കൊച്ചി : ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് എറണാകുളം ലൂർദ് ആശുപത്രി കൊച്ചി കോർപ്പറേഷൻ, ചേരാനല്ലൂർ, കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറക്കൽ എന്നീ പഞ്ചായത്തുകളുടെ പരിധിയിൽ സ്ട്രോക്ക് രോഗികൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി സൗജന്യ ആംബുലൻസ് സർവീസ് ആരംഭിച്ചു. സൗജന്യ സ്ട്രോക്ക് ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം എറണാകുളം എം.എൽ.എ ടി.ജെ വിനോദ് നിർവഹിച്ചു. എല്ലാ രോഗികൾക്കും അതിനൂതന ചികിത്സ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുന്ന ലൂർദ് ആശുപത്രിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ദിനാചരണത്തിനോടനുബന്ധിച്ച് സമീപവാസികൾക്കും പൊതുജനങ്ങൾക്കും വേണ്ടി നടത്തിയ സ്ട്രോക്ക് അനുബന്ധ ബോധവൽക്കരണ ക്ലാസിൽ ലൂർദ് ആശുപത്രി ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ബോബി വർക്കി, ന്യൂറോ സർജറി വിഭാഗം കൺസൾട്ടന്റ്മാരായ ഡോ. ആകർശ് ജെ, ഡോ. വിനീത് കെ.കെ. എന്നിവർ വിവിധ സ്ട്രോക്കുകളെ കുറിച്ചും തിരിച്ചറിയാനുള്ള മാർഗങ്ങളെക്കുറിച്ചും, വിവിധ ചികിത്സാ മാർഗ്ഗങ്ങളെ കുറിച്ചും ക്ലാസെടുത്തു.
കിഡ്നി രോഗികൾക്കായുള്ള സൗജന്യ ഡയാലിസ് പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ കൗൺസിലർ വി.വി. പ്രവീൺ നിർവ്വഹിച്ചു.
ബോധവത്കരണ ക്ലാസ്സിന്റെ ഭാഗമായി പങ്കെടുത്ത എല്ലാവർക്കും കുറഞ്ഞ ചിലവിൽ സ്ട്രോക്ക് സ്ക്രീനിംഗ് സാധ്യമാകുന്ന സ്ട്രോക്ക് ഹെൽത്ത് ചെക്കപ്പ് കൂപ്പണുകൾ നൽകി.
ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ച യോഗത്തിൽ ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസീസ്, റിലേഷൻസ് & ഓപ്പറേഷൻസ് ഓഫീസർ റ്റിറ്റ്സൺ ദേവവസി എന്നിവർ പ്രസംഗിച്ചു.
സ്ട്രോക്കിനെ കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി ലൂർദ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബും വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചു.