ശ്രീനഗര്‍: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30 മുതലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ . ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ‘ഇന്ത്യാ’ സഖ്യത്തിന്റെ സര്‍ക്കാരാണ് അധികാരമേല്‍ക്കുന്നത്.
90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന് 6 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമുണ്ട്. ഇവരുടെ പിന്തുണയോടുകൂടിയാണ് ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല നാഷണല്‍ കോണ്‍ഫറന്‍സിനായിരിക്കും. ആറു സീറ്റുള്ള കോണ്‍ഗ്രസിനും മന്ത്രിസഭയില്‍ ഇടംനല്കും. സിപിഎമ്മിന്റെ ഏക അംഗം യൂസഫ് തരിഗാമിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.