പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന കെപിസിസി ഡിജിറ്റല്‍ സെല്‍ അദ്ധ്യക്ഷന്‍ പി സരിന് ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സരിന് കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തയച്ചിരുന്നുവെന്നും സരിന് സൂചിപ്പിച്ചിരുന്നു.
പി സരിനെ തള്ളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ട് പോവുക എന്നതാണ് ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടി.
സരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. പാലക്കാട് യാതൊരു പ്രശ്നവുമില്ല. മികച്ച സ്ഥാനാർത്ഥിയെയാണ് കൂടിയാലോചനയിലൂടെ പ്രഖ്യാപിച്ചത്-സതീശൻ വ്യക്തമാക്കി.