ഡോ. മേരി ജെയിന് ജോസ്.കെ
ഡോ. അലക്സാണ്ടര്‍ മെന്റസ് സാറിന്റെ രണ്ടാമത്തെ പുസ്തകമാണ് ‘കിന്നരത്തില്‍ മീട്ടിയ അഭൗമ സംഗീതം’. ബൈബിളിലെ പഴയ പുസ്തകത്തിലെ നിന്നുള്ള ദാവീദാണ് ഈ നോവലിലെ നായക കഥാപാത്രം.
ബൈബിള്‍ ഒരു ക്ലാസിക് കൃതിയാണ്. ക്ലാസ്സിക് എന്ന പദത്തിന് പല വിധത്തിലുള്ള നിര്‍വചനങ്ങളുണ്ട്. അവയെല്ലാം കൂട്ടിയെടുത്ത് കാലാതിവര്‍ത്തി എന്ന് വിശേഷിപ്പിക്കാം. കാലത്തിനെ മറികടക്കാന്‍ കഴിയുന്നത്. രണ്ടായിരം വര്‍ഷത്തിന് ശേഷവും ബൈബിള്‍ നമ്മള് വായിക്കുന്നുണ്ടെങ്കില്‍ രാമായണം കര്‍ക്കിടകമാസത്തില്‍ വായിക്കുന്നുണ്ടെങ്കില്‍ അത് കാലത്തിന്റെ മഹാപ്രവാഹത്തില്‍ പെട്ടുപോകാതെ നിലകൊള്ളുന്നു എന്ന് സാരം.
ക്ലാസിക്കുകളുടെ മറ്റൊരു പ്രത്യേകത അവ ആഴങ്ങള്‍ ഏറെയുള്ള അക്ഷയഖനികളാണ് എന്നുള്ളതാണ്. അതില്‍ നിന്നും എത്ര കോരിഎടുത്താലും വീണ്ടും വീണ്ടും ആഴത്തില്‍ അവ നിറഞ്ഞു കൊണ്ടിരിക്കുന്നു.രണ്ടാമൂഴത്തിലെ ‘ഭീമനും’ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന കൃതിയിലെ ‘കര്‍ണ്ണനും’ അത്തരത്തില്‍ നമ്മുടെ സാഹിത്യത്തിന് ലഭിച്ചിട്ടുള്ള മുത്തുകളാണ്.
ബൈബിളില്‍ നിന്നുള്ള ഒരു കണ്ടെത്തലാണ് ദാവീദ്. ദാവീദ് എന്ന കഥാപാത്രത്തെ തന്നെ എഴുത്തുകാരന് എന്തുകൊണ്ട് പഴയ നിയമത്തില്‍ നിന്നും തിരഞ്ഞെടുത്തു എന്നതിന് ഉത്തരങ്ങള്‍ നിരവധിയാണ്. ഒരേസമയം ആട്ടിടയനും കവിയും രാജാവും യുദ്ധവീരനും കാല്പനികമായ കാമുകനുമാണ് ദാവീദ്. ഇതിലേറ്റവും മഹനീയമായ പദവി കവിയുടേതാണ്. ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും -ഏതാണ്ട് 73 എണ്ണം ദാവീദ് രചിച്ചതാണ് എന്ന് അഭിപ്രായമുണ്ട്.
51 അധ്യായങ്ങളിലായി ദാവീദിന്റെ ബാല്യ കൗമാര യൗവ്വന വാര്ധക്യങ്ങള്ഈ നോവല്‍ അവതരിപ്പിക്കുന്നു. ദാവീദിന്റെയും അദ്ദേഹവുമായി ബന്ധപ്പെടുന്നവരുടെയും ആത്മഭാഷണങ്ങള്‍ ആയിട്ടാണ് നോവല്‍ വികാസം പ്രാപിക്കുന്നത്. ദാവീദിനെ അഭിഷേകം ചെയ്യാനായി അദ്ദേഹത്തിന്റെ പിതാവായ ജെസ്സെയുടെ അടുത്തു എത്തിച്ചേരുന്ന സാമുവല്‍ പ്രവാചകന്. അദ്ദേഹത്തിന്റെ കടന്നുവരവിനാല്‍ തുടങ്ങുന്ന ആഖ്യാനഘടനയില്‍ ദാവീദിന്റെ നിഷ്കളങ്കതയും പ്രണയവും ഭക്തിയും അപകര്‍ഷതാബോധവും വീര്യവും പാപവും കുറ്റബോധവും സാഹസികതയും നിറഞ്ഞുനില്ക്കുന്നു. ഓരോ അധ്യായത്തിനുംഒരു ദൈവവചനം മുഖവുരയായി ചേര്‍ത്ത് ദാവീദിന്റെ സംഭവബഹുലമായ ജീവിതം ആവിഷ്കരിക്കുന്നു.
കൃതിയിലൂടെ നീങ്ങുമ്പോള്‍ സര്‍വ്വനീതിയും ഒത്തിണങ്ങിയ ദാവീദിന്റെ കൈയ്യില്‍ നിന്നും ഉണ്ടായ ഏറ്റവും വലിയ പാതകമായി ഊറിയായുടെ ഭാര്യ ബെത്ഷേബായെ പ്രാപിച്ചു എന്നുള്ള കുറ്റം നിലകൊള്ളുന്നു. ഒപ്പം ആ പാപം മൂടിവയ്ക്കാനായി ഊറിയയെ ദാവീദ് ചതിച്ചു കൊല്ലുകയും ചെയ്തു. ദാവീദിന്റെ സ്വാര്‍ത്ഥതയും കുടിലതയും പുറത്തുവരുന്ന സന്ദര്‍ഭം.
ഇവിടെ വായനയുടെ തുടര്‍ച്ചയില്‍ സി.ജെ.തോമസിന്റെ ‘മനുഷ്യന് നീ തന്നെ’ എന്ന നാടകത്തെ ഓര്‍ക്കാതെ വായനക്കാരന് മുന്നോട്ട് പോകാനാവില്ല. ദാവീദിന്റെ ആത്മസംഘര്‍ഷങ്ങളെ ഗാംഭീര്യത്തോടെ അവതരിപ്പിക്കുന്ന സി.ജെ.യുടെ നാടകം തുടങ്ങുന്നത് ‘കണ്ണുള്ളത് തുറക്കാന്‍ മാത്രമല്ല അടക്കാന്‍ കൂടിയാണ്’ എന്ന വാചകത്തോടെയാണ്.സ്വന്തം അപഥസഞ്ചാരങ്ങള്‍ക്ക് നേരെ ഉറക്കം നടിച്ചു ജീവിതത്തിന്റെ സുഖങ്ങളില്‍ മുഴുകാന്‍ ആഗ്രഹിക്കുന്ന ദാവീദിന്റെ സങ്കീര്‍ണ്ണമായ വ്യക്തിത്വം ഭാവഭദ്രതയോടെ സി.ജെ. തിരശ്ശീലയില്‍ ആവിഷ്കരിക്കുന്നു.
ദാവീദ് ചെയ്ത തെറ്റിന് അയാള്‍ക്ക് പിഴയൊടുക്കേണ്ടി വരുന്നു.അതിനായി നാഥാന് പ്രവാചകനെയാണ് കര്‍ത്താവ് നിയോഗിക്കുന്നത്. നോവലിലെ ഏറ്റവും ശക്തമായ ഒരു ഭാഗമായിട്ടാണ്നാഥാന് പ്രവാചകന്റെ രംഗപ്രവേശം. സംഘര്‍ഷഭരിതമായ ദാവീദിന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ട് ചാട്ടുളി പോലെയുള്ള വാക്കുകളില്‍ കുരുക്കുകയാണ് നാഥാന് പ്രവാചകന്.
മഹാനായ രാജാവ്, അഭൗമ ഗായകന് എന്നുള്ള പരിവേഷങ്ങള്‍ എല്ലാം അഴിച്ചു വയ്ക്കുമ്പോള്കാര്യമറിയാതെ വേട്ടയാടപ്പെടുന്ന,രാജ്യങ്ങള്മാറിമാറി അലയേണ്ടിവരുന്ന ഒരു പച്ചമനുഷ്യനെയാണ് നോവലില്‍ വായനക്കാരന് കണ്ടുമുട്ടുന്നത്. അദ്ദേഹത്തിന്റെ കുമ്പസാരങ്ങള്‍ ആണ്ഈ നോവലിന്റെ മനോഹാരിത എന്ന് പറയാം.ദാവീദ്അദ്ദേഹത്തിന്റെ ആത്മാര്‍ഥ സുഹൃത്തായ ജോനാഥന്,ഉറിയായുടെ ഭാര്യയായ ബെത്ഷേബ, ദാവീദിന്റെ മകളായ താമാര്‍ -എല്ലാവരും അവരവരുടെജീവിതത്തെ ഏറ്റു പറയുന്നു. പശ്ചാത്താപം നിര്മ്മലരാക്കുന്ന മനുഷ്യരുടെ ഏറ്റുപറച്ചില്‍ ഈ കൃതിയെയും ശുദ്ധമാക്കുന്നുണ്ട്. ആചാര്യന്മാര് കണ്ടുത്തുന്ന ‘കഥാഴ്സിസ്’ അനുഭവം ഇവിടെ സംഭവിക്കുന്നു.
‘കണ്‍ഫെഷന്‍’ എന്നുള്ള ആശയം തന്നെ എത്രയോ മനോഹരമാണ്. മനുഷ്യവംശത്തിന്റെ ചരിത്രത്തെ തന്നെ സ്വാധീനിച്ചിട്ടുള്ള രണ്ട് കുമ്പസാരങ്ങള്‍ -ഒന്ന് സെന്റ് അഗസ്റ്റിന്റെ കണ്ഫഷനാണ്. മറ്റൊന്ന് റൂസ്സോയുടെ ആത്മകഥയാണ്. മാനുഷികമായ തെറ്റുകള്ചെയ്തു പോയിട്ടും അവയെല്ലാം ഏറ്റ് പറഞ്ഞുകൊണ്ട് വീണ്ടുംദൈവത്തിനു മുന്നില്‍ മുഖമുയര്‍ത്തി നില്ക്കാന് ശ്രമിക്കുന്ന മനുഷ്യന്. ബൈബിളിലെ ഏറെ പ്രസിദ്ധമായ ദാവീദിന്റെ പാട്ടുകള്‍ എല്ലാം വാര്‍ന്നു വീഴുന്നത് അയാളുടെ ഏറ്റുപറച്ചിലായിട്ടാണ്. സ്വന്തം ജീവിതത്തിലേക്കുള്ള പശ്ചാത്താപവിവശനായഒരാളുടെ തിരിഞ്ഞുനോട്ടമാണ് ഈ നോവലിലെദാവീദിനെ ഉദാത്തനാക്കുന്നത്.
യുദ്ധത്തിന്റെ കാഹളങ്ങളും കൊലവിളിയും നിരന്തരം മുഴങ്ങി നില്ക്കുന്ന കഥാഗതിയില്‍ തെറ്റിലേക്ക് എടുത്തെറിയപ്പെടുന്ന നിരവധി മനുഷ്യരെ നാം കണ്ടുമുട്ടുന്നു. അവരുടെയെല്ലാം ഏറ്റുപറച്ചിലിലൂടെ ജീവിതത്തിന്റെ കഠിനവഴികളിലും ഏഴ് എഴുപതു പ്രാവശ്യംക്ഷമിക്കുന്ന ദൈവസ്നേഹത്തെക്കുറിച്ചും നാം മനസിലാക്കുന്നു.കുമ്പസാരക്കൂട് എന്ന മനോഹരമായ ആശയത്തെ പ്രതിഫലിപ്പിക്കുന്ന കാവ്യശില്പം ആയിട്ടാണ്ഈ നോവലിനെഅടയാളപ്പെടുത്താനാകുന്നത്. ക്രിസ്ത്യന്‍ മതത്തിനു മാത്രം സ്വന്തമായ കുമ്പസാരത്തിന്റെ പ്രായോഗിക സൗന്ദര്യം വിരിഞ്ഞുനില്ക്കുന്ന നില്ക്കുന്ന കാവ്യാനുഭവം. അതിന്റെ ശില്പിയോടുള്ള എല്ലാ ബഹുമാനത്തോടും കൂടി നോവലിനെ വായനക്കാര്‍ക്ക് മുന്പില് വെയ്ക്കുന്നു.