ജെയിംസ് അഗസ്റ്റിന്
പള്ളിമണികളുടെ ശബ്ദം മാത്രം റെക്കോര്‍ഡ് ചെയ്ത് ഒരു ആല്‍ബമിറങ്ങിയിട്ടുണ്ട്. ലോക സംഗീത ചരിത്രത്തില്‍ത്തന്നെ അപൂര്‍വമായൊരു സംഭവമായിരുന്നു അത്. യൂറോപ്പിലെ പ്രസിദ്ധമായ പല കത്തീഡ്രലുകളിലും മൂന്നിലധികം പള്ളിമണികള്‍ ഉണ്ടാകും. ഈ പള്ളിമണികള്‍ സംഗീതം പൊഴിക്കുന്ന വിധത്തില്‍ ക്രമീകരിക്കുന്ന വിദഗ്ധരും അവിടെയുണ്ട്. ക്രിസ്മസ് കാലമാകുമ്പോള്‍ ഈ പള്ളിമണികളില്‍ നിന്നും ലോകപ്രശസ്തമായ ക്രിസ്മസ് പാട്ടുകളുടെ ഈണം അലയടിക്കും. ക്രിസ്മസ് യൂറോപ്പിലെങ്ങും മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ നിറഞ്ഞതാണല്ലോ.
കത്തീഡ്രലുകളിലെ ഈ മണിനാദം നേരില്‍ കേള്‍ക്കുവാനായി സഞ്ചാരികള്‍ വരുന്നതും പതിവാണ്. ഇങ്ങനെ പള്ളിമണികള്‍ മുഴക്കിയ ക്രിസ്മസ് ഈണങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ ആല്‍ബമാണ് ‘ദി ബെല്‍സ് ഓഫ് ക്രിസ്മസ്’.
പള്ളിമണികള്‍ പാടിയ ക്രിസ്മസ് പാട്ടുകള്‍ ചേര്‍ത്ത ആല്‍ബം ലേസര്‍ ലൈറ്റ് എന്ന പ്രശസ്തമായ സംഗീതനിര്മ്മാണക്കമ്പനി 1995-ലാണ് റിലീസ് ചെയുന്നത്.
അമേരിക്കന്‍ കമ്പനിയായ ലേസര്‍ ലൈറ്റ് അതിപ്രശസ്തമായ നിരവധി ആല്‍ബങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും എല്‍.പി. റെക്കോര്‍ഡുകളും ഡിജിറ്റല്‍ രൂപത്തില്‍ പുനഃപ്രകാശനം ചെയ്തു ക്ലാസിക് റെക്കോര്‍ഡിങ്ങുകള്‍ പുതുതലമുറയ്ക്ക് കൈമാറാനും ലേസര്‍ ലൈറ്റ് എന്ന കമ്പനിക്ക് കഴിഞ്ഞു. ഇന്ത്യന്‍ സംഗീതഞ്ജരായ രവിശങ്കര്‍, ഹരിപ്രസാദ് ചൗരസ്യ, ശിവകുമാര്‍ ശര്‍മ എന്നിവരുടെ ആല്‍ബങ്ങള്‍ ലേസര്‍ ലൈറ്റ് കമ്പനി നിര്‍മിച്ചിട്ടുണ്ട്.
‘ദി ബെല്‍സ് ഓഫ് ക്രിസ്മസ്’ എന്ന ആല്‍ബത്തില്‍ 50 ക്രിസ്മസ് ഈണങ്ങള്‍ നമുക്കു കേള്‍ക്കാം. തെക്കന്‍ യൂറോപ്പിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ നിന്നും തുടങ്ങിയ റെക്കോര്‍ഡിങ് അവസാനിക്കുന്നത് ബെത്ലഹേമിലെ പള്ളിയിലാണ്.
ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ് കത്തീഡ്രല്‍, സെന്റ്. പീറ്റേഴ്സ് മൊണാസ്ട്രി, വിയെന്നയിലെ സെന്റ്. സ്റ്റീഫന്‍സ് കത്തീഡ്രല്‍, പാരീസിലെ നോത്രദാം കത്തീഡ്രല്‍ എന്നിവിടങ്ങളിലെ മണിനാദം ആദ്യഭാഗത്തു കേള്‍ക്കാം.
രണ്ടാം ഭാഗത്തില്‍ ജര്‍മനിയിലെ പ്രശസ്തമായ ഇരുപതോളം കത്തീഡ്രലുകളിലെ മണിയടി ശബ്ദമാണ് ചേര്‍ത്തിട്ടുള്ളത്. ഏഴാം നൂറ്റാണ്ടില്‍ എര്‍ഫര്‍ട്ട് നഗരത്തില്‍ നിര്‍മിച്ച പ്രശസ്തമായ സെന്റ് മേരീസ് കത്തീഡ്രലില്‍ 12 പള്ളിമണികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ പള്ളിമണികള്‍ക്കും പേരും നല്‍കിയിട്ടുണ്ട്. ഇതില്‍ മരിയ ഗ്ലോറിയോസ്സ എന്ന പേരിലുള്ള മണിയുടെ വ്യാസം എട്ടര അടിയാണ്. പതിമൂന്നു ടണ്‍ ഭാരമുള്ള ഈ പള്ളിമണിയുടെ ശബ്ദവും നമുക്ക് ഇതേ ആല്‍ബത്തില്‍ കേള്‍ക്കാം.
ഇംഗ്ലണ്ട്, ചെക്കോസ്ലോവാക്യ, ഗ്രീസ്, ബള്‍ഗേറിയ, ഫിന്‍ലാന്‍ഡ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കത്തീഡ്രലുകളിലെ മണിനാദവും തുടര്‍ന്നു കേള്‍ക്കാം.
സൈലന്റ് നൈറ്റ്, മേരീസ് ബോയ് ചൈല്‍ഡ്, ജിംഗിള്‍ ബെല്‍സ്, കാരള്‍ ഓഫ് ദി ബെല്‍സ്, ജോയ് ടു ദി വേള്‍ഡ്, ഓ കം ലെറ്റസ് അഡോര്‍ ഹിം തുടങ്ങിയ പരമ്പരാഗത ക്രിസ്മസ് ഗീതങ്ങളെല്ലാം മണിനാദത്തിലൂടെ നമുക്ക് കേള്‍ക്കാം.
നവംബര്‍ മുതല്‍ ജനുവരി വരെ ഈ പള്ളികളിലെല്ലാം മുഴങ്ങുന്ന ക്രിസ്മസിന്റെ ഈണം ലോകമെങ്ങും എത്തിക്കുവാന്‍ ഈ ആല്‍ബത്തിനു കഴിഞ്ഞു.