മലപ്പുറം: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിന്റേത് പക്ഷപാത നിലപാടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രി വന്ന് ഫോട്ടോഷൂട്ടൊക്കെ നടത്തിപ്പോയതാണ്. കേരളം കേന്ദ്രത്തിന്റെ ഭൂപടത്തില്‍ ഇല്ല. കേരളത്തിന്റെ ഭൂപടത്തില്‍ അവരും ഉണ്ടാകാന്‍ പാടില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് ഒറ്റക്കെട്ടായി മറുപടി പറയണമെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെയും കുഞ്ഞാലിക്കുട്ടി വിമര്‍ശനം ഉന്നയിച്ചു. കേന്ദ്ര സഹായം നേടി എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള സര്‍ക്കാര്‍ കത്ത് എഴുതി കാത്തിരിക്കുകയാണ് ചെയ്തത്. സഹായം വാങ്ങി എടുക്കാന്‍ കേരളത്തിന് ത്രാണി ഇല്ലാതെപോയി. വയനാട്ടില്‍ ഒരുനാടുതന്നെ ഒഴുകിപ്പോയി. ദുരിതബാധിതരെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സഹായം വേണം. സന്നദ്ധ സംഘടനകളുടെ സഹായം മാത്രം പോരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.