വയനാട്: തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ പ്രചാരണത്തിനും ചൂടേറുന്നു. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും വയനാട്ടില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി താര പ്രചാരകരും കളത്തിലിറങ്ങി.
ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസിന് വേണ്ടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് പ്രചാരണത്തിനിറങ്ങിയത്. കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ പാർലമെൻ്റ് എംപിയും ഒരു കേന്ദ്രമന്ത്രിയും കൂടെ ഉണ്ടാകുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കമ്പളക്കാട് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.
മറുവശത്ത്, കോണ്‍ഗ്രസിനായി ഇന്ത്യയുടെ അഭിമാന ഗുസ്തി താരം വിനേഷ് ഫോഗട്ടും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റുമാണ് പ്രചാരണത്തിനെത്തിയത്. ബിജെപിക്കെതിരെ ആഞ്ഞടിച്ചാണ് വിനേഷ് വയനാട്ടില്‍ കോണ്‍ഗ്രസ് പ്രചാരണം കൊഴുപ്പിച്ചത്.
ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ ബിജെപി സംരക്ഷിച്ചപ്പോൾ നീതിക്ക് വേണ്ടി തങ്ങള്‍ക്ക് വലിയ പോരാട്ടം നടത്തേണ്ടി വന്നതായി വിനേഷ് ഫോഗട്ട് പറഞ്ഞു. ആ പോരാട്ടം തങ്ങൾക്ക് വേണ്ടി മാത്രമായിരുന്നില്ലെന്നും സമൂഹത്തിന് വേണ്ടി കൂടിയായിരുന്നു എന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍മാരോട് സംവദിച്ചും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും സിപിഐ സ്ഥാനാര്‍ഥി സത്യന് മൊകേരിയും സജീവമായി മണ്ഡലത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കം സത്യന് മൊകേരിക്ക് വേണ്ടി പ്രചാരണത്തിനെത്തി. കര്‍ഷക നേതാവ് കൂടിയായ സത്യന് മൊകേരിയാണ് വയനാടിന് ആവശ്യമെന്ന് മുഖ്യമന്ത്രി കല്പറ്റ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു.