ഗുവാഹത്തി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച ചർച്ചയ്ക്ക് പിന്നാലെ വീണ്ടും സംസ്ഥാനത്ത് സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലെ കൂട്രുകിലാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുക്കി ഗോത്രക്കാർക്കാണ് കൂട്രുകിൽ ആധിപത്യമുള്ളത് .
സംഘർഷത്തിന് പിന്നാലെ സൈന്യം തിരികെ വെടിയുതിർക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് മണിപ്പൂർ പൊലീസ് പറഞ്ഞു. ആളപായമൊന്നും ഉണ്ടായിട്ടില്ല. സംഘർഷത്തിന് പിന്നിൽ കുക്കി തീവ്രവാദികളുടെ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ചൊവ്വാഴ്ചയാണ് കേന്ദ്രം മണിപ്പൂരിലെ കുക്കി, മെയ്തെയ്, നാഗ വിഭാഗങ്ങൾ തമ്മിലുള്ള ചർച്ച ഡൽഹിയിൽ സംഘടിപ്പിച്ചത്. ആദ്യ ചർച്ച നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
അതിനിടെ, കഴിഞ്ഞ മാസം കുട്രൂക്ക് ഗ്രാമത്തിലുണ്ടായ ഡ്രോൺ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച ഏറ്റുമുട്ടലിനെ തുടർന്ന് ഇതുവരെ 220-ലധികം ആളുകൾ കൊല്ലപ്പെടുകയും 65,000-ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തു കഴിഞ്ഞു .