വെള്ളയമ്പലം: കലാസാഹിത്യ സാംസ്കാരിക പ്രവർത്തകർക്കായി ‘സീ ആർട്ട്- കല കടലോളം’ എന്ന വേദി രൂപംകൊണ്ടു. വിവിധ മേഖലകളിൽ കടലും കടൽ ജീവിതങ്ങളും പശ്ചാത്തലമാക്കിയ അൻപതോളം കലാകാരന്മാർ സീ ആർട്ടിന്റെ പ്രഥമ കൂടിവരവിൽ ഒത്തുചേർന്നു.
വെള്ളയമ്പലത്ത് നടന്ന കൂടിവരവ് തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ.തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. പരസ്പരം അറിയാനും ആശയങ്ങൾ പങ്കുവയ്ക്കാനും കലയെ വളർത്തുവാനും ഈ കൂട്ടായ്മ സഹായകരമാകട്ടേയെന്ന് ആർച്ച്ബിഷപ് പറഞ്ഞു. തിരുവനന്തപുരം മീഡീയ കമ്മിഷനും അതിരൂപത പ്രസിദ്ധീകരണമായ ജീവനും വെളിച്ചവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രസ്തുത ചടങ്ങിൽ കടൽ ജീവിതത്തിന്റെ ആഴങ്ങൾ ഒപ്പിയെടുത്ത് കടലിന്റെ ഭാഷയേയും ഭാഷാന്തരത്തേയും യാഥാർത്ഥ്യബോധത്തോടെ പകർത്തിയ കൊണ്ടൽ സിനിമ സംവിധായകൻ അജിത് മാമ്പള്ളിയെ അദരിച്ചു. അതിരൂപത മീഡിയ കമ്മിഷൻ എക്സിക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലയുടെ പ്രസക്തിയെക്കുറിച്ച് വിനു ഏബ്രഹാം പ്രഭാഷണം നടത്തി. കൊണ്ടൽ സിനിമാ നിരൂപണം സുനിൽ സി. ഇ നടത്തി.
തീരത്ത് ജനിച്ച് വളർന്ന് സിനിമ സംവിധായകനാകാൻ താൻ നടത്തിയ യാത്രകളെക്കുറിച്ച് അതിരൂപത സാമൂഹ്യശുശ്രൂഷ മുൻ ആനിമേറ്റർ കൂടിയായ അജിത് മാമ്പള്ളി തന്റെ മറുപടി പ്രസംഗത്തിൽ വിശദീകരിച്ചു. സീ ആർട്ടിന്റെ ഭാവിപ്രവർത്തനങ്ങളെ കുറിച്ച് നടന്ന ചർച്ചകൾക്കുശേഷം തുടർപ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ വിവിധ സമിതികൾക്ക് രൂപം നല്കി. കലയെ സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും സഹായകരമാകുന്ന സീ ആർട്ടിന്റെ തുടർപ്രവർത്തനങ്ങൾ ഓരോ മാസവും സംഘടിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.