വാഷിംഗ്ടൺ ഡിസി: ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാന്‍ യുക്രെയ്ന് അനുമതി നല്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തിനൊപ്പം ഉത്തര കൊറിയൻ സേനയേയും വിന്യസിക്കാനായി യുക്രെയ്ൻ നീക്കം നടത്തുന്ന പശ്ചാത്തലത്തലത്തിലാണ് അമേരിക്കയുടെ നിര്‍ണായക ഇടപെടല്‍.
നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമതലയേൽക്കാനിരിക്കെയാണ് ബൈഡന്റെ പുതിയ നീക്കം. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്.ആക്രമണത്തിനുള്ള അനുമതി യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, നിയന്ത്രണങ്ങൾ നീക്കുന്നതിനേക്കാൾ പ്രധാനം റഷ്യയെ ആക്രമിക്കാൻ ഉപയോഗിക്കുന്ന മിസൈലുകളാണ് എന്ന് സെലന്‍സ്കി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
റഷ്യയുമായുള്ള യുദ്ധത്തിന് വേഗത്തില്‍ പരിഹാരം കാണാന്‍ ട്രംപ് ഭരണകൂടത്തിന് കഴിയുമെന്ന് സെലെൻസ്കി നേരത്തെ പറഞ്ഞിരുന്നു. പബ്ലിക് ബ്രോഡ്കാസ്റ്റർ സുസ്പിൽനുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.