ഇംഫാൽ: മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്ക്ക് 12 നാണ് യോഗം. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കിയാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയത്.
മണിപ്പൂരില്‍ എൻഡിഎ സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) സഖ്യം വിട്ടു. സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് “അഗാധമായ ഉത്കണ്ഠ” പ്രകടിപ്പിച്ചു കൊണ്ടാണ് കോൺറാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിജെപി നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. സംഘർഷം തുടരുന്ന മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണിത്.
ഇതിനിടെ, മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ആസാമിൽ നദിയിൽനിന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. വിവസ്ത്രയായ നിലയില്‍ ഒരു സ്ത്രീയുടേയും ഒരു പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഞായറാഴ്ച വൈകുന്നേരം രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി തീയിട്ടു. രണ്ടു ദിവസത്തിനിടെ മന്ത്രിമാരുടേയും, 13 എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി വീടുകള്‍ക്ക് തീയിട്ടു.