വാരണാസി : യുപിയിലെ വിദ്യാഭ്യാസ വിചക്ഷണർക്കുള്ള ദൈനിക് ജാഗരൺ എക്സലൻസ് അവാർഡ് 2024 സെപ്റ്റംബർ 27ന് വാരണാസിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഉത്തർപ്രദേശ് ആയുഷ് – ഭക്ഷ്യ സുരക്ഷാവകുപ്പുകളുടെ മന്ത്രി ഡോ. ദയാശങ്കർ മിശ്രയിൽ നിന്നും ഡോ.ബ്രൂണോ ഡൊമിനിക് നസ്രത്ത് ഏറ്റുവാങ്ങി. മാതൃകാപരമായ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി സൗഹൃദ വികസനങ്ങൾ, നൂതനാശയങ്ങൾ, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നൈപുണ്യ ഉന്നമനത്തിനായുള്ള ശ്രമങ്ങൾ എന്നിവയിൽ ബ്രൂണോ നൽകിയ സംഭാവനകൾ അദ്ദേഹത്തെ അവാർഡിന് അർഹനാക്കി.
ഫീഡ്ബാക്ക് ഫോമുകളിലൂടെയും ഇമെയിലുകളിലൂടെയും വിദ്യാർത്ഥികൾ നൽകിയ ഫീഡ്ബാക്ക്, മാതാപിതാക്കളുടെ പൊതു അഭിപ്രായങ്ങൾ, വ്യക്തിഗത, ടെലിഫോണിക് അഭിമുഖങ്ങൾ, ഡിജിറ്റൽ മീഡിയയിലൂടെ ശേഖരിച്ച വിദ്യാഭ്യാസ പ്രൊഫഷണലുകളുടെ ഫീഡ്ബാക്ക്എന്നിവ ഡോ. ബ്രൂണോയുടെ സംഭാവനകളെ വിലയിരുത്താൻ ഉപയോഗിച്ചു. കിഴക്കൻ യുപിയിലെ 104 സ്കൂൾ പ്രിൻസിപ്പൽമാരിൽ നിന്നാണ് അദ്ദേഹത്തെ അവാർഡിനായി തിരഞ്ഞെടുത്തത്
പാഠ്യപദ്ധതി വിദഗ്ധൻ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിസോഴ്സ് പേഴ്സൺ, അക്കാദമിക് ഓഡിറ്റർ, സ്കൂൾ അഫിലിയേഷനുള്ള ഇൻസ്പെക്ഷൻ കമ്മിറ്റി അംഗം, ദേശീയ അന്തർദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉള്ളടക്ക സ്രഷ്ടാവ് (content creator) എന്നീ നിലകളിൽ ബ്രൂണോ വിദ്യാഭ്യാസ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിവരികയാണ്.
അക്കാദമിക് അഡ്മിനിസ്ട്രേഷൻ, നയ വൈദഗ്ധ്യം, ആസൂത്രണം, നൈപുണ്യ വികസനം, വിപുലീകരണം കൺസൾട്ടിംഗ് എന്നിവയുൾപ്പെടെ വിദ്യാഭ്യാസ രംഗത്തെ വിവിധതലങ്ങളിൽ രണ്ടു ദശാബ്ദത്തിലധികം അനുഭവ സമ്പത്തുള്ള ബ്രൂണോ നിലവിൽ കിഴക്കൻ യു.പി.യിലെ ഉമാനാഥ് സിങ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ പ്രിൻസിപ്പൽ ആണ്.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സമഗ്രസമീപനം, ക്രിയാത്മകമായ ഇടപെടൽ, പ്രവൃത്തി വൈശിഷ്ട്യം, എന്നിവയോടുള്ള ഉയർന്ന പ്രതിബദ്ധതയിലൂടെ കിഴക്കൻ ഉത്തർ പ്രദേശിലെ വിദ്യാർത്ഥികളുടെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കുന്നതിൽ ബ്രൂണോ കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
ഇംഗ്ലീഷ്, വിദ്യാഭ്യാസം, മാനേജ്മെൻ്റ്, സൈക്കോളജി, സാമൂഹ്യപ്രവർത്തനം, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തരബിരുദവും, വിദ്യാഭ്യാസത്തിലും മാനേജ്മെൻ്റിലും പി.എച്ച്.ഡിയും, മാനേജ്മെൻ്റ് സ്റ്റഡീസിൽ യു.കെ.യിൽ നിന്ന് പി.ജി.ഡിപ്ലോമയും ബ്രൂണോ കരസ്ഥമാക്കിയിട്ടുണ്ട്. അതോടൊപ്പം ഇംഗ്ലീഷ് ഭാഷാ അധ്യാപനം, പേഴ്സണൽ മാനേജ്മെൻ്റ്, വിദ്യാഭ്യാസ ഭരണം, പബ്ലിക് റിലേഷൻസ് എന്നിവയിൽ പിജി ഡിപ്ലോമയും അദ്ദേഹം നേടിയിട്ടുണ്ട്.
കൊല്ലം രൂപതയിലെ മുക്കാട് തിരുകുടുംബ ഇടവകാഗം മുല്ലശ്ശേരിയിൽ ശ്രീ ഡൊമിനിക് നസ്രത്തിൻ്റെയും ശ്രീമതി അൽഫോൻസാമ്മയുടെയും മകനും, മുക്കാട് ഹോളി ഫാമിലി എൽപി സ്കൂൾ , ശക്തികുളങ്ങര സെന്റ്.ജോസഫ് ഹൈസ്ക്കൂൾ, കൊല്ലം സെന്റ്. അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, ടി.കെ.എം.ആർട്സ് & സയൻസ് കോളേജ്, ഫാറ്റിമ മാതാ നാഷണൽ കോളേജ്, കർമ്മല റാണി ട്രയിനിംഗ് കോളേജ്, പാളയംകോട്ട് സെന്റ്. സേവ്യേഴ്സ് കോളേജ്. എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയുമാണ് ഡോ.ബ്രൂണോ. കത്തോലിക്ക സഭയുടെ ഉപവി പ്രസ്ഥാനമായ St. വിൻസെന്റ് ഡി. പോൾ സൊസൈറ്റി മുക്കാട് കോൺഫ്രൻസ് പ്രസിഡന്റായിരുന്നു.