ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ഫെംഗല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ. ഇതോടെ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്കൂളുകളും കോളേജുകളും അടച്ചു.
ചെന്നൈ, ചെങ്കല്‍പട്ട്, കൂടല്ലൂര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയും പുതുച്ചേരിയില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ബംഗാള്‍ ഉള്‍ക്കടലിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലുണ്ടായ അതിതീവ്ര ന്യൂനമര്‍ദം വടക്ക് – വടക്ക് കിഴക്കായി സഞ്ചരിച്ച് കൊടുങ്കാറ്റായി മാറുകയാണ്.
ശനിയാഴ്ച രാവിലെയോടെ പുതുച്ചേരിക്ക് സമീപം കരയ്ക്കല്ലിനും മഹാബലിപുരത്തിനും ഇടയില്‍ തമിഴ്നാട് പുതുച്ചേരി തീരം കടന്ന് മണിക്കൂറില്‍ 45 -55 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന കൊടുങ്കാറ്റ് തുടര്‍ന്ന് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കും.
കൊടുങ്കാറ്റ് ചെന്നൈ തീരം തൊടുന്നതോടെ തമിഴ്നാട്ടില്‍ കനത്ത മഴ ലഭിക്കും. ചെന്നൈയ്ക്ക് പുറമേ ചെങ്കല്‍പേട്ട്, വില്ലുപുരം, കൂടല്ലൂര്‍, മയിലാടുംതുറൈ, തിരുവാരൂര്‍, നാഗപട്ടിണം, തിരുവള്ളൂര്‍, കാഞ്ചീപുരം, അരിയാളൂര്‍, തഞ്ചാവൂര്‍ ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കും. പുതുച്ചേരിയിലും സമാനമായ മഴ ലഭിക്കും.