കൊച്ചി:ജീവനാദം വാരികയുടെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന പ്രൊഫ.മാത്യു ജെ വാസ് കടവിൽപറമ്പിൽ വിട പറഞ്ഞു .സംസ്കാരം കലൂർ സെൻ്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ നടന്നു. കേരള ലത്തീൻ സഭയുടെ മുഖപത്രമായി ജീവനാദം ആരംഭിക്കുന്നതിനു മുന്നോടിയായി എറണാകുളം മാർക്കറ്റ് റോഡിൽ കെആർഎൽസിബിസി മീഡിയ സെക്രട്ടറിയേറ്റ് എന്ന പേരിൽ ഓഫീസ് ആരംഭിച്ച കാലം മുതൽ ജീവനാദത്തോട് ചേർന്ന് നിന്ന് പ്രവർത്തിച്ച വലിയ വ്യക്തിത്വമായിരുന്നു മാത്യു ജെ വാസ്.
ജീവനാദം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ മൂന്നര വർഷക്കാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു.
2005 ഡിസംബർ 4 ന്ജീവനാദം വാരികയുടെ പ്രകാശന കർമ്മം എറണാകുളം പാപ്പാളി ഹാളിൽ നടന്ന സമ്മേളനത്തിനു മുന്നോടിയായി മാനേജിങ് എഡിറ്റർ ഫാ.മരിയൻ അറക്കലിനോടൊപ്പം അതിൻ്റെ ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു.
ആരംഭകാലങ്ങളിൽ പത്രത്തിന്റെ വിതരണവും ഓഫീസ് അഡ്മിനിസ്ട്രേഷനും എല്ലാം നോക്കി നടത്തുന്നതിൽ പ്രത്യേക താൽപര്യം കാണിച്ചു.
കൊല്ലം രൂപത കോവിൽതോട്ടം സെൻറ് ആൻഡ്രൂസ് അംഗമായിരുന്ന മാത്യു ജെ വാസ് എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് എറണാകുളത്തേക്ക് താമസം മാറ്റിയത്. പിന്നീട് സെൻ്റ് ആൽബർട്സ് കോളേജിന്റെ പ്രിൻസിപ്പലായി വിരമിച്ചു. തുടർന്ന് എറണാകുളം വിദ്യാനികേതൻ കോളേജിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു.
അതിനെ തുടർന്നാണ് ജീവനാദം വാരികയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനം അനുഷ്ഠിക്കുന്നത്.
ജീവനാദത്തിലെ ആദ്യകാല സ്റ്റാഫ് അംഗങ്ങളെ കണ്ടെത്തി നിയമിച്ചതും
പരിശീലനം നൽകിയതും മാത്യു സാറും മരിയാൻ അച്ചനും ചേർന്നാണ്.
ദൂരെ സ്ഥലങ്ങളിലേക്ക് ജീവനാദം വാരിക കെട്ടുകളാക്കി അയക്കുന്നതും അതിൻ്റെ വിതരണ ചുമതലയും ഒക്കെ മേൽനോട്ടം വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു.
വരാപ്പുഴ അതിരൂപതയിലെ അല്മായ പ്രസ്ഥാനങ്ങളോട് എന്നും താല്പര്യം പ്രകടിപ്പിച്ച ഒരു വ്യക്തിത്വം ആയിരുന്നു വാസ് സാറിന്റേത്. അക്കാലത്ത്
ലാറ്റിൻ കാത്തലിക് അസോസിയേഷന്റെയും കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെയും പരിപാടികളിൽ സ്ഥിരസാന്നിധ്യമായിരുന്നു. വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നതിനും മുഖ്യപ്രാസംഗികനായും
ശ്രോതാവായും അദ്ദേഹം എത്തുമായിരുന്നു. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിനോടുള്ള അടുപ്പമാണ് ജീവനാദത്തിലേക്ക് കടന്നുവരാൻ ഉണ്ടായ കാരണം.
എറണാകുളത്തെ ലക്കി സ്റ്റാർ ബിൽഡിങ്ങിൽ മീഡിയ ഓഫീസ് ആരംഭിക്കുന്നതും ഓഫീസിനു വേണ്ട സജ്ജീകരണങ്ങൾ ചെയ്യുന്നതും സാറിൻ്റെ നേതൃത്വത്തിലാണ്. കലൂർ ആസാദ് റോഡ്പി .സി റോഡിലെ വീട്ടിലായിരുന്നു താമസം.ഭാര്യ ഡെറിൽ, മക്കൾ ഷീബ, സോണിയ, സാൽവൻ.
മാത്യു ജെ വാസിൻ്റെ നിര്യാണത്തിൽ ജീവനാദം മാനേജിംഗ് എഡിറ്റർ ഫാ. ജോൺ കാപിസ്റ്റൻ ലോപ്പസ്, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ്, എന്നിവർ അനുശോചിച്ചു. ജീവനാദം മാനേജിംഗ് എഡിറ്റർക്കു വേണ്ടി ഓഫീസ് ഇൻ ചാർജ് സിബി ജോയ് പുഷ്പചക്രം സമർപ്പിച്ചു.