തിരുവനന്തപുരം: എന്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ പ്രാമാണിത്വം ചെറുക്കാന്‍ നായാടി മുതല്‍ നസ്രാണി വരെ എന്ന പുതിയ സാമൂഹിക കൂട്ടായ്മയ്ക്ക് എസ്എന്‍ഡിപി യോഗം. തിങ്കളാഴ്ച മൈസൂരില്‍ നടന്ന സംഘടനയുടെ നേതൃക്യാമ്പിന്റെ സമാപനത്തിലായിരുന്നു ആഹ്വാനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്നോട്ടുവച്ച ആശയം ക്യാമ്പ് ഐകകണ്ഠ്യേന പാസാക്കി.
ഒരുകാലത്ത് എൻ എസ് എസിനെ കൂട്ടുപിടിച്ച് നായരീഴവ ഐക്യത്തിനായി ശ്രമിച്ചതും ഇദ്ദേഹമാണ് .2015 ല്‍, ‘നായാടി മുതല്‍ നമ്പൂതിരി വരെ’ ഐക്യത്തിന് ആഹ്വാനം ചെയ്തിരുന്നു. തുടക്കത്തില്‍ ഈ ആശയവുമായി എന്‍എസ്എസ് യോജിച്ചെങ്കിലും, പിന്നീട് ഇതില്‍ നിന്നും അകലം പാലിക്കുകയായിരുന്നു.
‘നായാടി മുതല്‍ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യം ‘നായാടി മുതല്‍ നസ്രാണി വരെ’ എന്നതിലേക്ക് ഞങ്ങള്‍ നീട്ടുകയാണ്. ‘ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്.’ വെള്ളാപ്പള്ളി നടേശന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
കേരള രാഷ്ട്രീയത്തില്‍ മുസ്ലീങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നു. അതുകൊണ്ടാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെക്കുന്നത്. പല ക്രിസ്ത്യന്‍ സമുദായ നേതാക്കളും അത് വ്യക്തിപരമായി സമ്മതിച്ചിട്ടുണ്ട്. ചില അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും അംഗീകരിക്കുന്നപക്ഷം ഈ നീക്കവുമായി മുന്നോട്ടുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.