ഭാരതസഭയില്‍ നിന്ന് ഒരു വൈദികന് അത്യുന്നത കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത് ആദ്യമായാണ്. സീറോ മലബാര്‍ സഭയുടെ ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള മൂന്നാമത്തെ കര്‍ദിനാളാകും മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്
വത്തിക്കാന്‍ സിറ്റി: കേരളസഭയ്ക്ക് മൂന്നാമതൊരു കര്‍ദിനാള്‍ കൂടി. സീറോ മലബാര്‍ സഭയുടെ ചങ്ങനാശേരി അതിരൂപതാംഗവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ പരിശുദ്ധ പിതാവിന്റെ യാത്രകള്‍ ഏകോപിപ്പിക്കുന്ന വിഭാഗത്തിലെ കാര്യദര്‍ശി അന്പത്തൊന്നുകാരനായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിനെ വൈദികനായിരിക്കെയാണ് ഫ്രാന്‍സിസ് പാപ്പാ കര്ദിനാള്പദത്തിലേക്ക് നേരിട്ട് ഉയര്‍ത്തുന്നത്.
അടുത്ത ഡിസംബര്‍ എട്ടിന്, അമലോദ്ഭവനാഥയുടെ തിരുനാളിന്, വത്തിക്കാനില്‍ നടക്കുന്ന കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍മാരായി വാഴിക്കുന്ന 21 പേരില്‍ വത്തിക്കാന്‍ കൂരിയായില്‍ നിന്നുള്ള രണ്ടുപേരില്‍ ഒരാളാണ് മോണ്‍. കൂവക്കാട്.
വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ താമസിക്കുന്ന സാന്താ മാര്‍ത്താ ഭവനത്തില്‍തന്നെ താമസിക്കുന്ന മോണ്‍. കൂവക്കാട് 2021 മുതല്‍ പാപ്പായുടെ വിദേശയാത്രകളുടെ സംഘാടനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വത്തിക്കാന്‍ നയതന്ത്രജ്ഞനാണ്.
ചങ്ങനാശേരി മാമ്മൂട് ലൂര്‍ദ്മാതാ ഇടവകാംഗമായ മോണ്‍. കൂവക്കാട് ചങ്ങനാശേരി അതിരൂപതയ്ക്കുവേണ്ടി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ പിതാവില്‍ നിന്നാണ് 2004 ജൂലൈയില്‍ പൗരോഹിത്യം സ്വീകരിച്ചത്. വത്തിക്കാന്‍ നയതന്ത്ര സര്‍വീസിനായി റോമിലെ പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി അള്‍ജീരിയയിലെ അപ്പസ്തോലിക നുണ്‍ഷ്യേച്ചറില്‍ 2006ല്‍ സേവനം ആരംഭിച്ച അദ്ദേഹം ദക്ഷിണ കൊറിയയിലും (2009 – 2012), ഇറാനിലും (2012 – 2014) അപ്പസ്തോലിക നുണ്‍ഷ്യേച്ചറുകളില്‍ സെക്രട്ടറിയായും, കോസ്റ്റ റിക്കയിലും (2014 – 2018), വെനസ്വേലയിലും (2018 – 2020) വത്തിക്കാന്‍ നയതന്ത്രകാര്യാലയങ്ങളില്‍ കൗണ്‍സലറായും സേവനം ചെയ്തതിനുശേഷമാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ പാപ്പായുടെ വിദേശയാത്രകളുടെ സംഘാടനച്ചുമതല വഹിക്കുന്ന വകുപ്പിലേക്ക് നിയോഗിക്കപ്പെടുന്നത്.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമാര്‍ എന്ന നിലയില്‍ ചങ്ങനാശേരി അതിരൂപതയില്‍ നിന്ന് മാര്‍ ആന്റണി പടിയറയും മാര്‍ ജോര്‍ജ് ആലഞ്ചേരിയും കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെട്ടവരാണ്. അതിരൂപതയ്ക്ക് വത്തിക്കാന്‍ ഡിപ്ലോമാറ്റിക് സര്‍വീസിലൂടെ മൂന്നാമത്തെ കര്‍ദിനാളിനെ ലഭിക്കുന്നത് ഫ്രാന്‍സിസ് പാപ്പായുടെ അസാധാരണമായ അംഗീകാരത്തിന്റെ അടയാളമായാണ് – ഭാരതസഭയിലെ ഒരു വൈദികനെ അത്യുന്നത കര്ദിനാള്പദത്തിലേക്ക് ഒറ്റയടിക്ക് ഉയര്‍ത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയും സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുമാണ് കേരളസഭയിലെ ഇപ്പോഴത്തെ രണ്ടു കര്‍ദിനാള്‍മാര്‍.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ യാത്രകളുടെ സംഘാടകനും വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടറുമായിരുന്ന ഈശോസഭാ വൈദികന് റോബെര്‍ത്തോ തൂച്ചിയും വിശുദ്ധ പോള്‍ ആറാമന്‍ പാപ്പായുടെ വിശനാട്ടിലേക്കുള്ള സന്ദര്‍ശനത്തിന്റെ സംഘാടകനായിരുന്ന വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിലെ ഫ്രഞ്ചുകാരനായ മോണ്‍. ഷാക് മാര്‍ട്ടിനുമാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ പരിശുദ്ധ പിതാവിന്റെ യാത്രാകാര്യവിഭാഗത്തില് നിന്ന് മോണ്‍. കൂവക്കാടിനു മുന്‍പ് കര്‍ദിനാള്‍ പദത്തിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍.
ഫ്രാന്‍സിസ് പാപ്പാ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ മെത്രാപ്പോലീത്തയായിരുന്ന കാലത്ത് അവിടെ കുടിയേറ്റക്കാര്‍ക്കായുള്ള അതിരൂപതാ കമ്മിഷന് ഡയറക്ടറായിരുന്ന ഇറ്റലിക്കാരനായ സ്കലാബ്രിയന് പ്രേഷിതന് മോണ്‍. ഫാബിയോ ബാജോ, മോണ്‍. കൂവക്കാടിനെ പോലെ വൈദികപദത്തില് നിന്ന് നേരെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് വാഴ്ക്കപ്പെടുകയാണ്. സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയില്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്ഥികള്ക്കുമായുള്ള വിഭാഗത്തിന്റെ അണ്ടര്‍ സെക്രട്ടറിയാണ് മോണ്‍. ബാജോ.
ലോകത്തിന്റെ ‘പ്രാന്തപ്രദേശങ്ങളില്‍ നിന്ന്’ പുതിയ കര്‍ദിനാള്‍മാരെ കണ്ടെത്തുന്ന പതിവ് ഇന്ത്യ, ഇറാന്, ജപ്പാന്, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ, പെറു, എക്വഡോര്‍, ചിലി, അര്‍ജന്റീന, ബ്രസീല്‍, ഐവറി കോസ്റ്റ്, അള്‍ജീരിയ, സെര്‍ബിയ എന്നിവിടങ്ങളില്‍ നിന്നുള്ള പുതിയ കര്‍ദിനാള്‍മാരുടെ തിരഞ്ഞെടുപ്പിലൂടെ ഫ്രാന്‍സിസ് പാപ്പാ തുടരുകയാണ്. സിനഡാത്മക സഭയ്ക്കുവേണ്ടിയുള്ള മെത്രാന്മാരുടെ സിനഡിന്റെ അന്തിമ ജനറല്‍ അസംബ്ലിക്കും 2025ലെ പ്രത്യാശയുടെ ജൂബിലിക്കും മധ്യേയാണ് പുതിയ കര്‍ദിനാള്‍മാരെ വാഴിക്കുന്ന ഡിസംബര്‍ എട്ടിലെ കണ്‍സിസ്റ്ററി പാപ്പാ പ്രഖ്യാപിച്ചിട്ടുള്ളത്.
ഏഷ്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ കോണ്‍ഫറന്‍സുകളുടെ ഫെഡറേഷന് (എഫ്എബിസി) വൈസ് പ്രസിഡന്റ് ഫിലിപ്പീന്‍സിലെ കലോക്കന് രൂപതയുടെ മെത്രാന് പാബ്ലോ വിര്‍ജീലിയോ സിയോങ്കോ ഡേവിഡ്, സെക്രട്ടറി ജനറല്‍ ജപ്പാനിലെ ടോക്കിയോ ആര്‍ച്ച്ബിഷപ് ഡിവൈന്‍ വേഡ് സഭാംഗമായ തര്‍സീസിയോ ഇസാവോ കികച്ചി എന്നിവരും, ഇറാനിലെ ടെഹ്റാന്-ഇസ്പഹാന്‍ ആര്‍ച്ച്ബിഷപ്പായ ബെല്‍ജിയംകാരനായ ഫ്രാന്‍സിസ്കന്‍ കണ്‍വെന്‍ച്വല്‍ സന്ന്യാസസഭാംഗം ഡൊമിനിക് ജോസഫ് മത്യൂ, ഇന്തൊനീഷ്യയിലെ ബോഗൊര് രൂപതാ മെത്രാനും രാജ്യത്തെ മെത്രാന്മാരുടെ സമിതി സെക്രട്ടറി ജനറലുമായ ഫ്രാന്‍സിസ്കന്‍ കപ്പുച്ചിന്‍ സഭാംഗം പസ്കാലിസ് ബ്രൂണോ സ്യുകുര്‍ എന്നിവര്‍ നിയുക്ത കര്‍ദിനാള്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
പതിനെട്ടു രാജ്യങ്ങളില്‍ നിന്നുള്ള നിയുക്ത കര്‍ദിനാള്‍മാരില്‍ എട്ടുപേര്‍ യൂറോപ്പില്‍ നിന്നും അഞ്ചുപേര്‍ വീതം ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും, രണ്ടുപേര്‍ ആഫ്രിക്കയില്‍ നിന്നുമാണ്. വടക്കേ അമേരിക്കയില്‍ നിന്ന് ഒരാള്‍ മാത്രമാണ് – കാനഡയയിലെ ടൊറോണ്ടോയിലെ ആര്‍ച്ച്ബിഷപ് ഫ്രാന്‍സിസ് ലിയോ.
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ യുക്രെയ്നിയന്‍ ഗ്രീക്ക് പൗരസ്ത്യകത്തോലിക്കാ സഭയുടെ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും എപ്പാര്‍ക്കി മെത്രാനായ നാല്പത്തിനാലുകാരനായ റിഡംപ്റ്ററിസ്റ്റ് സഭാംഗം മികോള ബൈചോക്ക് ആണ് നിയുക്ത കര്‍ദിനാള്‍മാരില്‍ ഏറ്റവും പ്രായംകുറഞ്ഞത് – 44 വയസുള്ള മോണ്‍. ബൈചോക്ക് നാലുവര്‍ഷം മുന്‍പാണ് എപ്പാര്‍ക്കിയുടെ മെത്രാനായി വാഴിക്കപ്പെട്ടത്. റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലെ കോദ്യുത്തോര് ആര്‍ച്ച്പ്രീസ്റ്റ് ആയ അന്പത്തിരണ്ടുകാരനായ ലിത്വേനിയന്‍ ആര്‍ച്ച്ബിഷപ് റൊളാന്തസ് മക്രിക്കാസും നിയുക്ത കര്‍ദിനാളാണ്.
സിനഡാത്മക സിനഡിന്റെ ജനറല്‍ അസംബ്ലിയില്‍ ധ്യാനഗുരുവായിരുന്ന ബ്രിട്ടീഷ് ദൈവശാസ്ത്രജ്ഞനും ഡോമിനിക്കന്‍ സഭയുടെ മുന്‍ മാസ്റ്റര്‍ ജനറലുമായ ഫാ. തിമത്തി റാഡ്ക്ലിഫ് നിയുക്ത കര്‍ദിനാള്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. അടുത്ത ഓഗസ്റ്റില്‍ അദ്ദേഹത്തിന് 80 വയസാകും.
കൊവിഡ് കാലത്തെ 2021ല്‍ ഒഴികെ തന്റെ പൊന്തിഫിക്കല്‍ ശുശ്രൂഷയുടെ എല്ലാ വര്‍ഷവും ഫ്രാന്‍സിസ് പാപ്പാ പുതിയ കര്‍ദിനാള്‍മാരെ വാഴിക്കാനായി കണ്‍സിസ്റ്ററി നടത്തിയിട്ടുണ്ട്. ഡിസംബറില്‍ നടക്കാനിരിക്കുന്നത് പത്താമത്തെ കണ്‍സിസ്റ്ററിയാണ്.
എഴുപതു രാജ്യങ്ങളില്‍ നിന്നായി 142 കര്‍ദിനാള്‍മാരെ കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഫ്രാന്‍സിസ് പാപ്പാ വാഴിച്ചിട്ടുണ്ട്. കര്‍ദിനാള്‍ സംഘത്തിലുള്ള 236 പേരില്‍ 122 പേര് 80 വയസില്‍ താഴെയുള്ളവരാണ് – അടുത്ത പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ യോഗ്യരായവര്‍. അടുത്ത കണ്‍സിസ്റ്ററി കഴിയുമ്പോള്‍ കര്‍ദിനാള്‍ ഇലക്റ്റര്‍മാരുടെ എണ്ണം 141 ആകും.
പാപ്പായുടെ ഒന്‍പതംഗ രാജ്യാന്തര ഉപദേശക സംഘത്തില്‍ ഉള്‍പ്പെടുന്ന ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസിന് വരുന്ന ഡിസംബറില്‍ എണ്പതു വയസ് തികയും. വെനസ്വേലയിലെ കര്‍ദിനാള്‍ ബാല്‍ത്തസാര്‍ പൊറാസ് കര്ദോസും ഈമാസത്തോടെ കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള പ്രായപരിധി പിന്നിടും. പ്രായപൂര്‍ത്തിയാകാത്തവരെ സംരക്ഷിക്കാനുള്ള പൊന്തിഫിക്കല്‍ കമ്മിഷന് പ്രസിഡന്റായ ബോസ്റ്റണ്‍ മുന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഷോണ്‍ ഒമാലി ഈ വര്‍ഷം ആദ്യം 80 വയസ് പിന്നിട്ടു.
കര്‍ദിനാള്‍ ഇലക് ടര്‍മാരായി 10 അമേരിക്കന്‍ കര്‍ദിനാള്‍മാരുണ്ട്. ഇറ്റലിക്കാരായ 16 പേര് കഴിഞ്ഞാല്‍ കര്‍ദിനാള്‍ സംഘത്തില്‍ അടുത്ത വലിയ ദേശീയസംഘം അമേരിക്കന്‍ കര്ദിനാള്മാരുടേതാണ്.
പുതുതായി നാമനിര്‍ദേശം ചെയ്യപ്പെട്ട കര്‍ദിനാള്‍മാരില്‍, 2001ല്‍ അപ്പസ്തോലിക നുണ്‍ഷ്യോ പദവിയില്‍ നിന്നു വിരമിച്ച ഇറ്റലിക്കാരനായ ആഞ്ജലോ അചെര്‍ബി ഒഴികെ മറ്റെല്ലാവരും 80 വയസില്‍ താഴെയുള്ളവരാണ്. ന്യൂസിലാന്‍ഡ്, കൊളംബിയ, ഹംഗറി, മൊള്‍ഡോവ, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ച്ബിഷപ് അചെര്ബിക്ക് 99 വയസുണ്ട്. ഏറ്റവും പ്രായമേറിയ നിയുക്ത കര്‍ദിനാളാണ് അചെര്‍ബി.