ടിയാങ്കോങ്: രാജ്യത്തെ ഏക വനിതാ ബഹിരാകാശ ഫ്ലൈറ്റ് എഞ്ചിനീയർ ഉൾപ്പെടെ മൂന്ന് ബഹിരാകാശയാത്രികരെ നിലയത്തിലേക്ക് അയച്ച് ചൈന. ബുധനാഴ്ച പുലർച്ചെയാണ് ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ഇവർ പുറപ്പെട്ടത്. 2030-ഓടെ ചന്ദ്രനിൽ ബഹിരാകാശയാത്രികരെ എത്തിക്കുകയെന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇവർ നടത്തും.
വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെൻ്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 4:27ന് മൂന്ന് ബഹിരാകാശ പര്യവേക്ഷകരുമായി ഷെൻഷൗ-19 ദൗത്യം പുറപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി സിൻഹുവയും ദേശീയ ബ്രോഡ്കാസ്റ്റർ സിസിടിവിയും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏക വനിതാ ബഹിരാകാശ എഞ്ചിനീയർ വാങ് ഹാവോസ് (34) ക്രൂ അംഗമാണ്.വിക്ഷേപണം സമ്പൂർണ വിജയമായെന്ന് ചൈന അറിയിച്ചു.