കൊച്ചി: മുനമ്പം വിഷയത്തിന്റെ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക ഇടതുപക്ഷമായിരിക്കുമെന്ന മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്.
വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തിയതിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രയാസപ്പെടുന്നത് ഇടതു പക്ഷമല്ല മുസ്ലീം ലീഗ് നേതൃത്വമാണ്. കാരണം ലീഗ് നേതാക്കന്മാര് വഖഫ് ഭരണം നിയന്ത്രിച്ച കാലത്താണ് ഏറിയ പങ്ക് സ്വത്തും നഷ്ടപ്പെട്ടത്. ഉദാഹരണത്തിന് തളിപ്പറമ്പില്‍ 1937 ല്‍ വഖഫ് ചെയ്യപ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 634 ഏക്കര്‍ ആയിരുന്നു. ഇപ്പോള്‍ 70 ഏക്കറില്‍ താഴെയായി അതു ചുരുങ്ങിയതായി പി ജയരാജന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘1967 ലാണ് ഏറിയ പങ്ക് സ്വത്തും കൈമാറ്റം ചെയ്യപ്പെട്ടത്.വഖഫ് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട മുതവല്ലി , എഴുതാനും വായിക്കാനും അറിയാത്ത തന്റെ ഡ്രൈവര്‍ ‘കൊട്ടന്’ പച്ചക്കറി കൃഷി നടത്താന്‍ പാട്ടത്തിന് വഖഫ് ഭൂമി നല്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ‘കൊട്ടന്’ ഈ ഭൂമിക്ക് നികുതി അടയ്ക്കാന്‍ അനുവാദം കിട്ടുന്നു. പിന്നീട് പട്ടയം ലഭിക്കുന്നു.
പട്ടയം ലഭിച്ച ഭൂമി മുതവല്ലിയുടെ ബന്ധുവിന് കൈമാറ്റം ചെയ്യുന്നു. ഇതെല്ലം ഒത്തുകളിയാണ്. അങ്ങനെ ഈ ഭൂമി വഖഫ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മറ്റൊരു ഉദാഹരണം പറയാം; തളിപ്പറമ്പില്‍ തന്നെ ഉള്ള വഖഫ് സ്വത്തില്‍ മഹല്ല് കമ്മിറ്റിയുടെ കടം വീട്ടാന്‍ 10 സെന്റ് ഭൂമി വില്ക്കാന് ലീഗ് നേതൃത്വത്തിലുള്ള വഖഫ് ബോര്‍ഡ് അനുമതി നല്കുന്നു. ഇതിന്റെ മറ പിടിച്ച് ലീഗ് നേതൃത്വത്തിലുള്ള മഹല്ല് കമ്മിറ്റി നിരവധി 10 സെന്ററുകള്‍ വിറ്റു കാശാക്കി.’- പി ജയരാജന് കുറിച്ചു.