പ്രഫ. ഷാജി ജോസഫ്
Me Captain (Italy/121 minutes/2023)
Director: Matteo Garrone
പ്രശസ്ത ഇറ്റാലിയന്‍ സംവിധായകനായ മത്തിയോ ഗാരോണ്‍ സംവിധാനം നിര്‍വഹിച്ച തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമയാണ് 2023- ല്‍ പുറത്തിറങ്ങിയ ‘മി ക്യാപ്റ്റന്‍’. മാസിമോ ഗൗഡിയോസോ, മാസിമോ സെക്കറിനി, ആന്‍ഡ്രിയ ടാഗ്ലിയാഫെറി എന്നിവര്‍ക്കൊപ്പം സംവിധായകന് രചിച്ച തിരക്കഥയുടെ ചലച്ചിത്ര ആവിഷ്ക്കാരം. ആഫ്രിക്കയിലെ സെനഗലില്‍ നിന്നുള്ള രണ്ട് കൗമാരക്കാര്‍ ഇറ്റലിയിലേക്ക് പോകാനായി നടത്തിയ അപകടകരമായ യാത്രയുടെ കഥ. യൂറോപ്പില്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച്, ആരും അനുഭവിക്കാത്ത തരത്തിലുള്ള ക്ലേശങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും അവര്‍ കടന്നു പോകുന്നു.
സെനഗലിലെ ഡാക്കറില്‍ അവരുടെ പരിമിതമായ ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനും, യൂറോപ്പില്‍ ഒരു മികച്ച ഭാവി കണ്ടെത്താനും ആഗ്രഹിക്കുന്ന കൗമാരക്കാരായ സെയ്തുവിന്റേയും (സെയ്തു സാര്‍) കസിന് മൂസയുടെയും (മൂസ്തഫ ഫാള്‍) കണ്ണുകളിലൂടെയാണ് സിനിമ പറയുന്നത്. എങ്ങിനെയെങ്കിലും യൂറോപ്പില്‍ സംഗീത താരപദവി നേടാമെന്ന പ്രതീക്ഷയാണ് അവര്‍ക്ക്. അതിന് വേണ്ടി അത്യന്തം അപകടകരമായ യാത്ര പ്ലാന്‍ ചെയ്യുന്നു. സെനഗലില്‍ നിന്നും മാലി വഴി ലിബിയയില്‍ പ്രവേശിച്ചു സഹാറ മരുഭൂമി മുറിച്ചുകടന്ന് ട്രിപ്പോളിയിലെത്തി മെഡിറ്ററേനിയന്‍ കടല്‍ താണ്ടി വേണം ഇറ്റലിയിലെത്താന്‍. യാത്രാമധ്യേ പട്ടാളവും വിമത സൈന്യവും മനുഷ്യക്കടത്തുകാരുമെല്ലാം തരം പോലെ അവരെ കൊള്ളയടിക്കുന്നുണ്ട്.
യൂറോപ്പില്‍ തങ്ങളെ കാത്തിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചോ ‘കുടിയേറ്റ പ്രതിസന്ധി’ യെക്കുറിച്ചോ അവര്‍ അജ്ഞരാണ്. പകരം, ലക്ഷ്യസ്ഥാനം ഒരു ശക്തമായ പ്രതീകമായി പ്രവര്‍ത്തിക്കുന്നു. ലിബിയയിലെ അനന്തമായ മരുഭൂമിയിലും പ്രവചനം സാധ്യമല്ലാത്ത മെഡിറ്ററേനിയന്‍ കടലിലൂടെയുമുള്ള അവരുടെ യാത്ര തുടര്‍ച്ചയായി തകര്‍ച്ചയും ആശാഭംഗവും നിറഞ്ഞതാണ്. കുടിയേറ്റക്കാര്‍ക്ക് നേരിടേണ്ടിവരുന്ന അത്യന്തം ദാരുണമായ സാഹചര്യങ്ങളും, അവരെ ചൂഷണം ചെയ്യുന്ന മാഫിയകളുടെയും മധ്യസ്ഥരുടെയും ക്രൂരതകളും, ചിത്രത്തില്‍ അസാധാരണമായ കയ്യൊതുക്കത്തോടെ അവതരിപ്പിക്കപ്പെടുന്നു. പലപ്പോഴും തീര്‍ച്ചയില്ലാത്ത, വിസ്തൃതമായ മരുഭൂമിയിലൂടെ, അപകടകരമായ വഴികളിലൂടെ നീങ്ങുന്ന അവര്‍ക്ക് മനുഷ്യക്കടത്തുകാരുടെ ക്രൂരതയും ആക്രമണവും നേരിട്ട് സൈനികരുടെ ചൂഷണത്തിലൂടെയും കടന്നുപോകേണ്ടി വരുന്നു. ഇതിനകം ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ ജീവന് അപഹരിച്ച മെഡിറ്ററേനിയന്‍ കടല്‍ താണ്ടുക എന്ന ദൗത്യത്തിനിടയില്‍ ജീവന് പോലും നഷ്ട്ടപ്പെടാം, എന്നിരുന്നാലും സെയ്ദുവും മൂസയും പിന്തിരിയുന്നില്ല.
മരുഭൂമിയിലെ ദുഷ്കരമായ യാത്രക്കിടയില്‍ മൃതപ്രായമായ ഒരു സ്ത്രീ സഹായത്തിനായി നിലവിളിക്കുന്നുണ്ട്. മൂസയുടെ അഭ്യര്‍ത്ഥനകള്‍ വകവയ്ക്കാതെ സെയ്തു അവളെ പരിപാലിക്കുന്നു എങ്കിലും അവര്‍ മരണത്തിനു കീഴടങ്ങുന്നു. സെയ്ദൂ ഒടുവില്‍ വീണ്ടും നടക്കാന്‍ തുടങ്ങുമ്പോള്‍ ആ സ്ത്രീമുന്നോട്ട് വന്ന് അവനുമായി കൈകോര്‍ക്കുന്നു. അവള് ഇപ്പോള്‍ അവന്റെ തലയ്ക്കു മുകളിലായി വായുവിലൂടെ ഒഴുകുകയാണ്. അവളുടെ പച്ച വസ്ത്രങ്ങള്‍ വിശാലമായ മരുഭൂമിയില്‍ ഒരു മരീചിക സൃഷ്ടിക്കുന്നു. മനോഹരമായ ഒരു ഫാന്റസി സീന്‍ ഇവിടെ സംവിധായകന് ഒരുക്കുന്നു.
മരുഭൂമിയിലെ യാത്രക്കിടയില്‍ നഷ്ടപ്പെട്ടുവെന്നുകരുതിയ മൂസയെ ട്രിപ്പോളിയില്‍ നിന്നും കണ്ടെടുക്കുന്നുണ്ട് സെയ്തു. മെഡിറ്ററേനിയന്‍ കടക്കാന്‍ അവര്‍ക്ക് ആവശ്യത്തിന് പണമില്ല, ഒരു മാര്‍ഗ്ഗം മാത്രമേ മുന്നിലുള്ളൂ സെയ്തു തന്നെ ബോട്ട് ഓടിക്കേണ്ടിവരും. അതിനെ എങ്ങനെ കോമ്പസ് ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യാമെന്ന് സെയ്ത് പഠിച്ചെടുക്കുന്നു. കഠിനമായ യാത്രയ്ക്കിടയിലും, ഇറ്റലിയിലെ തുറമുഖമായ സിസിലിയുടെ തീരത്തേക്ക് എല്ലാ യാത്രക്കാരെയും പൈലറ്റായി സെയ്ദൂ നിയന്ത്രിക്കുന്നു; കരയില്‍നിന്നും അധികം അകലെയല്ലാതെ, ബോട്ട് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് തടയുന്നു. സെയ്ദുവിന്റെയും ബോട്ടിലെ യാത്രക്കാരുടെയും ആഹ്ലാദത്തിനിടയിലും, അവര്‍ അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്നു.
ചിത്രം മനസ്സാക്ഷിയെ ഉണര്‍ത്തുന്ന ഒരു സാമൂഹിക-രാഷ്ട്രീയ പ്രസക്തി ചുമക്കുന്നു. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങളെ ഗൗരവത്തോടെ പ്രതിനിധാനം ചെയ്യുന്നു. അവര്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ തകര്‍ച്ച, പ്രതീക്ഷയും നിരാശയും തമ്മിലുള്ള പോരാട്ടം, എന്നിങ്ങനെയുള്ള വികാരങ്ങളിലൂടെ പ്രേക്ഷകരെ നയിക്കുന്നു.
ഈ ചിത്രത്തിലൂടെ മത്തിയോ ഗാരോണ്‍ തന്റെ സംവിധാന വൈദഗ്ധ്യം പരിപൂര്‍ണമായി വെളിപ്പെടുത്തുന്നു. ചിത്രത്തിലെ ഓരോ രംഗത്തും യാഥാര്‍ഥ്യത്തിന് പ്രധാന്യം നല്കുന്നു. ഉദാഹരണത്തിന്, മരുഭൂമിയുടെ നീണ്ട, നിസ്സഹായമായ വിസ്തൃതികളും, മെഡിറ്ററേനിയന്‍ കടലിന്റെ ജീവനെടുക്കുന്ന പ്രകൃതവും പ്രേക്ഷകനെ നേരില്‍ അനുഭവപ്പെടുത്തുന്നു. ആസ്വാദകരുടെ ഹൃദയത്തെ തൊടുന്നതായിട്ടുള്ള മറ്റൊരു ഘടകം ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനമാണ്. സെയ്ദുവായി അഭിനയിച്ചിരിക്കുന്ന നടന്റെ അഭിനയമികവ് ശ്രദ്ധേയമാണ്. സംവിധായകന് സെനെഗലില്‍ നിന്നും കണ്ടെത്തിയ ചെറുപ്പക്കാരനാണ് അദ്ദേഹം. തന്റെ കഥാപാത്രത്തിന്റെ ഭീതിയും പ്രതീക്ഷകളും വളരെ വിശ്വസനീയമായും ആത്മാര്‍ത്ഥമായും അവതരിപ്പിക്കുന്നു. നാവിക നായകന് (ക്യാപ്റ്റന്‍) എന്ന അയാളുടെ പദവിയുടെ സ്വപ്നം എക്കാലവും മനസ്സില്‍ തങ്ങുന്ന കാഴ്ചകളിലൊന്നാണ്.
കേവലം ഒരു സിനിമ മാത്രമല്ല അതൊരു അഭിപ്രായപ്രകടനവുമാണ്. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പില്‍ എത്താനുള്ള കഠിനമായ യാത്രയെ ഈ സിനിമ ഉയര്‍ത്തിപ്പിടിക്കുന്നു. ഐക്യരാഷ്ട്രസഭയും മറ്റു മനുഷ്യാവകാശ സംഘടനകളും നിരന്തരം ഉന്നയിക്കുന്ന വിഷയമായ, കുടിയേറ്റക്കാര്‍ നേരിടുന്ന ദുരന്തങ്ങള്‍ ഈ ചിത്രത്തില്‍ ആഴത്തില്‍ സ്പഷ്ടമാണ്. കൂടാതെ, മനുഷ്യക്കടത്തുകാരുടെ ക്രൂരതയും അവരെ തുടരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളും വളരെ ഹൃദയഭേദകമായി അവതരിപ്പിക്കുന്നു. യൂറോപ്പിലേക്കുള്ള യാത്ര സ്വപ്നങ്ങള്‍ മാത്രമല്ല, പലപ്പോഴും ദുരന്തങ്ങളിലേക്കുള്ള പാതയാണെന്നും സാര്‍വദേശീയ തലത്തില്‍ ഉണര്‍ത്തല്‍ നല്കുന്നു. നാവിക നായകന്റെ സ്ഥാനത്ത് ജീവിക്കാനുള്ള സ്വപ്നംകാണുന്ന സെയ്ദുവിന്റെ ചിന്തകളും, ഭയവും, പ്രതീക്ഷകളുമാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. സെയ്തുവും മുസ്തഫയുമുള്പ്പെടെ സിനിമയിലെ പല അഭിനേതാക്കളും ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്.
യൂറോപ്പിലേക്കുള്ള ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ യഥാര്‍ത്ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗാരോണിന്റെ തിരക്കഥാ നിര്‍മ്മിതി. സെനഗല്‍, മൊറോക്കോ, ഇറ്റലി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഏറെ നിരൂപക പ്രശംസ നേടിയ സിനിമ എണ്‍പതാമത് വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണിനായി ചിത്രം മത്സരിച്ചു, സംവിധാനത്തിനുള്ള സില്‍വര്‍ ലയണും സെയ്തു സറിന്റെ പ്രകടനത്തിന് മാര്‍സെല്ലോ മാസ്ട്രോയാനി അവാര്‍ഡും നേടി. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷനുകളും, അക്കാദമി അവാര്‍ഡില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രത്തിനുള്ള നോമിനേഷനുകളും ഈ ചിത്രത്തിന് ലഭിച്ചു.
2023 സെപ്റ്റംബര്‍ 14-ന് ചിത്രത്തിന്റെ ഒരു പ്രത്യേക പ്രദര്‍ശനം വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ വസതിയായ ഡോമസ് സാങ്റ്റേ മാര്‍ത്തയില്‍ നടന്നു. സംവിധായകന് ഗാരോണും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അതില്‍ സന്നിഹിതരായിരുന്നു.