ന്യൂഡൽഹി: കേരളത്തെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തില്‍ സംസ്ഥാനത്തിന് അടിയന്തര സഹായം നൽകുമെന്ന ഉറപ്പ് നൽകാതെ കേന്ദ്രം. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ വീണ്ടും സംസ്ഥാനത്തെ അവഗണിച്ചത് . പുനർനിർമ്മാണത്തിന് മതിയായ തുക സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി.
താൽക്കാലിക ദുരിതാശ്വാസത്തിനായി സംസ്ഥാനം ആവശ്യപ്പെട്ട 214.68 കോടി രൂപയിൽ 153.47 കോടി നൽകാൻ ഉന്നതാധികാര സമിതി തീരുമാനിച്ചെങ്കിലും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ മിച്ചമുള്ള തുകയുടെ 50 ശതമാനമായി ഇത് ക്രമീകരിച്ചിരിക്കയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലുണ്ടായിരുന്ന തുക 394.99 കോടി രൂപയായിരുന്നു. ഇതിന്റെ 50 ശതമാനം കഴിഞ്ഞദിവസം പ്രഖ്യാപിച്ച തുകയേക്കാൾ കൂടുതൽ ആയതിനാൽ ഇപ്പോൾ ഒരു രൂപ പോലും ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്നും സംസ്ഥാനത്തിന് ലഭിക്കില്ല.
ഉദാഹരണമായി 2019-–-20ൽ പ്രളയ, ഉരുൾപൊട്ടൽ ദുരന്ത നിവാരണത്തിനായി ഉന്നതാധികാര സമിതി 460.77 കോടി രൂപ അംഗീകരിച്ചെങ്കിലും ദേശീയ ദുരന്ത നിവാരണഫണ്ടിൽനിന്ന് സംസ്ഥാനത്തിന് തുകയൊന്നും ലഭിച്ചില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ഇതിലേറെ തുക നീക്കിയിരിപ്പുണ്ടെന്ന കാരണത്താലാണ് സഹായം നിഷേധിക്കുന്നത് .