റവ. ഡോ. ഗ്രിഗറി ആര്‍ബി
സഭയുടെ തുടര്‍ച്ച
ഈ സിനഡ് പൂര്‍ണമാകുന്നത് തുടര്‍ന്നു സാര്‍വത്രികസഭയില്‍ നടക്കേണ്ട നടപ്പാക്കല്‍ ഘട്ടത്തിലൂടെയാണ്. അതിലേക്ക് നയിക്കുന്ന പ്രധാന മാര്‍ഗരേഖയായാണ് പരിശുദ്ധ പിതാവ് സിനഡല്‍ രേഖ അംഗീകരിക്കുന്നത്. ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെ കാലത്തിലും സ്ഥലത്തിലുമുള്ള തുടര്‍ച്ചയാണല്ലോ സഭ. അതുകൊണ്ടുതന്നെ സിനഡല്‍ രേഖയായി പുറത്തുവന്നിരിക്കുന്ന ഈ തിരുവെഴുത്ത് സഭയുടെതന്നെ മുന്‍ കൗണ്‍സിലുകളുടെ തുടര്‍ച്ചയായി പരിഗണിക്കാവുന്നതാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയെക്കുറിച്ച് പഠിപ്പിച്ച ‘സഭ രഹസ്യം’ ആണെന്നും ‘ദൈവജനം’ ആണെന്നും ‘ഐക്യത്തിന്റെ കൂദാശ’ ആണെന്നുമുള്ള ദൈവശാസ്ത്ര ചിന്തകളാണ് സിനഡാത്മകതയുടെ അടിസ്ഥാനമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായുള്ള സ്വീകരിക്കലും കാലഘട്ടത്തിനു ചേര്‍ന്ന രീതിയിലുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ശക്തമായ പുനര്‍ജനനവുമാണ് സിനഡല്‍ രേഖകള്‍. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തുടര്‍ച്ചയായാണ് ഈ സിനഡല്‍ രേഖകള്‍ കാണേണ്ടതും മനസ്സിലാക്കേണ്ടതും.
സംഗ്രഹം
അഞ്ച് ഭാഗങ്ങളായിട്ടാണ് ഈ സിനഡല്‍ രേഖ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നാമത്തെ ഭാഗത്തില്‍ സിനഡാത്മകതയുടെ ‘ഒരു ഹൃദയ’മായി ചിത്രീകരിച്ചിരിക്കുന്നത് പങ്കാളിത്തസഭ പ്രേഷിതസഭയായി തീരുവാനുതകുന്ന ആധ്യാത്മിക നവീകരണ രീതികളും ഘടനാപരമായ പരിഷ്കാര മാര്‍ഗങ്ങളും സഭയില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ടാണ്. അതാകട്ടെ, ക്രിസ്തുപ്രകാശം പ്രതിഫലിപ്പിച്ചുകൊണ്ട് എല്ലാ മനുഷ്യരോടുമൊപ്പം സഭയ്ക്ക് സഞ്ചരിക്കുവാന്‍ പര്യാപ്തമായ മാര്‍ഗങ്ങളും ദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്ന രീതിയിലാകാം. ഇതിലൂടെ സഭയുടെ ഐക്യമെന്നത് വൈവിധ്യമാര്‍ന്ന ബന്ധങ്ങളിലൂടെ രൂപപ്പെടുന്ന നാനാത്വത്തിലുള്ള ഏകത്വമാണെന്ന് സഭ അടിവരയിട്ടു പറയുന്നു.
‘വഞ്ചിയില്‍ ഒരുമിച്ച്’ എന്ന രണ്ടാം ഭാഗത്തില്‍ ബന്ധങ്ങളുടെ പരിപോഷണത്തിന്റെ വിവിധ മാനങ്ങള്‍ അവതരിപ്പിക്കുന്നു. ബന്ധങ്ങളെക്കുറിച്ച് സുവിശേഷം നല്കുന്ന സന്ദേശം സഭയിലെ വിവിധ ഘടനകള്‍ കൂടുതല്‍ കാര്യക്ഷമതയുള്ളതാക്കുക എന്നതിലുപരി ബഹുസ്വരതയിലേക്കു തുറവിയുള്ളവരാക്കുക എന്നതാണ്. ബന്ധങ്ങളിലൂടെ ആരെയും വേര്‍തിരിച്ച് മാറ്റിനിര്‍ത്താതെ എല്ലാവരെയും സഭയില്‍ ഉള്‍ച്ചേര്‍ത്തുകൊണ്ട് പ്രേഷിതസഭയായി മുന്നേറുക എന്നതാണ് സിനഡല്‍ രേഖയുടെ പ്രധാന പ്രമേയങ്ങളില്‍ ഒന്ന്. ഗര്‍ഭസ്ഥശിശുക്കളെയും വാര്‍ധക്യത്തിലെത്തിയവരെയും വേര്‍പെടുത്തി മുറിച്ചുമാറ്റുന്ന തിന്മ വേദനാജനകമാണെന്ന് ഈ രേഖ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ അഭിഷിക്ത ശുശ്രൂഷകരും ലക്ഷ്യമാക്കേണ്ടത് പരിശുദ്ധാത്മാവിന്റെ ദാനമായ ഐക്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് വ്യത്യസ്ത നിലപാടുകളിലും ജീവിതരീതികളിലും ജീവിക്കുന്നവരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ്. അതിനുതകുന്ന ഘടനാപരമായ സംവിധാനങ്ങള്‍ സഭയില്‍ അടിയന്തരമായിതന്നെ രൂപപ്പെടുത്തേണ്ടതുണ്ട്.
‘വലയെറിയുവിന്’ എന്ന മൂന്നാമത്തെ ഭാഗത്തില്‍ സിനഡാത്മക സഭയില്‍ ഉണ്ടാകേണ്ട നടപടിക്രമങ്ങള്‍ ചര്‍ച്ചയാക്കുന്നു. പ്രത്യേകിച്ച്, തീരുമാന പ്രക്രിയയില്‍ ഉണ്ടാകേണ്ട പങ്കാളിത്തവും പുതിയ രീതിയിലുള്ള പരസ്പര വിനിമയ ശൃംഖലയുടെ രൂപീകരണവും എടുത്തുകാട്ടുന്നു. ‘സമൃദ്ധമായ നിറയല്‍’ എന്ന നാലാം ഭാഗത്ത് നടപ്പാക്കല്‍ ഘട്ടത്തിലുണ്ടാകേണ്ട സ്ഥാപന സംഘടന പ്രക്രിയകളെക്കുറിച്ചാണ് പരിചിന്തനം ചെയ്യുന്നത്. വിവിധ സമിതികളും മെത്രാന്മാരും പരിശുദ്ധ പിതാവുമായ സിനഡാത്മക സഭയില്‍ രൂപപ്പെടേണ്ട ബന്ധങ്ങളാണ് ഇവിടെ പ്രമേയങ്ങളായി വരുന്നത്. ബിഷപ്പുമാര്‍ക്കുള്ള വ്യക്തിഗത അധികാരങ്ങളെ അസാധുവാക്കാനോ പ്രാദേശിക മെത്രാന്മാര്ക്ക് സാര്‍വത്രിക സഭയുമായുള്ള ബന്ധത്തെ വെല്ലുവിളിക്കുവാനോ ഉതകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അവലംബിക്കാന്‍ പാടുള്ളതല്ലെന്ന് സിനഡല്‍ രേഖ എടുത്തുപറയുന്നു.
അഞ്ചാമത്തെ ഭാഗമായ ‘ഞാന്‍ നിങ്ങളെ അയക്കുന്നു’ എന്ന ഭാഗം സഭയുടെ പ്രധാന ദൗത്യമായ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ കാലിക പ്രസക്തി വ്യക്തമാക്കാന്‍ പോന്നതാണ്. യഥാര്‍ഥ ശിഷ്യരും പ്രേഷിതരുമായി തീരുവാന്‍ ഉത്തമ സിനഡല്‍ മാതൃകയായി സഭയില്‍ പരിശുദ്ധ കന്യകമാതാവ് നിലകൊള്ളുന്നത് ഏവര്‍ക്കും പ്രചോദനമാകുന്നു. ദൈവസ്വരം നിരന്തരം ശ്രവിച്ചുകൊണ്ട് പ്രാര്ഥനാനിര്ഭരതയില് ദൈവമായി ബന്ധത്തിലായിരുന്നുകൊണ്ട് അവിടത്തോട് അവിരാമം സംവദിച്ചുകൊണ്ടും അവിടത്തെ അനുധാവനം ചെയ്തുകൊണ്ടും ദൈവഹിതാനുസരണം തീരുമാനങ്ങളെടുത്ത് ജീവിച്ച പരിശുദ്ധ കന്യകമാതാവ് തന്നെയാണ് സിനഡാത്മകതയുടെ ഉത്തമ മാതൃക.
നവീകരണ വിഷയങ്ങള്‍
1. ഘടനാപരമായ നവീകരണം
ഇടവക, രൂപത തുടങ്ങിയ എല്ലാ സമിതികളും സിനഡാത്മക ചൈതന്യത്തില്‍ ശക്തിപ്പെടുത്തേണ്ടതാണ്. ഇതിനായി വിവിധ തലങ്ങളില്‍ തുടര്‍ച്ചയായ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് സംവാദ അടിസ്ഥനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്. അന്തിമ തീരുമാനം എടുക്കുന്നതിനുള്ള പരമാധികാരം ബിഷപ്പുമാരില്‍ നിക്ഷിപ്തമായിരിക്കും. എന്നിരുന്നാലും, പ്രായോഗികമായി തീരുമാനിക്കുമ്പോഴും നടപ്പിലാക്കുമ്പോഴും ഈ അധികാരം അവരില്‍ മാത്രം പരിമിതപ്പെടുത്താന്‍ പാടുള്ളതല്ല എന്ന് സിനഡല്‍ രേഖ വ്യക്തമാക്കുന്നു. വിവിധ സമിതികളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് കൂട്ടായ ചര്‍ച്ചകളിലൂടെയും ആലോചനകളിലൂടെയും ഉരുത്തിരിയുന്ന വെളിച്ചത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് സിനഡല്‍ രേഖ വ്യക്തമാക്കുന്നു. അതുപോലെതന്നെ, വിവിധ സഭാസമിതികള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കുവാനുള്ള തുറന്ന സാധ്യതകളാണ് സിനഡല്‍ രേഖ അവതരിപ്പിച്ചിരിക്കുന്നത്.
2. സ്ത്രീ പങ്കാളിത്തം
സഭയിലെ വിവിധ ശുശ്രൂഷകളില്‍ സ്ത്രീ പങ്കാളിത്തം വ്യാപകമായും കാര്യക്ഷമമായും ഉറപ്പിക്കാന്‍ ഉതകുന്ന തീരുമാനങ്ങളാണ് സിനഡ് കൈക്കൊണ്ടിരിക്കുന്നത്. സ്ത്രീകളെ സഭയില്‍ വ്യത്യസ്ത മേഖലകളില്‍ പ്രധാന നേതൃത്വനിരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അവരുടെ കാരിസവും വിളിയും ദൗത്യവും സ്വതന്ത്രമായി നിര്‍വഹിക്കപ്പെടുവാന്‍ തടസങ്ങളുണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനശൈലിയാണ് സഭയില്‍ രൂപപ്പെടേണ്ടത്. അതിനായി നിലവിലുള്ള കാനോന്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ വനിതകളെ അവരായിരിക്കുന്ന അവസ്ഥയില്‍ അംഗീകരിച്ചുകൊണ്ട് നേതൃത്വനിരയിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ സഭയെന്നും പ്രതിജ്ഞാബദ്ധമാണ് എന്ന് സിനഡല്‍ രേഖ വ്യക്തമാക്കുന്നു. വനിതകളുടെ ഡീക്കന്‍ ശുശ്രൂഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വ്യാപകമായ പഠനങ്ങളും ചര്‍ച്ചകളും ആവശ്യപ്പെടുന്നതുകൊണ്ട് ഒരു വിദഗ്ധ സമിതി അതിന്റെ സാധ്യതകളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തവര്‍ഷത്തോടെ അവരുടെ പഠന റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ വനിതകളുടെ ഡീക്കന്‍ ശുശ്രൂഷ പ്രവേശനം ഒരു അടഞ്ഞ അധ്യായമായി കാണാന്‍ പാടുള്ളതല്ല.
3. അല്മായ ശുശ്രൂഷ വേദികള്‍
അല്മായ പങ്കാളിത്തം വഴി സഭ സജീവമാകുന്നത് വിവിധ പ്രവര്‍ത്തന മേഖലകള്‍ അവര്‍ക്കായി തുറന്നുകൊടുക്കുമ്പോഴാണ്. വിവിധ ശുശ്രൂഷ സമിതികളും ഫോറങ്ങളും ക്രമപ്പെടുത്തിക്കൊണ്ട് അല്മായര്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുതകുന്ന വേദികള്‍ സഭയില്‍ സജ്ജമാക്കേണ്ടതാണ്. വായന ശുശ്രൂഷകളിലും അള്‍ത്താര ശുശ്രൂഷകളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അല്മായര്ക്ക് കൂടുതല്‍ കാര്യക്ഷമമായ പങ്കാളിത്തം എല്ലാ സ്ഥലങ്ങളിലും നടപ്പാക്കപ്പെടുന്നുവെന്ന് അധികാരികള്‍ ഉറപ്പാക്കേണ്ടതാണ്. അതിനാവശ്യമായ പരിശീലന കളരികളും കൂടുതല്‍ വ്യാപകമായി സംഘടിപ്പിക്കേണ്ടതാണ്. സെമിനാരി പരിശീലനത്തില്‍ സ്ത്രീകളും അല്മായരും കൂടുതല്‍ സജീവമായി പങ്കാളികളാകേണ്ട ആവശ്യകതയിലേക്ക് സിനഡ് വിരല്‍ ചൂണ്ടുന്നു. അല്മായരുള്പ്പെടുന്ന വിവിധ സമിതികള്‍ ബിഷപ്സ് കോണ്‍ഫറന്‍സുകളുമായി ബന്ധപ്പെടുത്തി രൂപപ്പെടുത്തുവാന്‍ സിനഡല്‍ രേഖ നിര്‍ദേശിക്കുന്നു. ദേശീയവും പ്രാദേശികവുമായ വിവിധ സമിതികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവ്യക്തതകള്‍ നീക്കുവാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള ആവശ്യകത സിനഡല്‍ രേഖ ചൂണ്ടിക്കാണിക്കുന്നു.
ക്രോഡീകരണം
സിനഡാത്മക സഭയായി രൂപപ്പെടേണ്ടത് എല്ലാ ജീവിതതുറകളിലുമുള്ള മനുഷ്യരെയും ശ്രവിച്ചുകൊണ്ട് എല്ലാവര്ക്കും എല്ലാമായി തീരുന്ന ഒരു സാര്‍വത്രികസഭ രൂപീകരിക്കുന്നതിലൂടെയാണ് എന്ന് സിനഡല്‍ രേഖ സ്വപ്നം കാണുന്നു. കൂടുതല്‍ വനിതകള്‍ ഉള്‍പ്പെടുന്ന അല്മായപങ്കാളിത്തവും കൂട്ടായ്മയും സഭയെ ഘടനയിലും സ്വഭാവത്തിലും കൂടുതല്‍ പ്രേഷിതയും കാലികപ്രസക്തിയുള്ളവളുമാക്കുന്നു. ആരെയും വേര്‍തിരിക്കാതെയും ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്താതെയും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സഭാ സംവിധാനമാണ് സിനഡാത്മക സഭയിലൂടെ രൂപപ്പെടേണ്ടത്. സിനഡാത്മക സഭ അധികാര വികേന്ദ്രീകരണത്തില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ട് നിശബ്ദതയിലായിരിക്കുന്നവരെയും വിമര്ശനത്തിലേര്പ്പെടുന്നവരെയും ഉള്‍പ്പെടുത്തി യുഗാന്ത്യത്തിലേക്ക് തീര്‍ഥാടനം ചെയ്യുന്ന ഒന്നായി തീരുവാനുള്ള ആഹ്വാനമാണ് സിനഡാത്മക സിനഡ് രേഖകള്‍ മുന്നോട്ടുവയ്ക്കുന്നത്. അതിനുള്ള തുറവിയും സഹവര്‍ത്തിത്വവും സമൃദ്ധമാകാന്‍ സര്‍വശക്തനോട് പ്രാര്‍ഥിക്കേണ്ടതുണ്ട്.