വരാപ്പുഴ : ഗാന്ധിയന്‍ വിചാരധാരയിലൂടെ സാഹിത്യ ലോകത്ത് ചിര പ്രതിഷ്ഠ നേടിയ സാഹിത്യ നിപുണന് ടി. എം. ചുമ്മാറിന്റെ 125-ാം ജന്മദിനം 13ന് വരാപ്പുഴയില്‍ ആഘോഷിക്കും.
1889 ഒക്ടോബര്‍ 13ന് വരാപ്പുഴ ചിറയ്ക്കകം തട്ടാരശ്ശേരി കുടുംബത്തിലാണ് ചുമ്മാറിന്റെ ജനനം. വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം നല്ല അദ്ധ്യാപകനായി. കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിലെ കുട്ടികളെ വിദ്യാഭ്യാസകാലത്ത് പഠിപ്പിച്ചിരുന്നു. 1918ല്‍ ആരംഭിച്ച അദ്ധ്യാപക വൃത്തി 1962ല്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍നിന്നും വിരമിക്കുന്നതുവരെ തുടര്‍ന്നു.
അദ്ധ്യാപകനും സാഹിത്യനിരൂപകനുമായിരുന്നു. ടി. എം. ചുമ്മാര്‍ സുവര്‍ണ കൈരളി, ചിന്താപദം, വിചാരലീല എന്നീ കൃതികളില്‍ സാഹിത്യത്തെയും ജീവിതത്തെയും സംബന്ധിക്കുന്ന ചിന്തകളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്. തികഞ്ഞ നിസംഗതയോടെ സാഹിത്യ പ്രശ്നങ്ങളെ അദ്ദേഹം വിശകലനം ചെയ്തിരുന്നു. 40 വര്‍ഷക്കാലം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നിര്‍വ്വാഹണ സമിതി അംഗമായി പ്രവര്‍ത്തിച്ചു.
1936-ല്‍ പദ്യ സാഹിത്യചരിത്രത്തിന്റെ ആദ്യപതിപ്പും, 1955-ല്‍ ഗദ്യസാഹിത്യ ചരിത്രത്തിന്റെ ആദ്യ പതിപ്പും പ്രസിദ്ധീകരിച്ചു. 1955-ല്‍ അയോദ്ധ്യ സംസ്കൃത പരിഷത്തില്‍ നിന്നും സാഹിത്യ അലങ്കാര്‍ ബിരുദം ലഭിച്ചു. 1960 ജനുവരിയില്‍ തൃപ്പൂണിത്തുറ രാജധാനിയില്‍ നടന്ന ശാസ്ത്ര സദസ്സില്‍ വെച്ച് കൊച്ചി മഹാരാജാവ് പരീക്ഷിത് രാമവര്‍മ്മ തമ്പുരാന്റെ സാന്നിദ്ധ്യത്തില്‍ ഗദ്യസാഹിത്യത്തെ മുന്‍നിറുത്തി സാഹിത്യനിപുണന് എന്ന സുവര്‍ണ്ണ മുദ്ര ഇന്ത്യയുടെ ചിഫ് ജസ്റ്റിസ് പതഞ്ജലി ശാസ്ത്രിയില്‍ നിന്നും സ്വീകരിച്ചു.
1986 – കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നല്കി ആദരിച്ചു. 1988 ഫെബ്രുവരി 17ന് , സാഹത്യ സപര്യ പൂര്‍ത്തിയാക്കി യശ്ശശരീരനായി.
ചുമ്മാറിന്റെ പുസ്തകങ്ങള്‍ അദ്ദേഹം മരിച്ച വര്‍ഷം തന്നെ അന്നത്തെ സാംസ്ക്കാരിക മന്ത്രിയായിരുന്ന ടി. കെ. രാമകൃഷ്ണന് വരാപ്പുഴയിലെ ചുമ്മാറിന്റെ വസതിയിലെത്തി സംസ്കാരിക വകുപ്പിന് കൈമാറിയിരുന്നു.
ശതോത്തര രജത ജൂബിലി ആഘോഷങ്ങള്‍ 13ന് വൈകിട്ട് 4ന് വരാപ്പുഴ പഞ്ചായത്ത് വരാപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ചുമ്മാര്‍, സുവര്‍ണ്ണ കൈരളി പുരസ്ക്കാര സമര്‍പ്പണവും ടി. എം. ചുമ്മാര്‍ വെബ്സൈറ്റിന്റെ ഉദ്ഘാടനവും, ചുമ്മാര്‍ ഫൗണ്ടേഷന് നടത്തിയ കലാ സാഹിത്യ വിജയികള്‍ക്കുള്ള സമ്മാന പിതരണവും നടക്കും.
സുവര്‍ണ്ണ കൈരളി പുരസ്ക്കാരം പ്രൊഫസര്‍ എകെ. സാനുവിന് പ്രശസ്ത നിരൂപകനായ പ്രൊഫ. എം. തോമസ് മാത്യു നല്‍കും. എറണാകുളം മഹാരാജാസ് കോളേജിലെ മലയാളം പ്രൊഫ. ഡോ. ജൂലിയ ഡേവിഡ് മുഖ്യപ്രഭാഷണം നടത്തും. സമ്മേളന ഉദ്ഘാടനം പ്രൊഫ. എം. തോമസ് മാത്യു നിര്‍വ്വഹിക്കും. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫൗണ്ടേഷന് പ്രസിഡന്റ് മാത്യു ജോസഫ് അദ്ധ്യക്ഷത വഹിക്കും