വത്തിക്കാന്‍: ലോക മതസമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ മുമ്പില്‍നിന്നു ഗാനമാലപിച്ച് റോമിലെ മലയാളി വിദ്യാര്‍ഥികളും അത് രചിച്ച ഫാ. പോള്‍ സണ്ണിയും ഏവരുടെയും ശ്രദ്ധയും അഭിനന്ദനവും നേടി.
ശ്രീനാരായണഗുരു ആലുവായില്‍ വിളിച്ചു ചേര്‍ത്ത മതസൗഹാര്‍ദ്ദ സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വത്തിക്കാനില്‍ നടന്ന സര്‍വ്വമത സമ്മേളനം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയോടൊപ്പം ശിവഗിരി മഠത്തിലെ സന്ന്യസ്തരും വിവിധ മതങ്ങളിലെ പ്രതിനിധികളും പങ്കെടുത്ത പ്രത്യേക കൂടിക്കാഴ്ചയിലാണ് കുട്ടികള്‍ മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ഗാനം ആലപിച്ചത്.
ശ്രീനാരായണഗുരുവിന്റെ അദ്വൈത ദര്‍ശനത്തില്‍ അധിഷ്ഠിതമായി എഴുതിയ ഗാനം ഏറെ സന്തോഷത്തോടുകൂടിയാണ് ഫ്രാന്‍സിസ് പാപ്പ ശ്രവിച്ചത്. ഗാനത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ ഫ്രാന്‍സിസ് പാപ്പയ്ക്ക് നല്‍കിയിരുന്നു. ഇന്ത്യയുടെ ആത്മീയതയുടെയും വിശ്വസംസ്കാരത്തിന്റെയും ചൈതന്യം പേറുന്ന സന്ദേശം കുട്ടികള്‍ നന്നായി ആലപിച്ചുവെന്ന് ഫ്രാന്‍സിസ് പാപ്പ അവരെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. കുട്ടികള്‍ക്ക് പാപ്പ ജപമാല സമ്മാനിച്ച് അനുഗ്രഹങ്ങള്‍ നേര്‍ന്നു.
ജോഷ്ന, ജോയല്‍, സിന്‍ഡ്രല്ല, കമീല, എമിലിയ, ബില്ഗീസ്, ബെല്ഗ്രേന്സ്, ഡിവിന, കാതറിന് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ഗാനങ്ങള്‍ രചിച്ച ഫാ. പോള്‍ സണ്ണി തിരുവനന്തപുരം അതിരൂപതംഗമാണ്. കെആര്‍എല്‍സിസി യൂത്ത് കമ്മീഷന് സെക്രട്ടറിയായി ഏഴ് വര്‍ഷം സേവനം ചെയ്തു. ഇപ്പോള്‍ കത്തോലിക്കാ മലയാളികളുടെ നാഷണല്‍ കോര്‍ഡിനേറ്ററായി ഫാ. പോള്‍ സണ്ണി റോമില്‍ സേവനം ചെയ്യുന്നു. കവിയും എഴുത്തുകാരനുമാണ്. നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് അലക്സ് ആന്റണിയാണ്.