ജെയിംസ് അഗസ്റ്റിന്
നാഥാ സമര്‍പ്പിക്കുന്നു
എന്നെ സമര്‍പ്പിക്കുന്നു
പൂര്ണമായര്പ്പിക്കുന്നു
കാഴ്ചയായര്‍പ്പിക്കുന്നു
മലയാളത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന ഏതു പള്ളിയിലും ഗായകസംഘമില്ലാതെ സമൂഹം ഉച്ചത്തില്‍ പാടുന്ന ചുരുക്കം ഗാനങ്ങളില്‍ ഒന്നാണിത്. ഫാ. ജോസഫ് മനക്കിലിന്റെ അതിലളിതമായ പദപ്രയോഗങ്ങള്‍ ഈ ഗാനത്തെ നിര്‍മ്മലവും പരിശുദ്ധവുമാക്കി. ദേവാലയസംഗീതം സങ്കീര്ണമാകരുതെന്നു എന്നും അഭിപ്രായപ്പെടുന്ന ജെറി അമല്‍ദേവ് തന്റെ ആശയങ്ങള്‍ക്കനുസരിച്ചുള്ള ലളിതമായ ഈണമാണ് വരികള്‍ക്ക് നല്‍കിയത്. യമുന ഗണേഷാണ് കസ്സറ്റിനു വേണ്ടി ഈ ഗാനം പാടിയത്. പിന്നീട് കെ. ജി. മര്‍ക്കോസ്, കെസ്റ്റര്‍ തുടങ്ങിയവരുടെ ശബ്ദത്തിലും ഈ ഗാനം റെക്കോര്‍ഡ് ചെയ്യപ്പെട്ടു.
വരികളും ഈണവും ആലാപനവും മികവോടെ ചേര്‍ന്നപ്പോള്‍ ഈ ഗാനം അതുല്യമായി മാറുകയായിരുന്നു.
ദിവ്യബലിയ്ക്കായി പാട്ടുകളുടെ ഓര്‍ക്കസ്ട്രേഷനും ആമുഖ സംഗീതവും ലളിതവും ചെറുതുമായിരിക്കണം എന്ന് ജെറി മാസ്റ്റര്‍ ഇപ്പോഴും പറയാറുണ്ട്. ഈ പാട്ടിനു ലളിതമായ ഉപകരണങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ കാഴ്ചവയ്പ്പുഗാനം ദേവാലയങ്ങളില്‍ പാടാന്‍ തുടങ്ങിയിട്ടു 43 വര്‍ഷങ്ങളായി.
കേരളത്തില്‍ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ തുടക്കക്കാരായ മഞ്ഞുമ്മല്‍ കര്‍മ്മലീത്താ വൈദികര്‍ക്ക് വേണ്ടി ഫാ. ജോസഫ് മനക്കില് എഴുതി ജെറി അമല്‍ദേവ് സംഗീതം നല്കിയ നാലു കസെറ്റുകളുടെ സമാഹാരത്തിലെ ഗാനമാണിത്. മഞ്ഞുമ്മല്‍ കര്‍മലീത്താ വൈദികര്‍ നടത്തിയിരുന്ന പോപ്പുലര്‍ മിഷന് ധ്യാനങ്ങളിലൂടെ ഈ പാട്ടുകള്‍ കേരളം മുഴുവന്‍ കൂടുതല്‍ പ്രചാരം നേടി.
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന എന്ന സിനിമയ്ക്കായി ജെറി അമല്‍ദേവ് സംഗീതം നല്കിയ പാട്ടുകളുടെ അതിഗംഭീരവിജയത്തിനു ശേഷമാണ് കരിസ്മാറ്റിക് ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത്. കൊച്ചിയിലെ എഫ്.സി.സി. സഹോദരിമാരുടെ കോണ്‍വെന്റിലെ അതിഥികള്‍ക്കായുള്ള മുറിയില്‍ വച്ചാണു ജെറിമാഷും മനക്കില് അച്ചനും ഈ പാട്ടിന്റെ സംഗീതം ഒരുക്കിയത്. വരികളുടെ ലാളിത്യത്തിനോട് നൂറു ശതമാനവും നീതി പുലര്‍ത്തി അതിലളിതമായാണ് ജെറി മാസ്റ്റര്‍ സംഗീതം ചേര്‍ത്തത്. ഒരുവിധം പാടാന്‍ കഴിയുന്ന ആര്‍ക്കും ആലപിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ പാട്ടിനു സംഗീതം നല്‍കിയത്.
ലളിതവും ബൈബിള്‍ അധിഷ്ഠിതവുമായ ഗാനങ്ങള്‍ ഉണ്ടാകണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്ന മനക്കിലച്ചന്റെ പാട്ടുകളാണ് ഇന്നും നാം കൂടുതലായി ദിവ്യബലിയിലും മറ്റു ശുശ്രൂഷകളിലും പാടുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഫാ. ജോസഫ് മനക്കിലച്ചന്റെ വരികളെക്കുറിച്ചു ജെറി മാസ്റ്റര്‍ക്ക് ഏറെ പറയാനുണ്ട്. ‘ഞാന്‍ സംഗീതം നല്കിയ ക്രിസ്തീയഭക്തിഗാനങ്ങളില് എനിക്ക് ഏറ്റവും മഹത്തായ വരികള്‍ നല്‍കിയത് മനക്കിലച്ചനാണ്. ബൈബിള്‍ അധിഷ്ഠിതവും ഒപ്പം ലളിതവുമായ വരികള്‍ നിമിഷനേരം കൊണ്ട് എഴുതാന്‍ അദ്ദേഹത്തിന് അതിപ്രാഗല്ഭ്യം ഉണ്ടായിരുന്നു. അദ്ദേഹം എഴുതിയ പാട്ടുകള്‍ ഇന്നും നമ്മുടെ ദേവാലയങ്ങളില്‍ ദിവസേന പാടുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വരികളുടെ മാഹാത്മ്യത്തിന്റെ തെളിവ്.
നമ്മുടെ ദേവാലയസംഗീതത്തിനു കൂടുതല്‍ ശ്രദ്ധയും കരുതലും നാം നല്‍കണം. കൃത്യമായ നിരീക്ഷണത്തിനു ശേഷമായിരിക്കണം പുതിയ പാട്ടുകള്‍ ആരാധനാക്രമത്തില്‍ ചേര്‍ക്കുവാന്‍ അനുവാദം നല്‍കേണ്ടത്.’ ജെറി മാസ്റ്റര്‍ പറയുന്നു. ഇന്ന് നാം ചരിത്രമന്വേഷിച്ച ഗാനത്തിന്റെ വരികള്‍ എത്രയോ ശുദ്ധവും പവിത്രവുമാണ്.
നാഥാ നീ മാറ്റണമേ
എന്നെ നീ മാറ്റേണമേ
പൂര്‍ണമായി മാറ്റേണമേ
നിന്റേതായി മാറ്റണമേ
ഇതുപോലെ ലാളിത്യമാര്‍ന്ന വരികള്‍ ഇനിയും നമുക്ക് ലഭിക്കട്ടേയെന്നു പ്രാര്‍ഥിക്കാം.