ജെക്കോബി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേന്ന് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍ ബോര്‍ഡ് ട്രംപിനെതിരെ 112 വാക്കുകള്‍ മാത്രമുള്ള ഒരു മുഖപ്രസംഗം എഴുതി: നിങ്ങള്‍ക്ക് ഡോണള്‍ഡ് ട്രംപിനെ അറിയാം. നയിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. ഒരു പരിധിയുമില്ലാതെ നുണ പറയുന്നയാളാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണ്, ജനാധിപത്യത്തിന് ഭീഷണിയായി തുടരുന്നു. ഗര്‍ഭച്ഛിദ്ര അവകാശം സംബന്ധിച്ച സുപ്രീം കോടതി വിധി റദ്ദാക്കുന്നതിന് ഇടയാക്കിയ ആള്, അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ട്രംപിന്റെ അഴിമതിയും നിയമവിരുദ്ധതയും തിരഞ്ഞെടുപ്പിനും അപ്പുറമാണ്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അദ്ദേഹത്തെ നിയന്ത്രിക്കാനാവില്ല. ട്രംപിന് വീണ്ടും ഭരണം കിട്ടിയാല്‍ അതു കാലാവസ്ഥയ്ക്കു ദോഷമാണ്, സഖ്യങ്ങള്‍ തകരും, സ്വേച്ഛാധിപതികള്‍ക്ക് ശക്തി വര്‍ധിക്കും.
എഴുപത്തെട്ടുകാരനായ ഡോണള്‍ഡ് ട്രംപ് – യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് – നാലു വര്‍ഷത്തിനു ശേഷം വാഷിങ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസില്‍ തിരിച്ചെത്തുന്നു. ഒരു തോല്‍വിക്കു ശേഷം രണ്ടാമൂഴത്തിന് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഓവല്‍ ഓഫിസിലേക്കു വരുന്നത് 132 വര്‍ഷത്തിനിടയില്‍ ആദ്യമായാണ്. അമേരിക്കയെ രക്ഷിക്കാനാണ് ദൈവം തന്റെ ജീവന് നിലനിര്‍ത്തിയതെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കഴിഞ്ഞ ജൂലൈയിലും പിന്നീട് സെപ്റ്റംബറിലുമുണ്ടായ രണ്ടു വധശ്രമങ്ങളെ സൂചിപ്പിച്ചുകൊണ്ട് ട്രംപ് ഫ്ളോറിഡ വെസ്റ്റ് പാം ബീച്ചിലെ വിജയപ്രഖ്യാപനത്തില്‍ തന്റെ ചരിത്രനിയോഗത്തിന്റെ മഹിമ വര്‍ണിച്ചു.
രണ്ടാംവട്ടവും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വനിതാ സ്ഥാനാര്‍ഥിയെ പിന്നിലാക്കിയാണ് ട്രംപ് ജയിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ബയോമെഡിക്കല്‍ സയന്റിസ്റ്റായ അമ്മയും ജമൈക്കയില്‍ നിന്നുള്ള കറുത്തവര്‍ഗക്കാരനായ ഇക്കണോമിക്സ് പ്രൊഫസറായ അച്ഛനും വഴി സൗത്ത് ഏഷ്യന്‍ അമേരിക്കന്‍, ബ്ലാക്ക് അമേരിക്കന്‍ വംശപാരമ്പര്യമുള്ള ആദ്യത്തെ അമേരിക്കന്‍ വനിതാ പ്രസിഡന്റാകേണ്ടിയിരുന്ന കമല ഹാരിസ് ഏറെ വൈകിയാണ് മത്സരരംഗത്തേക്കിറങ്ങിയതെങ്കിലും അതിശക്തമായ പോരാട്ടമാണ് നടത്തിയത്. ട്രംപുമായുള്ള ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ദയനീയമായ പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ജോ ബൈഡന് മത്സരരംഗത്തുനിന്നു പിന്മാറാന് നിര്‍ബന്ധിതനായപ്പോഴാണ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്തത്.
2020-ലെ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാതെ വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങും മുന്‍പ് വാഷിങ്ടണ്‍ ഡിസിലെ യുഎസ് കാപ്പിറ്റല്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ കലാപത്തിന് പ്രേരണ നല്‍കിയതിനും അധികാര ദുര്വിനിയോഗത്തിനുമായി രണ്ടു തവണ ഇംപീച്ച്മെന്റ് നടപടിക്കു വിധേയനായ പ്രസിഡന്റാണ് ട്രംപ്. 2016-ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി, തന്നെക്കുറിച്ചുള്ള ചില സ്വകാര്യങ്ങള്‍ പോണ് ഫിലിം താരം സ്റ്റോമി ഡാനിയല്‍സ് വെളിപ്പെടുത്താതിരിക്കാന്‍ 1.30 ലക്ഷം ഡോളര്‍ രഹസ്യമായി നല്‍കിയതിന്റെ ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയതിന് 34 കുറ്റകൃത്യ ചാര്‍ജുകളില്‍ മാന്‍ഹാട്ടന്‍ കോടതി അഞ്ചുമാസം മുന്‍പ് കുറ്റവാളിയെന്നു വിധിച്ച പ്രതിയായിട്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ അദ്ദേഹം ധൈര്യം കാണിച്ചു. മാധ്യമപ്രവര്‍ത്തകയായ ജീന്‍ കാരളിനുനേരെയുള്ള ലൈംഗികാതിക്രമ കേസില്‍ ട്രംപ് 83 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ന്യൂയോര്‍ക്ക് കോടതി വിധിച്ചിരുന്നു. ഓവല്‍ ഓഫിസില്‍ നിന്ന് കെട്ടുകണക്കിന് ക്ലാസിഫൈഡ് രഹസ്യരേഖകള്‍ ഫ്ളോറിഡയിലെ വസതിയിലേക്കു കടത്തിക്കൊണ്ടുപോയതിന് ട്രംപിനെതിരെ ഫെഡറല്‍ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചിരുന്നു.
പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ട്രംപിന്റെയും കമലയുടെയും പേരെടുത്തു പറയാതെ, ഫ്രാന്‍സിസ് പാപ്പാ പേപ്പല്‍ ഫ്ളൈറ്റില്‍ വച്ച് പറഞ്ഞത് നാം മറന്നിട്ടില്ല: കുടിയേറ്റക്കാരെ നാടുകടത്തുന്നയാളായാലും ഗര്‍ഭസ്ഥശിശുക്കളെ കൊല്ലുന്നയാളും രണ്ടുപേരും ജീവന് എതിരാണ്, ഈ തിന്മകളില് തമ്മില്‍ ഭേദം ഏതാണെന്ന് അമേരിക്കയിലെ കത്തോലിക്കാ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കാം!
അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കന്‍ നഗരങ്ങളില്‍ ഉയര്‍ത്തുന്ന ഭീഷണി ട്രംപിന്റെ പ്രധാന രാഷ്ട്രീയ ആഖ്യാനമാണ്. ”അമേരിക്കയുടെ രക്തത്തില്‍ വിഷം കലര്‍ത്തുന്നതാണ് കുടിയേറ്റം.” രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തും. രണ്ടു കോടി കുടിയേറ്റക്കാരെയെങ്കിലും പുറത്താക്കാനാണ് പരിപാടി. കുടിയേറ്റക്കാര്‍ അതിര്‍ത്തി കടന്ന് ഇരച്ചെത്തുന്നതും നഗരവീഥികള്‍ കൊള്ളയടിക്കുന്നതും ട്രംപിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യങ്ങളില്‍ കാണാം. രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മക്കള്‍ക്ക് യുഎസില്‍ ജനിച്ചതുകൊണ്ട് പൗരത്വം ലഭിക്കുന്ന വ്യവസ്ഥ അവസാനിപ്പിക്കും. ഡെമോക്രാറ്റ്സ് ഭരിക്കുന്ന നഗരങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്ത് ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാരെ നാടുകടത്തും. യുഎസ് നഗരങ്ങളില്‍ വീടുകള്‍ ചുരുങ്ങിയ വിലയ്ക്കു ലഭ്യമാകാനും അമേരിക്കക്കാര്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കാനും ഇതു സഹായകമാകുമെന്ന് ട്രംപ് പറയുന്നു. ട്രംപിന്റെ ആദ്യ ടേമില്‍ 3.50 ലക്ഷം പേരെയാണ് നാടുകടത്തിയത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട നേറ്റോ കൂട്ടായ്മയില്‍ കൂടുതല്‍ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടാണ് ട്രംപിന്റേത്. നേറ്റോയ്ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിക്കുന്നത് അമേരിക്കയില്‍ നിന്നാണ്. നേറ്റോ സഖ്യകക്ഷികളുടെ സൈനിക, സാമ്പത്തിക പങ്കാളിത്തം നോക്കി യുഎസ് ഫണ്ടിങ് പരിമിതപ്പെടുത്താനാണ് ട്രംപ് നിശ്ചയിച്ചിട്ടുള്ളത്. യുക്രെയ്ന് യുദ്ധമുന്നണിയില്‍ ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ട്രംപിന് രഹസ്യാത്മക ബന്ധമുണ്ടെന്ന ആക്ഷേപമുണ്ട്. 24 മണിക്കൂര്‍ കൊണ്ട് യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍ തനിക്കാകും എന്ന് 2023 മേയില്‍ ട്രംപ് സിഎന്‍എന്‍ അഭിമുഖത്തില്‍ പറഞ്ഞു. 2025 ജനുവരിയില്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിനു മുന്‍പുതന്നെ ട്രംപ്, റഷ്യയുമായി സമാധാന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ യുക്രെയ്ന്റെമേല് സമ്മര്‍ദം ശക്തമാക്കുമെന്ന് കരുതുന്നവരുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുക്രെയ്നിലെ റഷ്യയുടെ അധിനിവേശഭൂമിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നാണ് നിര്‍ദേശം. ഇപ്പോള്‍ യുക്രെയ്നിലെ 20 ശതമാനം ഭൂമി റഷ്യയുടെ കൈകളിലാണ്. രാജ്യത്തിന്റെ അഞ്ചിലൊന്നു ഭാഗം റഷ്യയ്ക്കു സമ്മാനിച്ചാല്‍, ഇത്രയുംനാള്‍ രാജ്യത്തിനുവേണ്ടി പൊരുതി വീണ സൈനികരുടെ ജീവത്യാഗത്തിന് യുക്രെയ്ന് ജനതയോട് പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്കിക്ക് എന്തു സമാധാനം പറയാനാകും?
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും ട്രംപ് അവകാശപ്പെടുന്നു. ഗാസയിലും ലെബനനിലും ”ചെയ്യേണ്ടതൊക്കെ ചെയ്യണം” എന്ന സന്ദേശമാണ് ട്രംപ് ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവിനു നല്‍കുന്നത്. ഹമാസ്, ഹിസ്ബുല്ല, ഹൂതി തുടങ്ങിയ ഇറാന്റെ ഇസ് ലാമിക ചെറുത്തുനില്പിന്റെ അച്ചുതണ്ട് തകര്‍ക്കാനും വേണ്ടിവന്നാല്‍ ഇറാന്റെ ആണവ നിലയങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കാനും ഇസ്രയേലിന് അനുമതി നല്‍കാനും ട്രംപ് മടിക്കില്ല. നെതന്യാഹു വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കോര്‍പറേറ്റ് നികുതി 21 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കുമെന്നും ഇറക്കുമതിക്ക് സാര്‍വത്രികമായി പത്തു മുതല്‍ 20 ശതമാനം വരെ ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ച് രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നയത്തിന്റെ ഭാഗമായി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ ഇറക്കുമതി തീരുവ ഈടാക്കുമെന്നാണ് ഭീഷണി. ലോകത്തിലെ ഏറ്റവും വലിയ ദേശീയ വിപണിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും അതിന്റെ തുടര്‍ച്ചയായി ഉണ്ടാകുന്ന വാണിജ്യയുദ്ധവും ലോക സമ്പദ് വ്യവസ്ഥയിലെ പ്രത്യാഘാതങ്ങളും വലിയ പ്രതിസന്ധി സൃഷ്ടിക്കും.
കാലാവസ്ഥാവ്യതിയാനം ശുദ്ധ ഭോഷ്ക് ആണെന്ന വാദക്കാരനാണ് ട്രംപ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യം യുഎസ് ആണ്. പാരിസ് കാലാവസ്ഥ ഉച്ചകോടിയില്‍ നിന്ന് ട്രംപിന്റെ ഭരണകാലത്ത് അമേരിക്ക പിന്മാറുകയുണ്ടായി. പരിസ്ഥിതി സംരക്ഷണത്തിന് ജോ ബൈഡന് ഭരണകൂടം പ്രഖ്യാപിച്ച നടപടികള്‍ ട്രംപ് മരവിപ്പിക്കും.
കാറ്റാടിയന്ത്രങ്ങള്‍ കാന്‍സര്‍ പരത്തുമെന്ന് പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ട്രംപുമുണ്ടായിരുന്നു.
പവര്‍ പ്ലാന്റുകളുടെ മേലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. ഫ്രാക്കിങ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ആഭ്യന്തര എണ്ണ, പ്രകൃതിവാതക ഖനനം വികസിപ്പിക്കും. പുനരുപയോഗ ഊര്‍ജം, ഇലക് ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്കുള്ള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കും. ഊര്‍ജ ചെലവ് പകുതികണ്ട് കുറയ്ക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. ഇന്ധനവില ഗാലന് രണ്ടു ഡോളറില്‍ താഴെയെത്തിക്കുമത്രെ. ചുരുക്കത്തില്‍, സീറോ-കാര്‍ബണ്‍ ഇക്കോണമി ലക്ഷ്യങ്ങളെല്ലാം തകിടം മറിയും.
രാജ്യവ്യാപകമായി സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം സംബന്ധിച്ച് അന്‍പതു വര്‍ഷം നിലനിന്ന റോ വേഴ്സസ് വെയ്ഡ് ഉത്തരവ് യുഎസ് സുപ്രീം കോടതി 2022-ല്‍ റദ്ദാക്കിയതിനു പിന്നിലെ യാഥാസ്ഥിതിക ജഡ്ജിമാരുടെ നിയമനത്തിന്റെ ക്രെഡിറ്റ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം കോടതി റദ്ദാക്കിയതിനു പിന്നാലെ ഒരു ഡസനിലേറെ സംസ്ഥാനങ്ങള്‍ പൂര്‍ണമായി ഗര്‍ഭച്ഛിദ്രം നിരോധിച്ചു. ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നും ഉപകരണങ്ങളും മറ്റും തപാലില്‍ അയക്കുന്നത് നിരോധിക്കുമെന്നും ട്രംപ് സൂചിപ്പിക്കുന്നുണ്ട്.
ഭിന്നലൈംഗിക ആഭിമുഖ്യമുള്ള ട്രാന്‍സ്, എല്‍ജിബിടിക്യു വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കെതിരെ ട്രംപ് തിരിയുമെന്നും ആശങ്കയുണ്ട്. ട്രാന്‍സ് വിഭാഗത്തെ അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ ട്രംപ് നടപടി സ്വീകരിച്ചിരുന്നു. ലിംഗമാറ്റം ഏതു പ്രായത്തിലായാലും പ്രോത്സാഹിപ്പിക്കരുതെന്നും ഇതിന് ആശുപത്രികള്‍ക്കുള്ള ഫണ്ടിങ് നിര്‍ത്തലാക്കണമെന്നും നിര്‍ദേശമുണ്ട്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ രക്ഷകര്‍ത്താക്കള്‍ അറിയാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാണ് തിരിച്ചെത്തുന്നതെന്ന് ട്രംപ് ആക്ഷേപിക്കുകയുണ്ടായി. ട്രാന്‍സ് വിഷയത്തില്‍ പരസ്യങ്ങള്‍ക്കായി ട്രംപ് 650 ലക്ഷം ഡോളര്‍ ചെലവാക്കി.
പ്രത്യുത്പാദന ആരോഗ്യം, ഗര്‍ഭച്ഛിദ്ര അവകാശം എന്നിവ പ്രസിഡന്റ് ജോ ബൈഡന്റെയു വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും മുഖ്യ രാഷ് ട്രീയ അജന്‍ഡയായിരുന്നു. ദേശീയതലത്തില്‍ ഗര്‍ഭച്ഛിദ്ര അവകാശം പുനഃസ്ഥാപിക്കുന്നതിനു ഫെഡറല്‍ നിയമം കൊണ്ടുവരുമെന്ന് അവര്‍ പ്രഖ്യാപിച്ചതാണ്. 2018-ല്‍ സെനറ്റ് ജുഡീഷ്യല്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ കമല ഹാരിസ് ജഡ്ജിമാരുടെ നോമിനേഷനില്‍, നൈറ്റ്സ് ഓഫ് കൊളംബസ് എന്ന ക്രൈസ്തവ പ്രസ്ഥാനവുമായി ബന്ധമുള്ളവരെ ഗര്‍ഭച്ഛിദ്രവിരുദ്ധ നയത്തിന്റെ പേരില്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചതായി ട്രംപും കൂട്ടരും ആരോപിക്കുകയുണ്ടായി. ജീവന്റെ പവിത്രതയെ ഉയര്‍ത്തിക്കാട്ടി ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കത്തോലിക്കനായ ഒഹായോ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെ.ഡി വാന്‍സും കമലയുടെ ‘കത്തോലിക്കാ വിരുദ്ധതയെ’ വിമര്‍ശിച്ചു.
ഗര്‍ഭച്ഛിദ്ര അവകാശം സംസ്ഥാന ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ജനഹിത പരിശോധനയില്‍ പത്തു സംസ്ഥാനങ്ങളിലെ ബാലറ്റില്‍ അതിനുള്ള ചോദ്യാവലിയും ചേര്‍ത്തിരുന്നു. മിസോറി, മെരിലന്‍ഡ്, അരിസോണ, കോളറാഡോ, ന്യൂയോര്‍ക്ക്, മൊണ്ടാനാ, നെവാഡ എന്നിവിടങ്ങളില്‍ ഗര്‍ഭച്ഛിദ്ര അവകാശത്തിന് അനുകൂലമായാണ് ഭൂരിപക്ഷ ജനവിധി. ഫ്ളോറിഡ, നെബ്രാസ്കാ, സൗത്ത് ഡകോട്ട എന്നിവിടങ്ങളില്‍ ഭൂരിപക്ഷം വോട്ടര്‍മാരും ഗര്‍ഭച്ഛിദ്ര നിയന്ത്രണങ്ങള്‍ വേണമെന്ന നിലപാടിലാണ്.
ജനവിധി അട്ടിമറിച്ചു എന്ന പേരില്‍ അക്രമത്തിനു പ്രേരിപ്പിച്ചതിന് 2021-ല്‍ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച ഇലോണ്‍ മസ്ക് ഇക്കുറി ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരകനായി രംഗത്തുവന്നിരുന്നു. ഫ്ളോറിഡയിലെ വിജയാഘോഷത്തില്‍ ട്രംപ് ഇലോണ്‍ മസ്ക്കിനെ ‘നവ താരം പിറന്നിരിക്കുന്നു’ എന്നു വാഴ്ത്തുകയുണ്ടായി. യുഎസിനെ പ്രപഞ്ചത്തിലെ ക്രിപ്റ്റോ തലസ്ഥാനമാക്കും എന്നു പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ സെപ്റ്റംബറില്‍ തന്റെ ആണ്‍മക്കളോടൊപ്പം സ്വന്തം ക്രിപ്റ്റോകറന്‍സി പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്ത ട്രംപിനു പിന്തുണയുമായി രംഗത്തിറങ്ങിയ ഇലോണ്‍ മസ്ക്ക് ക്രിപ്റ്റോകറന്‍സിയുടെ വക്താവാണ്. മസ്കിന്റെ ടെല്‍സാ കമ്പനി 2021-ല്‍ 1.5 ബില്യണ്‍ ഡോളര്‍ ബിറ്റ്കോയിനില് നിക്ഷേപിച്ചത് വെറുതെയല്ല.