പി.അരുൾ ആനന്ദൻ
ഇരൈമൻ സാഗർ
സ്വന്തം മണ്ണില്‍ നിന്നു കുടിയിറക്കപ്പെടുന്നവരുടെ ചരിത്രം തുടരുകയാണ്. ഐഎസ്ആര്‍ഒ, കൊച്ചി കപ്പല്‍ശാല, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ എന്നിവയ്ക്കു വേണ്ടി കുടിയിറക്കപ്പെട്ടപ്പോള്‍ അതിന് വികസനത്തിന്റെ മുഖം നല്കി അവരുടെ ദുരിതത്തിന് പൊന്നാടയണിയിച്ചു. തീരദേശറോഡിന് കുടിയിറക്കപ്പെടാന്‍ ഒരുങ്ങി നില്ക്കുന്നു മറ്റൊരു പതിനായിരങ്ങള്‍. കോട്ടപ്പുറം മുനമ്പത്ത് തലമുറകളായി താമസിച്ചു വരുന്ന ഭൂമിയില്‍ നിന്ന് വഖഫ് ബോര്‍ഡിന്റെ കുടിയറക്ക് ഭീഷണി. കന്യാകുമാരിയിലെ വികസന കഥയില്‍ ഒരു വ്യതിയാനമുണ്ട്. ആരേയും കുടിയിറക്കില്ല എന്നാണ് അധികൃതര്‍ പറയുന്നത്. മാരകമായ അസുഖങ്ങള്‍ ബാധിച്ച്, തൊഴിലിടങ്ങള്‍ നഷ്ടപ്പെടുത്തി വേണമെങ്കില്‍ അവിടെ താമസിക്കാമെന്നാണവരുടെ ഭാഷ്യം. ചെകുത്താനും കടലിനുമിടയില്‍ പെട്ടപോലെയായി പാവപ്പെട്ട ആ ജനത.
പ്രകൃതി രമണീതയയ്ക്ക് കേള്‍വി കേട്ട ത്രിവേണി സംഗമഭൂമിയാണ്ക ന്യാകുമാരി. നേരത്തെ കേരളത്തിലായിരുന്ന കന്യാകുമാരി 1956ല്‍ സംസ്ഥാന രൂപീകരണം വന്നപ്പോള്‍ തമിഴ്നാടിനോട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ ഇവിടെയുള്ള ജനങ്ങള്‍ തമിഴും മലയാളവും സംസാരിക്കുന്നു. തിരുവനന്തപുരം അതിരൂപതയുടേയും കോട്ടാര്‍ രൂപതയടേയും ബഹുഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്. ഭൂമിയിലെ അപൂര്‍വ ധാതുക്കള്‍ ഖനനം ചെയ്യുകയും സംസ്കരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിന്റെ (ഐആര്‍ഇഎല്‍) മണവാളക്കുറിശ്ശിയില് പ്രവര്‍ത്തിക്കുന്ന ശാഖ പുതിയ ആണവ ധാതുഖനന പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് കന്യാകുമാരിയിലെ തീരദേശവാസികള്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ദീര്‍ഘവീക്ഷണമില്ലായ്മയും പ്രദേശവാസികളോടുള്ള കരുതലില്ലായ്മയും കാരണം മലകളും ജലാശയങ്ങളും കൃഷിഭൂമികളും മറ്റും നശിക്കും. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വിടാതെ പിടികൂടും.
ഐതിഹാസികമായ കന്യാകുമാരി മനുഷ്യചങ്ങല
ഐആര്‍ഇഎല്ലിന്റെ ആണവ ധാതുഖനന പദ്ധതിക്കെതിരെ കന്യാകുമാരി ജില്ലയിലെ തീരദേശ ഗ്രാമങ്ങളിലെ കുട്ടികളടക്കം ഒരു ലക്ഷത്തോളം പേര് കഴിഞ്ഞ ദിവസം മനുഷ്യച്ചങ്ങല തീര്‍ത്തു. മണവാളക്കുറിശ്ശിയിലെ ഐആര്‍ഇഎല്‍ പ്ലാന്റ് സ്ഥിരമായി അടച്ചുപൂട്ടണമെന്നും കന്യാകുമാരിയിലെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയായിരുന്നു പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധം. കിള്ളിയൂര്‍ താലൂക്കിലെ റവന്യൂ വില്ലേജുകളായ കീഴ്മിഡാലം എ, മിദാലം ബി, എനായംപുത്തന്തുറ, ഏഴുദേശം എ, ബി ആന്‍ഡ് സി, കൊല്ലങ്കോട് എ ആന്‍ഡ് ബി എന്നീ റവന്യൂ വില്ലേജുകളിലാണ് 2,827 ഏക്കര്‍ ഖനന പദ്ധതി വരുന്നത്. പീപ്പിള്‍സ് മൂവ്മെന്റ് എഗെയ്ന്‍സ്റ്റ് ആറ്റോമിക് മിനറല്‍ മൈനിംഗ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ചിന്നവിളയും പെരിയാവിലൈയും ഒഴികെയുള്ള എല്ലാ തീരദേശ ഗ്രാമങ്ങളിലൂടേയും കടന്നുപോയി. ഖനന ശ്രമങ്ങള്‍ അനേകം പാര്‍പ്പിടങ്ങളും കച്ചവട സ്ഥാപനങ്ങളും ശ്മശാനങ്ങളും നഷ്ടപ്പെടുത്തുമെന്ന് സംഘടനയുടെ വക്താവ് കുറുമ്പനായി സി. ബെര്‍ലിന്‍ വ്യക്തമാക്കി. ഒരു പദ്ധതിയും പൊതുസമൂഹത്തെ പ്രതികൂലമായി ബാധിക്കരുതെന്ന് മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത പൂത്തുറ മുസ്ലിം ജമാഅത്ത് മുഖ്യ ഇമാം എ.കെ അയൂബ് ഖാന് പറഞ്ഞു. പദ്ധതിക്കെതിരെ എല്ലാ മതസ്ഥരും പ്രതിഷേധം തുടരുമെന്ന് കലിംഗരാജപുരം സ്വദേശി ബി. രാജ വ്യക്തമാക്കി.
തിരുവനന്തപുരം അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍
തിരുവനന്തപുരം അതിരൂപതയിലെ തൂത്തൂര്‍ ഫൊറോനയിലെ എട്ട് ഇടവകകളിലെയും കോട്ടര്‍ രൂപതയിലെ തീരപ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ റെയര്‍എര്‍ത്ത്സ് ലിമിറ്റഡ് ഖനനം ആരംഭിക്കുവാന്‍ പോകുന്നതില്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. കരിമണല്‍ ഖനനം വന്‍ പരിസ്ഥിതി നാശത്തിനും ജനങ്ങളുടെ ജീവിതത്തിനും ഗുരുതരമായ ഭീഷണികള്‍ സൃഷ്ടിക്കും. 40 വര്‍ഷക്കാലത്തേക്ക് തീരം പൂര്‍ണമായി തീരദേശവാസികള്‍ക്ക് നഷ്ടപ്പെടും. പാരിസ്ഥിതിക ആരോഗ്യ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. ജന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ധാതുമണല്‍ ഖനന പരിപാടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും ഉടന്‍ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
വികാരി ജനറല്‍ മോണ്‍. യൂജിന്‍ പെരേര, ശുശ്രൂഷ സമിതികളുടെ കോഡിനേറ്റര്‍ ഫാ. ലോറന്‍സ് കുലാസ്, ബിസിസി ഡയറക്ടര്‍ ഫാ. ഡാനിയല്‍ രാജാമണി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഇഗ്നേഷ്യസ് തോമസ്, ജോയിന്‍ സെക്രട്ടറി അഡ്വ. കോണ്സ്റ്റന്റൈന്, ഡോ. സീന ഫെലിക്സ് തുടങ്ങിയവര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
മണവാളക്കുറിശ്ശിലെ മണല്‍ പ്ലാന്റ്
1965 മുതല്‍ പ്രവര്‍ത്തിക്കുന്ന മിനറല്‍ സാന്‍ഡ് മില്ലിന് 60 വര്‍ഷത്തെ ചരിത്രമുണ്ട്.1905-ല്‍ സ്കോംബര്ഗ് എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന് കന്യാകുമാരിയിലെ തീരദേശ മണലില്‍ മോണോസൈറ്റിന്റെ സാന്നിധ്യം കണ്ടെത്തി. 1911-ല്‍ തിരുവിതാംകൂര്‍-കൊച്ചി സര്‍ക്കാരിന്റെ സഹകരണത്തോടെ മണവാളക്കുറിശ്ശിയില് ജര്‍മന്‍കാര്‍ മണല്‍ ഫാക്ടറി ആരംഭിച്ചു. ഒന്നാം ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷുകാര്‍ ജര്‍മ്മനിയില്‍ നിന്ന് വ്യവസായം ഏറ്റെടുത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം 1956-ല്‍ തമിഴ്നാട് സര്‍ക്കാര്‍ മണവാളക്കുറിശ്ശി പ്ലാന്റ് ഏറ്റെടുക്കുകയായിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന വിവിധ മണല്‍ പ്ലാന്റുകള്‍ സംയോജിപ്പിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റ് ‘ട്രിവാന്‍ഡ്രം മിനറല്‍ സാന്‍ഡ് കമ്പനികള്‍’എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ചു. തുടര്‍ന്ന് 1965-ലാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് പ്ലാന്റ് (ഐആര്‍ഇഎല്‍) കേന്ദ്ര ഗവണ്മെന്റിന്റെ ആണവോര്‍ജ വകുപ്പിന് കീഴില്‍ ഒരു പൊതുമേഖലാ സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
കന്യാകുമാരി ജില്ലയിലെ 72 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബീച്ചുകളില്‍ അപൂര്‍വ ധാതുക്കള്‍ അടങ്ങിയ അപൂര്‍വ മണലിന്റെ കനത്ത നിക്ഷേപമുണ്ട്. പ്രത്യേകിച്ച്, മിനറല്‍ മോണോസൈറ്റ് ഇവിടെ സമൃദ്ധമാണ്. മണവാളക്കുറിശ്ശിയില് പ്രവര്‍ത്തിക്കുന്ന ഐആര്‍ഇഎല്‍ പ്ലാന്റ് ഇവിടെയുള്ള മണലില്‍ നിന്ന് മോണോസൈറ്റ്, ഇല്‍മനൈറ്റ്, റൂട്ടൈല്‍, സിര്‍ക്കോണ്‍, ഗാര്‍നെറ്റ് തുടങ്ങിയ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുകയാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏക ധാതു നിര്‍മാണ യൂണിറ്റാണ് കൊളച്ചലിനു സമീപം മണവാളക്കുറിശ്ശി ഗ്രാമത്തില്‍ ആണവോര്‍ജ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഎല്‍. നേരത്തെ ഒരു ഡസനോളം സ്വകാര്യ മണല്‍ഖനന സ്ഥാപനങ്ങള്‍ ഈ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പുമൂലം 2019 ഫെബ്രുവരി 20-ന് ആറ്റോമിക് മിനറല്‍ കണ്സഷന് റൂള്‍സ് (എഎംസിആര്) ഭേദഗതിയുടെ അടിസ്ഥാനത്തില്‍ 2019 മാര്‍ച്ച് 1 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ ഖനന പാട്ടങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു. കടല്‍ത്തീര മണലില്‍ മോണസൈറ്റിന്റെ പരിധി 0.00% ത്തില്‍ കൂടുതലുണ്ടെങ്കില്‍ സര്‍ക്കാര്‍ കമ്പനിക്കോ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനോ മാത്രം ഖനന പാട്ടം അനുവദിക്കുന്ന തരത്തിലായിരുന്നു ഭേദഗതി. നേരത്തെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ഐആര്‍ഇഎല്‍ (ഇന്ത്യ) നിലവില്‍ കന്യാകുമാരി ജില്ലയിലെ മണവാളകുറിശ്ശിയിലെ മിദാലത്തും കീഴ് മിടലത്തും 148.27 ഹെക്ടര്‍ ഉള്‍പ്പെടെ 178.06 ഹെക്ടര്‍ പ്രദേശം മണല്‍ ഖനനത്തിനായി പാട്ടത്തിനെടുത്തിരിക്കുകയാണ്. ഇല്‍മനൈറ്റ്, സിര്‍ക്കോണ്‍, റൂട്ടൈല്‍, മോണസൈറ്റ്, സില്ലിമാനൈറ്റ് എന്നിവ വേര്‍തിരിച്ചെടുക്കുന്നതിനായി 2001 മെയ് 25-ന് ഒരു പാട്ടക്കരാര്‍ നടപ്പാക്കിയിരുന്നു. അസംസ്കൃത വസ്തുക്കളുടെ അഭാവം മൂലം അതിന്റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് സ്ഥാപിത ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വിപുലമായ ഖനന പദ്ധതി
മണവാളക്കുറിശ്ശി പ്ലാന്റില്‍ കുറച്ചുപേര്‍ക്ക് തൊഴില്‍ ലഭിച്ചു എന്നതുമാത്രമായിരുന്നു നേട്ടം. എന്നാല്‍ മണല്‍ ഖനനം തീരദേശ ശോഷണത്തിന് കാരണമാവുകയും കന്യാകുമാരി ജില്ലയിലെ വിവിധ തീരദേശ ഗ്രാമങ്ങള്‍ക്ക് അവരുടെ ബീച്ചുകളും ആവാസ വ്യവസ്ഥകളും നഷ്ടപ്പെടുകയും ചെയ്തു. അതിനേക്കാള്‍ പ്രശ്നമായത് തൈറോയിഡും ക്യാന്‍സറും ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ പിടിപെട്ട് നിരവധി പേര് ഈ പ്രദേശങ്ങളില്‍ മരിച്ചുകാണ്ടിരിക്കുന്നതാണ്. ഇതുമൂലം ഈ മണല്‍ ഖനന പ്ലാന്റ് വേണ്ടെന്ന വിവിധ ഘട്ടങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു. പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍ അതെല്ലാം അവഗണിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു. തുടര്‍ച്ചയായ പരിസ്ഥിതി ലംഘനങ്ങള്‍ കാരണം പരിസ്ഥിതി റിസോഴ്സ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് ഡിപ്പാര്‍ട്ട്മെന്റ് (ഡിഇസിസി) രണ്ട് വര്‍ഷത്തോളം (2017-18) പ്ലാന്റ് അടച്ചുപൂട്ടി. പിന്നീട് ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് വീണ്ടും തുറക്കുകയായിരുന്നു.
മതിയായ അസംസ്കൃത വസ്തുക്കള്‍ (40% ല്‍ താഴെ) ഇല്ലാതെ കഴിഞ്ഞ ഒരു ദശകമായി ഇത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ കൂടുതല്‍ അപൂര്‍വ മണല്‍ ലഭിക്കുന്നതിനായി കിള്ളിയൂര്‍ സര്‍ക്കിളിലെ തീരപ്രദേശത്ത് വിപുലീകരണമെന്ന പേരില്‍ ആണവ ഖനന പദ്ധതി കൊണ്ടുവരികയായിരുന്നു. ഇതിനായി കീഴ്മിടാലം എ, മിടാലം ബി, ഇനയം പുത്തന്തുറൈ, യെഴുദേശം എ, ബി ആന്‍ഡ് സി, കൊല്ലങ്കോട് എ ആന്‍ഡ് ബി എന്നീ റവന്യൂ വില്ലേജുകള്‍ക്ക് കീഴിലുള്ള 1144.0610 ഹെക്ടര്‍ ഭൂമി, ഖനനം ചെയ്യാന്‍ ഐആര്‍ഇഎല്‍ സര്‍ക്കാരിന്റെ അനുമതി നേടിയെടുത്തു. ഇതില്‍ 2827 ഏക്കര്‍ ഭൂമി ജനസാന്ദ്രതയേറിയ പ്രദേശമാണ്.
കിള്ളിയൂര്‍ സര്‍ക്കിളില്‍ കുളച്ചലിനടുത്തുള്ള സൈമണ്‍ കോളനി മുതല്‍ കേരള അതിര്‍ത്തിയിലെ നീരോടി വരെയുള്ള 40-ലധികം വില്ലേജുകളും ഈ വില്ലേജുകളോട് ചേര്‍ന്നുള്ള തീരദേശ ഗ്രാമങ്ങളും സമതല ഗ്രാമങ്ങളും ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. ഐആര്‍ഇഎല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ട് പ്രകാരം ഈ പ്രദേശത്ത് 59.88 ദശലക്ഷം ടണ്‍ ധാതുമണല്‍ ഉണ്ടെന്നും ആണവ ഖനന പദ്ധതിയിലൂടെ പ്രതിവര്‍ഷം 5,000 ടണ്‍ എന്ന തോതില്‍ 15 ലക്ഷം ടണ്‍ മണല്‍ ഖനനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 40 വര്‍ഷം ഈ ജോലി തുടരും. ചിന്നവിള, പെരിയവിള തുടങ്ങി നാലോ അഞ്ചോ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലാണ് ഇതുവരെ വലിയ നാശനഷ്ടമുണ്ടായതെങ്കില് 40ലധികം വില്ലേജുകളില്‍ മണലെടുത്താല്‍ എന്ത് സംഭവിക്കുമെന്നതാണ് ജനങ്ങളുടെ വലിയ പരിഭ്രാന്തി.
നിലവില്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍ഇഎല്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു പുതിയ വിപുലീകരണ പദ്ധതി കൊണ്ടുവരുന്നത് തീരദേശജനതയേയും കന്യാകുമാരി ജനതയെയും ആണവോര്ജ്ജത്തിനായി തീരത്ത് നിന്ന് അകറ്റാനുള്ള പദ്ധതിയാണെന്നാണ് ജനങ്ങളുടെ ആരോപണം. ഇവിടെ ഉണ്ടായിരുന്ന സ്വകാര്യ മണല്‍ മില്ലുകളെല്ലാം ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണെങ്കിലും സര്‍ക്കാര്‍ കമ്പനിയായതിനാല്‍ ആരും ചോദിക്കില്ലെന്നോ അടച്ചുപൂട്ടാന്‍ പറ്റില്ലെന്നോ അധികൃതര്‍ വിചാരിച്ചിരിക്കും.
പഠനങ്ങളില്ല, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ല
അടിസ്ഥാനപരമായ പഠനങ്ങള്‍ പോലും നടത്താതെ, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ നിര്‍ബന്ധിത ആലോചനായോഗം നടത്തി ആണവ ഖനന പദ്ധതി തുടങ്ങാന്‍ ഐആര്‍ഇഎല്‍ നെട്ടോട്ടമോടുകയാണ്. ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ ‘പദ്ധതി കാരണം ആളുകളെ മാറ്റിപ്പാര്‍പ്പിക്കില്ല, പ്രദേശത്തെ കെട്ടിടങ്ങളൊന്നും നീക്കം ചെയ്യില്ല, ഭൂഗര്‍ഭജലത്തിന് കേടുപാടുകള്‍ സംഭവിക്കില്ല, ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ആര്‍ക്കും വരില്ല. മറിച്ച്, മലമ്പനിയുടെ അളവും രോഗബാധയും കുറയ്ക്കും, ആര്‍ക്കും ഒരു ദോഷവും സംഭവിക്കില്ല….’ എന്നിങ്ങനെ സത്യവിരുദ്ധമായ വിവരങ്ങള്‍ നല്കി പരസ്യം നല്കി പരിപാടി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്, തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് 31.08.2024-ന് പത്രത്തില്‍ ഒരു അറിയിപ്പ് നല്‍കിയിട്ടുണ്ട്.
2024 ഒക്ടോബര്‍ ഒന്നിന് തക്കല പത്മനാഭപുരം കലക്ട്രേറ്റില്‍ പൊതുജനാഭിപ്രായത്തിനായി യോഗം ചേരുമെന്നായിരുന്നു അറിയിപ്പ്. പദ്ധതി പ്രദേശത്തെ സ്വകാര്യ സ്റ്റേഡിയത്തില്‍ കണ്സള്ട്ടേഷന് യോഗം നടത്തണമെന്നാണ് ചട്ടമെങ്കിലും 15 കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ഓഫീസാണ് ഈ കൂടിയാലോചന തീരുമാനിച്ചത്.
പൊതുജനാഭിപ്രായം തേടല്‍
2015-ല്‍ ആണവോര്‍ജ വകുപ്പ് ഈ പദ്ധതിയെക്കുറിച്ച് തമിഴ്നാട് സര്‍ക്കാരിന് കത്തെഴുതുകയും 2015-ല്‍ തമിഴ്നാട് സര്‍ക്കാര്‍ സ്ഥലം അനുവദിച്ച് അനുമതി നല്‍കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായാണ് 2021ല്‍ വിജ്ഞാപനം ഇറക്കിയത്.
ഇതിന് മുമ്പ് 2013ല്‍ ആദ്യമായി നടന്ന ഹിയറിംഗില്‍ ഐആര്‍ഇഎല്‍ കമ്പനി ഭൂമിയുമായി ബന്ധമില്ലാത്ത നിരവധി പേരെ മുന്‍ നിരയില്‍ ഇരുത്തി പിന്തുണച്ച് സംസാരിപ്പിക്കുകയും ദുരിതബാധിതരുടെ അഭിപ്രായം കേള്‍ക്കാന്‍ വിസമ്മതിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. കൂടിയാലോചനകള്‍ ശരിയായ രീതിയില്‍ നടത്താത്തതിനാല്‍ ഇതേ സാഹചര്യം ഉണ്ടാകരുതെന്ന് ദുരിതബാധിതരായ തീരദേശവാസികള്‍ക്ക് ബോധ്യമായി. അതനുസരിച്ച് കൂട്ടമായി പോയി പങ്കെടുക്കാന്‍ തീരുമാനിച്ചു. ഹിയറിങ് നടത്തിയാല്‍ കളക്ടറുടെ ഓഫീസ് ഉപരോധിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും അറിയിച്ചു.
സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ അഴകു മീന ഐഎഎസ് പുതിയ തീയതി പ്രഖ്യാപിക്കാതെ യോഗം പിരിഞ്ഞതായി അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ നാഗര്‍കോവില്‍ ജില്ലാ കളക്ടറുടെ ഓഫീസിലെ നാഞ്ചില് അസംബ്ലി ഹാളില്‍ ചേരുന്ന മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹാര യോഗത്തില്‍ തീരദേശത്തെ ജനങ്ങള്‍ ഒത്തുകൂടാന്‍ തീരുമാനിച്ചു. ചില പ്രമുഖ ജനപ്രതിനിധികള്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെയും ജില്ലാ കലക്ടറെയും പ്രശ്നപരിഹാരത്തിനായി ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. കൃത്യമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ഈ ആലോചനായോഗം നടത്തിയാല്‍ മതിയെന്നും പ്രോജക്ട് റിപ്പോര്‍ട്ട് പ്രാദേശിക ഭാഷയില്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. പദ്ധതി കൊണ്ടുവരുന്ന പ്രദേശത്ത് ആലോചനായോഗം നടത്തണമെന്നും കളക്ടര്‍ക്ക് നിവേദനം നല്കി.
സമരങ്ങളുടെ കാലം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആണവ ഖനന പദ്ധതിക്ക് നല്കിയ അനുമതി റദ്ദാക്കണമെന്നും കന്യാകുമാരി ജില്ലയില്‍ ദുരന്തം വിതച്ചേക്കാവുന്ന ഐആര്‍ഇഎല്‍ എന്ന സ്ഥാപനം ശാശ്വതമായി അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ വിവിധ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. മനുഷ്യച്ചങ്ങല പ്രതിഷേധം ഇതിന്റെ ഭാഗമായിരുന്നു. ബോധവല്‍ക്കരണ റാലികള്‍, ബോധവല്‍ക്കരണ പൊതുയോഗങ്ങള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ തുടങ്ങിയവ ഓരോ ഗ്രാമത്തെയും പ്രതിനിധീകരിച്ച് പ്രത്യേകം നടത്തി ജനങ്ങള്‍ക്ക് വേണ്ടത്ര ബോധവല്‍ക്കരണം നല്‍കുക, സര്‍ക്കാരിനെയും രാഷ്ട്രീയനേതാക്കളെയും നേരില്‍ കണ്ട് പരാതി പറയുക, മണല്‍ മില്ലുകളുടെ ദൂഷ്യവശങ്ങള്‍ ശാസ്ത്രീയമായും തെളിവു സഹിതവും അവതരിപ്പിച്ച് സത്യസന്ധമായി സമരങ്ങള്‍ അറിയിക്കുക എന്ന ലക്ഷ്യത്തോടെ വിവേചനമില്ലാതെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ഒരു സംഘടന സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂക്ലിയര്‍ മൈനിംഗ് പീപ്പിള്‍സ് മൂവ്മെന്റ് രൂപീകരിച്ചിരിക്കുന്നത്.
എല്ലാവരേയും ബാധിക്കും
പൂര്‍വ മണല്‍ ഖനനത്തിനായി രണ്ട് സോണുകളായി തിരിച്ചാണ് ആണവ ഖനന പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് 544.0688 ഹെക്ടര്‍ ഭൂപ്രദേശം കീഴ്മിടാലം, മിടാലം, ഇയംപുത്തന്തുറൈ -എ. എഴുദേശം, കൊല്ലങ്കോട് റവന്യൂ വില്ലേജുകള്‍ ഉള്‍പ്പെടുന്ന 599.9930 ഹെക്ടര്‍ ഭൂമിയാണ് സോണ്‍-ബി. ഇത് മുഴുവന്‍ കന്യാകുമാരി ജില്ലയാണെങ്കിലും ഏകദേശം 600 ഹെക്ടര്‍ സ്ഥലത്തെ ബാധിക്കും. കൊല്ലങ്കോട് റവന്യൂ വില്ലേജിന്റെ ഭൂരിഭാഗവും തിരുവനന്തപുരം രൂപതയിലെ തൂത്തൂര്‍ ഫെറോനയിലേ ജനങ്ങളാണ്. ഇവരോടൊപ്പം ഹിന്ദു സമുദായക്കാരും മുസ്ലീം സമുദായക്കാരും സിറോ മലബാര്‍, മലങ്കര, സിഎസ്ഐ, തുടങ്ങിയ ക്രിസ്ത്യന്‍ സഭകളും ചിന്നത്തുറയില്‍ യോഗം ചേര്‍ന്നു. ഫാ. സില്‍വസ്റ്റര്‍ കുരിശിന്റെ നേതൃത്വത്തില്‍ വിപുലമായ ബോധവല്‍ക്കരണ റാലി നടന്നു. പതിനായിരത്തിലധികം പേര് ഇതില്‍ പങ്കെടുത്തു. നേരത്തെ ഇരയമാന്തുറയില് നിന്നും നീരോടിയില്‍ നിന്നും ആരംഭിച്ച് എല്ലാ മേഖലകളിലെയും ജനങ്ങള്‍ ഒറ്റക്കെട്ടായി റാലിയായി ചിന്നത്തുറയിലെത്തി. കോസ്റ്റല്‍ പീസ് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ഡണ്സ്റ്റന്, കിള്ളിയൂര്‍ നിയമസഭാംഗം രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനകീയരോഷത്താല് ഉപക്ഷിച്ച തുറമുഖ പദ്ധതി
കന്യാകുമാരി ജില്ലയിലെ കടലോര ജനതയുടെ രോഷത്തിനു മുമ്പില്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ മുട്ടു കുത്തിയതാണ്. കന്യാകുമാരിയില്‍ ഇനയം തുറമുഖ പദ്ധതി പ്രഖ്യാപിച്ച സര്‍ക്കാരിന് ഒടുവില്‍ പിന്തിരിയേണ്ടി വന്നു. കേരളത്തിലെ വിഴിഞ്ഞം തുറമുഖത്തു നിന്ന് 80 കിലോമീറ്റര്‍ അകലെയായിരുന്നു കന്യാകുമാരിയിലെ നിര്‍ദിഷ്ട തുറമുഖ കേന്ദ്രം. പ്രതി വര്‍ഷം 127 ദശലക്ഷം ടണ്‍ ചരക്കു കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള പദ്ധതി, തീര പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിക്കേണ്ടി വന്നു. കോവളത്തിനും കീഴമണക്കുടിക്കും ഇടയില്‍ പദ്ധതി പുതുക്കി നിശ്ചയിച്ചു.19882 കോടിയായിരുന്നു പദ്ധതി ചെലവുകള്‍.പുതിയ തുറമുഖ പദ്ധതിയുടെ സൂത്രധാരന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കന്യാകുമാരിയില്‍ മത്സരിച്ചിരുന്നു. ബിജെപിക്ക് തീരപ്രദേശങ്ങളില്‍ വോട്ട് ചോദിച്ച് കടന്നു ചെല്ലാന്‍ പോലും കഴിയാത്ത സ്ഥിതി ഉണ്ടായപ്പോഴാണ് പുതിയ പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്, സി.പി.എം, ഡി.എം.കെ. എന്നിവര്‍ തുറമുഖ നിര്‍മ്മാണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.
വിഴിഞ്ഞം പദ്ധതിയേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള കൃത്രിമ തുറമുഖ പദ്ധതിയായിരുന്നു കന്യാകുമാരിയില്‍ ഉദ്ദേശിച്ചത്. സാഗര്‍മാല പദ്ധതിയുടെ ഭാഗമായി 5 കി.മീ നീളമുള്ള പുലിമുട്ടാണ് തുറമുഖത്തിന് വേണ്ടിയിരുന്നത്. നിര്‍മ്മാണം സമീപ തീരങ്ങളില്‍ വലിയ കടലേറ്റത്തിന് ഇടയാക്കുമെന്നത് കന്യാകുമാരി ജില്ലയിലെ തീരദേശ ജനതയുടെ എതിര്‍പ്പിന് ഇടവരുത്തി.
വിഴിഞ്ഞം അദാനി തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് ശംഖുമുഖം തീരത്തിനുണ്ടായ നാശം കന്യാകുമാരി ജില്ലയില്‍ ചര്‍ച്ചാ വിഷയമായി. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ കക്ഷി നേതാക്കളും തീരദേശത്തെ പ്രാദേശിക നേതാക്കള്‍പോലും വിഴിഞ്ഞം പദ്ധതിയുടെ ദോഷവശങ്ങള്‍ ചൂണ്ടിക്കാണിക്കാനോ അംഗീകരിക്കാനോ തയ്യാറായിരുന്നില്ല. കേരളത്തിന്റെ 320 കിലോമീറ്റര്‍ കടല്‍ത്തീരം വലിയ തകര്‍ച്ചയെ നേരിടുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുന്നു. വീടുകള്‍ നഷ്ടപെടുന്നു. തൊഴില്‍ ഇടങ്ങള്‍ ഇല്ലാതെയാകുന്നു.
കന്യാകുമാരിയിലെ ജനങ്ങള്‍ നടത്തി വന്ന സമരത്തെ ഭയന്ന് ഇനയം തീരത്തെ പദ്ധതി ഉപേക്ഷിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിബന്ധിതരായി. ഈ സമരമാണ് ജനങ്ങളുടെ ഇപ്പോഴത്തെ പ്രതീക്ഷ.
മനുഷ്യനോ മണലോ വലുത്?
ധാതുമണല്‍ പദ്ധതി ഇവിടത്തെ മണലിനെ നിര്‍ജീവ വസ്തുവാക്കി മാറ്റും. മണല്‍ ഖനനത്തില്‍ നിന്നും മാലിന്യം തള്ളുന്നതില്‍ നിന്നുമുള്ള റേഡിയേഷന് മൂലം ജനങ്ങളില്‍ മാരകരോഗങ്ങള്‍ ബാധിക്കും, ഗര്‍ത്തങ്ങള്‍ രൂപപ്പെടും, ഭൂഗര്‍ഭജലത്തെ വലിയ തോതില്‍ ബാധിക്കും. പ്ലാന്റിലെ ശുദ്ധീകരിക്കാത്ത മലിനജലം കടലിലേക്ക് തുറന്നുവിടുകയും കടല്‍ വെള്ളം മലിനമാക്കുകയും ചെളിയായി മാറുകയും മത്സ്യസമ്പത്ത് കുറയുകയും ചെയ്യും. മണല്മില്ലിലെ മാലിന്യം ഭൂമിയെയും വായുവിനെയും മൊത്തത്തിലുള്ള പരിസ്ഥിതിയെയും ബാധിക്കും.
കൊല്ലം കരുനാഗപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിന് നീക്കം നടത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. മുന്‍പ് കരിമണല്‍ ഖനനത്തിന് അനുമതി നല്കിയ വെള്ളനാതുരുത്ത്, പൊന്മന പ്രദേശങ്ങള്‍ ഇന്ന് നാമാവശേഷമായി. കൊല്ലം ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങളായി കടല്‍ കയറി കരയില്ലാതാകുന്നത് ധാതുമണല്‍ ഖനനത്തെ തുടര്‍ന്നായിരുന്നു.
കന്യാകുമാരി ജില്ല നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് തീരദേശ ശോഷണം. തീരദേശ ഗ്രാമങ്ങള്‍ക്ക് ആയിരക്കണക്കിന് വീടുകള്‍ നഷ്ടപ്പെടുന്നത് തുടരുകയാണ്. തീരദേശ റോഡ് അവിടവിടെയായി മുറിഞ്ഞിരിക്കുകയാണ്. കടല്‍ തിരമാലകള്‍ക്കെതിരെ സംരക്ഷണ കവചങ്ങളായി പ്രവര്‍ത്തിക്കുന്ന മണല്‍ത്തിട്ടകള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതാണ് ഇപ്പോഴത്തെ മണല്‍വാരല്‍ പദ്ധതി. കടല്‍ഭിത്തികളും തടയണകളും പൂര്‍ണമായും പൊളിക്കും. കടല്‍ത്തീരത്തെ മണല്‍ നീക്കി വളരെ ആഴത്തില്‍ ഡ്രെഡ്ജ് ചെയ്യുന്നതുമൂലം കടല്‍ വെള്ളം ഉള്ളിലേക്ക് കയറി കുടിവെള്ള സ്രോതസ്സുകള്‍ നശിപ്പിക്കുന്നു, ഭൂഗര്‍ഭജലത്തിന്റെ ലവണാംശം, കൃഷിയോഗ്യമായ ഭൂമി ഉപ്പുഭൂമിയാക്കല്, കൃഷി എന്നിവയെ സാരമായി ബാധിക്കുന്ന റേഡിയേഷന്റെ ആഘാതം മണല്‍ ഖനന മേഖലയില്‍ മാത്രമല്ല, പദ്ധതി പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടാകുമെന്നും പരിസ്ഥിതി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിങ്കള്ചന്തൈ, കരുങ്കല്‍, പുതുക്കടൈ, നടക്കാവ്, ഉരമ്പ് വരെയുള്ള പ്രദേശങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മാത്രമല്ല, മണല്‍ പ്ലാന്റിന്റെ ഈ വിപുലീകരണം കിള്ളിയൂര്‍ സര്ക്കിളോടെ നിലയ്ക്കുമെന്ന് ഉറപ്പിച്ചു പറയാനാകില്ല. കൂടംകുളം ആണവനിലയത്തിലെ റിയാക്ടറുകള്‍ പോലെ കന്യാകുമാരിയുടെ മറ്റ് ഭാഗങ്ങളിലേക്കും വിപുലീകരണ മേഖല വ്യാപിച്ചേക്കാം. ഈ ആണവ ധാതു ഖനന പദ്ധതി ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കടലിനും പരിസ്ഥിതിക്കും ധാതു പദാര്‍ത്ഥമാണോ? അതോ കന്യാകുമാരിയിലെ ജനങ്ങളുടെ ജീവനാണോ പ്രധാനമെന്ന് സര്‍ക്കാരുകളാണ് തീരുമാനിക്കേത്.