ന്യൂഡൽഹി: അദാനി വിഷയത്തിൽ പാർലമെൻ്റിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം. ഇരുസഭകളിലും വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാനാണ് കോൺഗ്രസിൻ്റെ തീരുമാനം. വിഷയത്തിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണമെന്നതാണ് കോൺഗ്രസിൻ്റെ ആവശ്യം. സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണത്തിലൂടെ സംഭവത്തിന്റെ പിന്നിലെ വസ്തുത അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് കാണിച്ചാകും കോൺഗ്രസ് അടിയന്തരപ്രേമേയ നോട്ടീസ് നൽകുക.
സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിഷയത്തിലെ പ്രതിഷേധം പാർലമെന്റിൽ തുടരും. മറ്റു നടപടികൾ എല്ലാം നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ ഇന്ത്യ മുന്നണിയുടെ തന്നെ ഭാഗമായ ത്യണമൂൽ കോൺഗ്രസിന് അദാനി വിഷയത്തിൽ പാർലമെൻ്റ് തടസ്സപ്പെടുത്തുന്ന നിലപാടിനോട് വിയോജിപ്പ് പ്രകടമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വിഷയത്തിൽ ഉണ്ടായ പ്രതിഷേധം പാർലമെന്റ് നടപടികളെ പൂർണമായും തടസ്സപ്പെടുത്തിയിരുന്നു.
അദാനി വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നിയമനിർമ്മാണ നടപടികളിലേക്ക് കടക്കാൻ പാർലമെന്റിന് ഇതുവരെയും സാധിച്ചിട്ടില്ല. നിയമനിർമ്മാണ അജണ്ടകളുടെ ഭാഗമായി ഇന്ന് ലോക്സഭയിൽ ദേശീയ ദുരന്തനിവാരണ ബിൽ ഭേദഗതി ചർച്ചയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.