുന്നു. രാഷ്ട്രീയം മറന്ന് ദുരന്തബാധിതർക്കൊപ്പം നിൽക്കണമെന്ന് ആവശ്യം ചർച്ചയിൽ ഉന്നയിച്ചു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, വയനാടിനായി പ്രത്യേക പാക്കേജ് അനുവദിക്കണം എന്നും കേരളം ആവശ്യം മുൻപേ തന്നെ ഉയർത്തിയിരുന്നു. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമെങ്കില്‍ വയനാടിനായി ചിലവഴിക്കാമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രത്യേക പാക്കേജ് എന്ന ആവശ്യത്തോട് ദുരന്തം നടന്ന് നാല് മാസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു.