നിരാഹാര സത്യഗ്രഹം പതിനാലാം നാൾ
മുനമ്പം : വഖഫ് ബോർഡിൻ്റെ അനീതിക്കെതിരെ ഒറ്റകെട്ടായി പോരാടുവാൻ മുനമ്പം ജനതയോടൊപ്പം ഇരിങ്ങാലക്കുട രൂപത മുഴുവൻ കൂടെയുണ്ടെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ . സ്വന്തം ഭൂമിയുടെ റവന്യൂ അവകാശം പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹത്തിന് പിന്തുണയുമായി സമരപന്തലിലെത്തിയതായിരുന്നു ബിഷപ്പ് .
സമരം പതിമൂന്ന് ദിനം പിന്നിട്ടു . പതിമൂന്നാം ദിനത്തിൽ നിരാഹാരമിരുന്നത് പ്രദേശ വാസികളായ ആന്റണി സേവ്യർ കാട്ടുപറമ്പിൽ , റീന ആന്റണി കാട്ടുപറമ്പിൽ, സെബാസ്റ്റ്യൻ ഔസോ പൈനേടത്ത് എന്നിവരായിരുന്നു.
സമരത്തിന് ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനൊപ്പം വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ, ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ വികാരി ഡോ. ലാസർ കുറ്റിക്കാടൻ ഇരിങ്ങാലക്കുട രൂപതയിലെ വൈദികർ ,പാസ്റ്റർ കൗൺസിൽ അംഗങ്ങൾ, എകെസിസി അംഗങ്ങൾ എന്നിവരും , കോട്ടപ്പുറം രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് പാലക്കാപ്പിള്ളിയുടെ നേതൃത്വത്തിൽ പാലാരിവട്ടം പിഒസിയിൽ നിന്ന് ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ, ഫാ. മൈക്കിൾ പുളിക്കൻ , ഫാ. ജോജു കോക്കാട്ട് , ഫാ. മാർട്ടിൻ തട്ടിൽ, ഫാ. സ്റ്റീഫൻ ചാലക്കര എന്നിവരും ഭാരതീയ മത്സ്യ പ്രവർത്തക സംസ്ഥാന സമിതി അംഗങ്ങളും സമര പന്തലിലെത്തി ഐക്യദാർഢ്യം അറിയിച്ചു .
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫിന്റെ നേതൃത്വത്തിൽ 800 പേരോളം പങ്കെടുത്ത പ്രതിഷേധ റാലി മുനമ്പത്തെ നടന്നു.