ന്യൂഡൽഹി: ഐഎസ്ആർഒയുടെ അത്യാധനിക വാർത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിക്ഷേപണം വിജയിച്ചു . ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്.
ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ൽ ചൊവ്വാഴ്ച പുലർച്ചെ 12.01 ഓടെയായിരുന്നു വിക്ഷേപണം. 34 മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.ഐഎസ്ആര്‍ഒ നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍വിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം.
അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്സിന്റെ സഹായം തേടിയത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കാന് ജിസാറ്റ്-20 സഹായിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും.