കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ പണം ഉണ്ടെന്ന് ആവർത്തിച്ച് കേന്ദ്രം.ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.
പോസിറ്റീവായ ഉറപ്പ് കേന്ദ്രത്തിൽനിന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും നടപടികൾ വൈകുകയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചതിൽ ഉൾപ്പെടെ കേന്ദ്രം പണം ആവശ്യപ്പെട്ടെന്നും എജി കോടതിയെ അറിയിച്ചു. കേന്ദ്രം കുടുതൽ സഹായം കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്ന് കോടതിയും ചോദിച്ചു.
വയനാടിനു പണം നൽകിയില്ല എന്ന കാര്യത്തിൽ നിലപാട് പറയുന്നില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ എഎസ്ജി പറഞ്ഞു. ഈ മാസം അവസാനത്തോടെ എത്ര പണം നൽകുമെന്ന കാര്യത്തിൽ കൃത്യമായ നിലപാട് അറിയിക്കുമെന്നും എഎസ്ജി കോടതിയെ അറിയിച്ചു. കേസ് വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
വയനാടിനോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ മന്ത്രി കെ.രാജന് രംഗത്തുവന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു.
കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും നല്‍കിയില്ല. എസ്ഡിആര്എഫില് തുകയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
കേരളത്തിന്റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകും. കേരളത്തെ ബോധപൂര്‍വം ഒറ്റപ്പെടുത്തുകയാണ്. കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുകയാന്നെന്നും മന്ത്രി പറഞ്ഞു.